കോൺഗ്രസ് ഭരണത്തിലും ന്യൂനപക്ഷ പീഡനവും അറസ്റ്റും; 2021ൽ വൈദികൻ അടക്കം നാലുപേർക്കെതിരെ കേസെടുത്തത് ഉന്നയിച്ച് സംഘ് ഹാൻഡിലുകൾ

കോൺഗ്രസിന്റെ വോട്ടുബാങ്കെന്ന് കരുതപ്പെട്ട ഒരു ആദിവാസി വിഭാഗത്തിൽ നിന്നുണ്ടായ പരാതിയെ തുടർന്ന് ആയിരുന്നു 2021ലെ കേസ്. ഛത്തീസ്ഗഡ് ജാഷ്പൂർ ജില്ലയിൽ ജോലി ചെയ്തിരുന്ന വൈദികൻ അരുൺ കുജുർ, പാസ്റ്റർമാരായ ബസന്ത് ലക്ര, സാൽമൺ ടിഗ്ഗ, ഡിനോ കുജുർ എന്നിവരാണ് അന്ന് അറസ്റ്റിലായത്. ആദിവാസി വിഭാഗത്തിൽ പെട്ട നാലുപേരെ ഇവർ മതപരിവർത്തനം ചെയ്തു എന്നായിരുന്നു കേസ്. അന്വേഷണ ഉദ്യോഗസ്ഥൻ ആയിരുന്ന അഗർവാളിനെ ഉദ്ധരിച്ച് 2021 ഡിസംബർ 22 ന് ഹിന്ദുസ്ഥാൻ ടൈംസ് അടക്കം ദേശീയ മാധ്യമങ്ങൾ അന്ന് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.

ഛത്തീസ്ഗഢിലെ മതപരിവർത്തന നിരോധന നിയമപ്രകാരം അന്നത്തെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 295 A (മതത്തെയോ മതവിശ്വാസത്തെയോ അപമാനിച്ചുകൊണ്ട് ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള മനഃപൂർവവും ദ്രോഹപരവുമായ പ്രവൃത്തികൾ), 34 എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു നാലുപേർക്കെതിരെയും കേസെടുത്തിരുന്നത്. ഇതടക്കം 132 ആക്രമണങ്ങൾ കോൺഗ്രസ് ഭരണകാലത്ത് ക്രൈസ്തവർക്കെതിരെ നടന്നിട്ടുണ്ടെന്ന് ഇപ്പോൾ ബിജെപി കേന്ദ്രങ്ങൾ ഉന്നയിക്കുന്നു.
ഇക്കാരണങ്ങൾ ഉന്നയിച്ച് ഇപ്പോഴത്തെ പ്രതിഷേധങ്ങൾ കോൺഗ്രസിൻ്റെ ഇരട്ടത്താപ്പ് ആണെന്ന് ബിജെപി ആരോപിക്കുന്നു. തിരഞ്ഞെടുപ്പുകൾ അടുത്ത് വരുന്ന സാഹചര്യത്തിൽ കേരളത്തിൽ ക്രിസ്ത്യൻ വോട്ടുബാങ്കിനെ കയ്യിലെടുക്കാൻ ബോധപൂർവം യുഡിഎഫ് ഇതിനെ ഉപയോഗിക്കുകയാണ് എന്നും രാജ്യമൊട്ടുക്കും പ്രചാരണം നടത്താനാണ് ശ്രമം. ഛത്തീസ്ഗഢിൽ കോൺഗ്രസ് സർക്കാരാണ് മതപരിവർത്തന നിരോധന നിയമം കൊണ്ടുവന്നതെന്നും ബിജെപി അവകാശപ്പെടുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here