കന്യാസ്ത്രീമാരുടെ ജാമ്യാപേക്ഷയില്‍ ദുരൂഹത ആരോപിച്ച് ജോര്‍ജ് കുര്യന്‍; പൊട്ടിച്ചിരിച്ച് പഴി മുഴുവന്‍ പറഞ്ഞത് മാധ്യമങ്ങളെ; ഒപ്പം കുറച്ച് മുസ്ലിം വിരുദ്ധതയും

ഛത്തിസ്ഗഢില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ വ്യക്തതയില്ലാത്ത പ്രതികരണവുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. മാധ്യമങ്ങളേയും മാധ്യമപ്രവര്‍ത്തകരേയും പഴി പറഞ്ഞും പൊട്ടിച്ചിരിച്ചുമായിരുന്നു കേന്ദ്രമന്ത്രി പ്രതികരിച്ചത്. അറസ്റ്റിനെ സംബന്ധിച്ച ചോദ്യങ്ങളോട് കന്യാസ്ത്രീകള്‍ക്കായി ജാമ്യാപേക്ഷ നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞാണ് ജോര്‍ജ് കുര്യന്‍ പ്രതികരണം തുടങ്ങിയത്. പ്രശ്‌നപരിഹാരത്തിന് ബിജെപി മാത്രമാണ് ആത്മാര്‍ത്ഥമായി ശ്രമിക്കുന്നത്. മറ്റുള്ള രാഷ്ട്രീയപാര്‍ട്ടികളെല്ലാം കന്യാസ്ത്രീകളെ കൂടുതല്‍ കാലം ജയിലില്‍ ഇടാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.
കന്യാസ്ത്രീകള്‍ക്കായി ജാമ്യാപേക്ഷ സമര്‍പ്പിച്ചത് ആരെന്ന് വ്യക്തമാക്കണം. ക്രൈസ്തവ സഭ ചുമതലപ്പെടുത്തിയ ആരുമല്ല ജാമ്യാപേക്ഷ കൊടുത്തത്. നടപടിക്രമം പാലിക്കാതെയുള്ള ജാമ്യാപേക്ഷ ബിജെപിയെ പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. അറസ്റ്റില്‍ അല്ലേ പ്രശ്‌നം ജാമ്യാപേക്ഷയിലാണോ പ്രശ്‌നം എന്ന് ചോദിച്ചതോടെയാണ് മാധ്യമങ്ങളെ പഴി പറയാന്‍ തുടങ്ങിയത്. ഒപ്പം ജനാധിപത്യ വിശ്വാസിയാണെന്ന് പറഞ്ഞ് പൊട്ടിച്ചിരിച്ചു.
കന്യാസ്ത്രീകളോടൊപ്പം എത്തിയ പെണ്‍കുട്ടികള്‍ ക്രിസ്ത്യാനികളല്ലേ എന്ന ചോദ്യത്തിന് അത് കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയം എന്ന് മാത്രം പറഞ്ഞ് ഒഴിഞ്ഞു. ഒരു കാര്യത്തിനും വ്യക്തമായ മറുപടി പറഞ്ഞതുമില്ല. കോണ്‍ഗ്രസ് എംപിമാര്‍ ഡല്‍ഹിയില്‍ സമരം ചെയ്യുമ്പോള്‍ ഛത്തീസ്ഗഢില്‍ നിന്നുള്ള ആരേയും കണ്ടില്ല. കന്യാസ്ത്രീകളെ തടഞ്ഞുവച്ചതില്‍ കോണ്‍ഗ്രസുകാരുണ്ടോ എന്ന് പരിശോധിക്കണമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
കന്യാസ്ത്രീകളുടെ അറസ്റ്റില്‍ കൃത്യമായ മറുപടി നല്‍കിയില്ലെങ്കിലും ക്രിസ്ത്യന്‍ മുസ്ലിം സംഘര്‍ഷത്തിന് വഴിവയ്ക്കുന്ന കാര്യങ്ങള്‍ ഉദാഹരണ സഹിതം പറയാനും ജോര്‍ജ് കുര്യന്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here