മതപരിവര്‍ത്തന നിരോധന നിയമം കോണ്‍ഗ്രസിന്റേത്; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ന്യായീകരണങ്ങള്‍ തേടി ബിജെപി

മനുഷ്യക്കടത്ത്, മതപരിവര്‍ത്തനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തിനെ പറ്റി അന്വേഷിക്കാന്‍ കേരളത്തില്‍ നിന്നും പോയ ബിജെപിയുടെ പ്രതിനിധി സംഘത്തിന്റെ യാത്ര വെറും വഴിപാട്. എല്ലാം പരിശോധിച്ച് നീതി ഉറപ്പാക്കുമെന്ന് പറഞ്ഞ് വിമാനം കയറിയ സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശര്‍മ്മയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ് പറഞ്ഞത്.
ഛത്തീസ്ഗഡിലെ നിയമം അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എല്ലാം പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമാണ് എഫ്‌ഐആര്‍ ബിജെപി സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്തതെന്ന ന്യായീകരണവും അനൂപ് ആന്റണി നിരത്തുന്നു. കേരളത്തില്‍ തെറ്റിധരിപ്പിക്കുന്ന വാര്‍ത്തകളാണ് വരുന്നത്. ഛത്തീസ്ഗഡില്‍ ശക്തമായ മതപരിവര്‍ത്തന നിയമം നിലവിലുണ്ട്. ഇത് കോണ്‍ഗ്രസ് ഭരണകാലത്ത് കൊണ്ടു വന്നതാണ്. മതപരിവര്‍ത്തനം ഇവിടെ വലിയ സെന്‍സിറ്റീവായ വിഷയമാണ്. അത് കേരളത്തിലുള്ളവര്‍ മനസിലാക്കണമെന്നും അനൂപ് ആന്റണി ആഭ്യർത്ഥിച്ചു.
കന്യാസ്ത്രീകള്‍ക്ക് ഒപ്പം വന്ന പെണ്‍കുട്ടികള്‍ മാവോയിസ്റ്റ് മേഖലയില്‍ നിന്ന് വരുന്നവരാണ്. കേന്ദ്രസര്‍ക്കാരിന് പോലും കടക്കാന്‍ ആകാത്ത സ്ഥലമാണ്. അതുകൊണ്ട് തന്നെ വന്ന പെണ്‍കുട്ടികളൊന്നും ക്രസ്ത്യാനികളാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൂടി എല്ലാവരും മനസിലാക്കണം. നിയമപരമായി കന്യാസ്ത്രീകള്‍ക്ക് ലഭിക്കേണ്ട എല്ലാം അവര്‍ക്ക് ലഭിക്കുമെന്ന് ഉറപ്പ് സംസ്ഥാന സർക്കാർ നല്‍കിയിട്ടുണ്ടെന്നും അനൂപ് ആന്റണി വ്യക്തമാക്കി.
ഫലത്തില്‍ മലയാളി കന്യാസ്ത്രീകളുടെ ക്ഷേമം അന്വേഷിക്കാനുള്ള ബിജപി സംഘത്തിന്റെ യാത്ര അറസ്റ്റിനെ ന്യായീകരിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്താനുള്ളതായി മാറിയിരിക്കുകയാണ്. കേസ് എടുത്തത് എല്ലാം നിയമം അനുസരിച്ച് തന്നെയാണ് എന്ന് ഉറപ്പിച്ച് പറയുകയാണ് ബിജെപി സംഘം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here