മനുഷ്യക്കടത്തും മതപരിവര്‍ത്തനവും വകുപ്പുകള്‍; കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി; നാളെ സെഷന്‍സ് കോടതിയെ സമീപിക്കും

ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. മതപരിവര്‍ത്തനവും മനുഷ്യക്കടത്തും തുടങ്ങി ഗൗരവമായ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ദുര്‍ഗിലെ വിചാരണാ കോടതി ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയുമായി സെഷന്‍സ് കോടതിയിലെ സമീപിക്കാനാണ് തീരുമാനം.
ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് മലയാളി കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാന്‍സിസ് എന്നിവര്‍ ഞായറാഴ്ച അറസ്റ്റിലായത്. മൂന്ന് പെണ്‍കുട്ടികളുമായി ആഗ്രയിലേക്കുള്ള യാത്രയ്ക്കായാണ് കന്യാസ്ത്രീകള്‍ എത്തിയത്. എന്നാല്‍ റയില്‍വേ ഉദ്യോഗസ്ഥര്‍ വിവരമറിയിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ എത്തി ഇവരെ തടഞ്ഞുവയ്ക്കുക ആയിരുന്നു. നിലവില്‍ ദുര്‍ഗ് ജയിലില്‍ റിമാന്‍ഡിലാണ് ഇരുവരും.
ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ മോശമായാണ് നേരിട്ടതെന്നും ആള്‍ക്കൂട്ട വിചാരണയാണ് നടന്നതെന്നും കന്യാസ്ത്രീകള്‍ കേരളത്തില്‍ നിന്നെത്തിയ എംപിമാരോട് പറഞ്ഞിരുന്നു. വലിയ പ്രതിഷേധം ഉണ്ടാകുന്നുണ്ടെങ്കിലും ഛത്തീസ്ഗഡ് സര്‍ക്കാര്‍ അതൊന്നും കണക്കിലെടുത്തിട്ടില്ല. മനുഷ്യകടത്തിനും മതപരിവര്‍ത്തനത്തിനുമുള്ള ശ്രമമാണ് നടന്നതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ബിജെപി സര്‍ക്കാര്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here