സൈക്കോ ചെന്താമരയുടെ ആദ്യ കൊലക്കേസില്‍ വിധി ഇന്ന്; നെന്മാറ കാത്തിരിക്കുന്നു

പാലക്കാട് നെന്മാറയെ വിറപ്പിച്ച ക്രമിനല്‍ ചെന്താമരയുടെ ആദ്യ കൊലക്കേസില്‍ വിധി ഇന്ന്. സജിത കൊലക്കേസിലാണ് വിധി വരുന്നത്. പാലക്കാട് അഡീഷനല്‍ ജില്ലാ കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഏറെ നാടകീയമായിരുന്നു കേസിലെ വിചാരണ. പ്രധാന സാക്ഷി ചെന്താമരയുടെ ഭീഷണിയെ തുടര്‍ന്ന് നാടുവിട്ടിരുന്നു.
2019 ഓഗസ്റ്റ് 31ന് ആയിരുന്നു കൊലപാതകം. 2020ല്‍ ആണ് ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചത്. 2025 ഓഗസ്റ്റ് 4നു സാക്ഷിവിസ്താരം ആരംഭിച്ചു.
കേസില്‍ 68 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ചെന്താമരയുടെ ഭാര്യ, സഹോദരന്‍, കൊല്ലപ്പെട്ട സജിതയുടെ മകള്‍ ഉള്‍പ്പെടെ 44 പേരെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചു. കേസിന്റെ വിചാരണ സമയത്ത് ചെന്താമര കോടതി വളപ്പില്‍ പോലും സാക്ഷികളെ ഭീഷണിപ്പെടുത്തിയിരുന്നു.
തന്റെ ഭാര്യയും മക്കളും വീട് വിട്ടുപോയതിന് കാരണം സജിതയാണെന്ന് ആരോപിച്ചാണ് അയല്‍വാസിയായ ചെന്താമര കൊലപാതകം നടത്തിയത്. കൊല നടത്തിയ ശേഷം ചെന്താമര നടന്നു പോകുന്നത് കണ്ട് പ്രധാനസാക്ഷി പുഷ്പയാണ് ഭീഷണി കാരണം നാടുവിട്ടത്. പലവട്ടം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെ
പോത്തുണ്ടി സ്വദേശി പുഷ്പ താമസം തമിഴ്‌നാട്ടിലേക്ക് മാറ്റിയിരുന്നു.
ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭര്‍ത്താവ് സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു. 2025 ജനുവരി 27ന് ആയിരുന്നു ഈ ക്രൂര കൊലപാതകങ്ങള്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here