കന്യാസ്ത്രീകളുടെ അറസ്റ്റ് അറിഞ്ഞതായി പോലും ഭാവിക്കാതെ സുരേഷ് ഗോപി; ലോക്‌സഭാ സമ്മേളനം പറഞ്ഞ് തൃശൂരില്‍ കാലുകുത്തുന്നില്ല

ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായിട്ട് എട്ട് ദിവസം പിന്നിട്ടു. മനുഷ്യക്കടത്ത് മതപരിവര്‍ത്തനം തുടങ്ങി ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയുള്ള അറസ്റ്റില്‍ രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അടക്കം ഈ വിഷയത്തില്‍ എതിര്‍പ്പുമായി രംഗത്ത് എത്തി. ഒപ്പം കന്യാസ്ത്രീകളുടെ മോചനത്തിനായി സജീവ ശ്രമവും നടത്തി. എന്നാല്‍ ഈ വിഷയത്തില്‍ ഇതുവരെ ഒരക്ഷരം പ്രതികരിക്കാത്ത ഒരാള്‍ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിയാണ്.

കേരളത്തില്‍ നിന്നുള്ള മറ്റൊരു കേന്ദ്രമന്ത്രിയായ ജോര്‍ജ് കുര്യന്‍ അടക്കം ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്ത് പള്ളികളില്‍ സന്ദര്‍ശനം നടത്തുകയും മാതാവിന് സ്വര്‍ണ്ണ കിരീടം സമര്‍പ്പിക്കുകയും മുട്ടില്‍ നിന്ന് പ്രാര്‍ത്ഥിക്കുകയും തുടങ്ങി ആവോളം നാടകങ്ങള്‍ നടത്തിയ ആളാണ് സുരേഷ് ഗോപി. ഇതെല്ലാം കണ്ട് വിശ്വസിച്ച് തൃശൂരിലെ ക്രിസ്ത്യാനികളിലെ ഒരു വിഭാഗം സുരേഷ് ഗോപിക്ക് വോട്ടു ചെയ്യുകയും ചെയ്തു.

എന്നാല്‍ വിജയിച്ചതോടെ സുരേഷ് ഗോപി തനി ബിജെപിക്കാരന്‍ ആയി എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. കന്യാസ്ത്രീകളുടെ അറസ്റ്റിലോ വ്യാപകമായി ക്രൈസ്തവ വേട്ടയിലോ ഒരക്ഷരം പ്രതികരിക്കാന്‍ സുരേഷ് ഗോപി ഇതുവരേയും തയാറായിട്ടില്ല. ചതിയന്‍ എന്ന വിശേഷണമാണ് ഇപ്പോള്‍ ക്രൈസ്തവ ഗ്രൂപ്പുകളില്‍ സുരേഷ് ഗോപിയെ വിശേഷിപ്പിക്കുന്നത്.

ലോക്‌സഭാ സമ്മേളനം പറഞ്ഞ് ഡല്‍ഹിയില്‍ തന്നെ തമ്പടിച്ച് കിടക്കുകയാണ് സുരേഷ് ഗോപി ഇപ്പോള്‍. തൃശൂരില്‍ പ്രത്യക്ഷപ്പെട്ടാല്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം പറയേണ്ടിവരും. അത് ഒഴിവാക്കാന്‍ എന്തുകൊണ്ടും നല്ലത് രാജ്യതലസ്ഥാനത്ത് തന്നെ തുടരുന്നതാണ്. തങ്ങളുടെ ആവശ്യങ്ങള്‍ പറയാന്‍ എംപി എത്തുന്നതും കാത്തിരിക്കുകയാണ് തൃശൂരിലെ ജനങ്ങള്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top