സംഘപരിവാറിനെതിരെ മുഖ്യമന്ത്രി വാതുറക്കില്ല; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പിണറായി വിജയന്റെ പ്രതികരണം പ്രസ്താവനയില്‍ മാത്രം

ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ കേരളത്തില്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. കോണ്‍ഗ്രസും, സിപിഎമ്മും എന്തിന് കേരളത്തിലെ ബിജെപി നേതൃത്വം പോലും കന്യാസ്ത്രീകള്‍ക്ക് അനുകൂലമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കുന്നുണ്ട്. കെപിസിസിയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തി.
എന്നാല്‍ ഇപ്പോഴും ഈ വിഷയത്തില്‍ ഒരു പരസ്യ പ്രതികരണം നടത്താതെ മിണ്ടാതിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇറക്കുന്ന പ്രസ്താവനകളിലൂടെ മാത്രമാണ് എതിര്‍പ്പ് അറിയിക്കുന്നത്. ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായ വിഷയത്തില്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രി സംസാരിക്കാത്തത് എന്ന വിമര്‍ശനം ഉയരുന്നു. സംഘപരിവാറിന് എതിരായി സംസാരിക്കാനുള്ള മടികൊണ്ടാണോ ഈ പ്രസ്തവനയില്‍ ഒതുക്കല്‍ എന്ന ചോദ്യമാണ് ഉയരുന്നത്.

ഈ വിഷയം ഉന്നയിച്ച് പാര്‍ലമെന്റിന് അകത്തും പുറത്തും കോണ്‍ഗ്രസ് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. എംപിമാരുടെ പ്രത്യേക സംഘം ഛത്തീസ്ഗഡില്‍ എത്തി കന്യാസ്ത്രീകളെ നേരില്‍ കാണുകയും ചെയ്തു. പിന്നാലെ വൃന്ദകാരാട്ടിന്റെ നേതൃത്വത്തില്‍ ഇടത് സംഘവും എത്തി കന്യാസ്ത്രീകളെ കണ്ടു. എന്നാല്‍ രാജ്യത്തെ സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രിയും പിബി അംഗവുമായ പിണറായി വിജയന്‍ മാത്രം ഒരു വാക്കുപോലും വാതുറന്ന് പറയില്ലെന്ന വാശിയിലാണ്.
ന്യൂനപക്ഷ വേട്ടകളെ കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന ആളാണ് മുഖ്യമന്ത്രി. അത് പൗരത്വ ഭേദഗതി വിഷയത്തിലടക്കം മുസ്ലിം വിരുദ്ധ നീക്കങ്ങളില്‍ കണ്ടതാണ്. എന്നാല്‍ ആ ആവേശം ക്രൈസ്തവരുടെ കാര്യത്തില്‍ ഇല്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here