നിലം തൊടാതെ സംസ്ഥാന ബിജെപി നേതൃത്വം; ബജ്രംഗ്ദളിനെ തള്ളിപ്പറയാന്‍ രാജീവ് ചന്ദ്രശേഖറിന് പേടി; ആര്‍എസ്എസും കണ്ണുരുട്ടുന്നു

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രികള്‍ക്ക് നീതി ലഭിക്കും വരെ ഒപ്പം ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കുമ്പോഴും സംഘപരിവാര്‍ സംഘടനകളുടെ നിലപാട് അതിന് എതിരാണ്. മതപരിവര്‍ത്തന ആരോപണം തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണെന്നും കന്യാസ്ത്രീകളുടെ ഭാഗത്ത് നിന്നും അങ്ങനെ ഒന്നും ഉണ്ടായിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ ആവര്‍ത്തിച്ച് പറയുന്നു. എന്നാല്‍ ബിജെപി ദേശീയ നേതൃത്വത്തിനോ ഛത്തീസ്ഗഡ് സര്‍ക്കാരിനോ, കേന്ദ്ര സര്‍ക്കാരിനോ അത്തരമൊരു നിലപാടില്ല.

ALSO READ : ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം വെറും തട്ടിപ്പ്; 1977ല്‍ മതസ്വാതന്ത്ര്യ ബില്ല് കൊണ്ടുവന്നത് ജനസംഘം; ചരിത്രം അറിയണം

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം തന്നെ ക്രൈസ്തവര്‍ക്കെതിരെ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം കേസെടുക്കുന്നത് പതിവാണ്. എന്നാല്‍ കേരളത്തിലെ ബിജെപി നേതൃത്വം ക്രൈസ്തവ സഭകളുമായി അടുക്കാന്‍ പതിനെട്ട് അടവും പയറ്റുന്നതിനിടയിലാണ് കന്യാസ്ത്രീകളുടെ അറസ്റ്റ് ഉണ്ടായത്. കന്യാസ്ത്രീകളെ രക്ഷിക്കാന്‍ എല്ലാ സഹായവും ഒരുക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ അപ്പോള്‍ തന്നെ പ്രഖ്യാപിച്ചു. പിന്നാലെ സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയെ ഛത്തീസ്ഗഡിലേക്ക് അയച്ചു. എന്നാല്‍ ഈ നടപടികളോട് എതിര്‍പ്പും ഉയരുകയാണ്.

സംസ്ഥാന നേതൃത്വത്തിന്റെ ഈ നീക്കങ്ങളോട് ദേശീയ നേതൃത്വമോ ഛത്തീസ്ഗഡ് സര്‍ക്കാരോ ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കാത്തത് സംസ്ഥാന ബിജെപിയെ ത്രിശങ്കുവിലാക്കുകയാണ്. ക്രിസ്ത്യാനികള്‍ ഹിന്ദുക്കളെ മതം മാറ്റുന്നവെന്ന സംഘപരിവാറിന്റെ നിലപാടിന് വിരുദ്ധമാണ് രാജീവ് ചന്ദ്രശേഖറുടെ നിലപാട്. ഇതിലാണ് സംഘപരിവാര്‍ സംഘടനകളില്‍ അസ്വസ്ഥത വളരുന്നത്.

ALSO READ : സംഘപരിവാറിനെതിരെ മുഖ്യമന്ത്രി വാതുറക്കില്ല; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പിണറായി വിജയന്റെ പ്രതികരണം പ്രസ്താവനയില്‍ മാത്രം

കന്യാസ്ത്രീകളുടെ അറസ്റ്റോടെ സഭകളുമായുണ്ടായിരുന്ന ഊഷ്മള ബന്ധം തകര്‍ന്നുവെന്ന് ബിജെപി നേതാക്കള്‍ സമ്മതിക്കുന്നുണ്ട്. സര്‍വോപരി വിശ്വാസ തകര്‍ച്ച നേരിടുന്നുവെന്ന് സഭാ നേതാക്കളും തുറന്ന് പറയുന്നു. കേക്കും കെട്ടിപ്പിടുത്തവും ഇവിടെ നടത്തുന്നവരുടെ പാര്‍ട്ടി തന്നെ കൈവിലങ്ങും കൊടുക്കുന്നുവെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന് മറുപടി പറയാനാവാതെ വട്ടം കറങ്ങുകയാണ് സംസ്ഥാന ബിജെപി.

ഛത്തീസ്ഗഢില്‍ ഗോത്രങ്ങളുടെ നിയമവിരുദ്ധ മതപരിവര്‍ത്തന കേസ് പുറത്തുവന്നതിനുശേഷം, കോണ്‍ഗ്രസ് ക്രിസ്ത്യന്‍ കൂട്ടുകെട്ട് മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ട രണ്ട് കന്യാസ്ത്രീകളെയും അവരുടെ മറ്റൊരു കൂട്ടാളിയെയും സംരക്ഷിക്കുകയും നിയമത്തിന്റെ പിടിയില്‍ നിന്ന് അവരെ മോചിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം അപലപനീയവും ആശങ്കാജനകവുമാണെന്ന് സംഘപരിവാര്‍ സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ കേന്ദ്ര ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിന്‍ അഭിപ്രായപ്പെട്ടു. ഈ അഭിപ്രായം രാജീവ് ചന്ദ്രശേഖറിനും ബാധകമാണെന്നാണ് എതിരാളികള്‍ പറയുന്നത്.

ALSO READ : കന്യാസ്ത്രീകളുടെ കേസ് എന്‍ഐഎ കോടതിയിലേക്ക്; കേന്ദ്ര ഏജന്‍സികള്‍ എത്തും; ഛത്തീസ്ഗഢില്‍ നടക്കുന്നതെല്ലാം സംഘപരിവാര്‍ തിരക്കഥ

അറസ്റ്റിനെതിരെ സഭകളുടെ നേതൃത്വത്തില്‍ തെരുവിലിറങ്ങി പരസ്യ പ്രതിഷേധം തുടങ്ങിയതോടെ രാജീവ് ചന്ദ്രശേഖര്‍ ഏതാണ്ട് എയറിലായ അവസ്ഥയാണ്. കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ രണ്ട് കേന്ദ്ര മന്ത്രിമാരും മിണ്ടാട്ടം മുട്ടി നടക്കയാണ്. മുഖം രക്ഷിക്കാന്‍ നെട്ടോട്ടത്തിലാണ് രാജീവ് ചന്ദ്രശേഖറും കൂട്ടരും. ഇത് കണ്ട് സന്തോഷിക്കുന്ന ഒരു വിഭാഗം ബിജെപിക്കുള്ളില്‍ തന്നെ ഉണ്ട് എന്നതും യാഥാര്‍ത്ഥ്യമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top