അഖില കേരള തൃണമൂലും, കേരള കാമരാജ് കോണ്‍ഗ്രസും എവിടെ? ആറു വര്‍ഷമായി അനക്കമില്ലാത്ത പാര്‍ട്ടികളെ തേടി തിരഞ്ഞെടുപ്പു കമ്മീഷന്‍

രണ്ട് രാഷ്ട്രീയ പാര്‍ട്ടികളെ 2019 മുതല്‍ കണ്ടവരുണ്ടോ, സ്ഥലത്തുണ്ടെങ്കില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യുക.
സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഖില കേരള തൃണമൂല്‍ പാര്‍ട്ടി (Akhila Kerala Trinamool Party) കേരള കാമരാജ് കോണ്‍ഗ്രസ് ( Kerala Kamaraj Congress) എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. കഴിഞ്ഞ ആറ് വര്‍ഷമായി നിയമസഭ – ലോക്‌സഭ തിരഞ്ഞെടുപ്പുകളിലോ ഉപതിരഞ്ഞെടുപ്പുകളിലോ മത്സരിക്കാത്തതിന് കാരണം ബോധിപ്പിക്കണമെന്ന് സ്റ്റേറ്റ് ചീഫ് ഇലക്ട്രറല്‍ ഓഫീസര്‍ നോട്ടീസ് നല്‍കി. ഈ മാസം 26നും 27 നും ഇതുസംബന്ധിച്ച് സത്യവാങ്മൂലം നല്‍കണമെന്നാണ് ഇരു പാര്‍ട്ടികളോടും ആവശ്യപ്പെട്ടിരിക്കുന്നത്.
ജനപ്രാധിനിത്യ നിയമപ്രകാരം ഇലക്ഷന്‍ കമ്മീഷന്റെ അംഗീകാരമുള്ളതാണ് ഈ രണ്ട് പാര്‍ട്ടികളും. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ പങ്കെടുക്കാത്ത സാഹചര്യത്തില്‍ രജിസ്‌ട്രേഡ് പാര്‍ട്ടികളുടെ പട്ടികയില്‍ നിന്ന് പാര്‍ട്ടികളേയും നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ദിനപത്രത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് പരസ്യമായി നല്‍കിയിട്ടുണ്ട്. ഈ രണ്ടു പാര്‍ട്ടികളുടേയും അസ്ഥാന ഓഫീസുകള്‍ തിരുവനന്തപുരം ജില്ലയിലാണ്. ഇതിന്റെ വിലാസം സഹിതമാണ് പരസ്യം നല്‍കിയിരിക്കുന്നത്.
രജിസ്ട്രേഷന്‍ നിബന്ധനകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന്, അംഗീകാരമില്ലാത്ത 334 രാഷ്ട്രീയ പാര്‍ട്ടികളെ (അണ്‍ റെക്കഗ്‌നൈസ്ഡ് പാര്‍ട്ടി) പട്ടികയില്‍ നിന്ന് ഒഴിവാക്കി ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഈ മാസം എട്ടിന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 2019 മുതല്‍ തുടര്‍ച്ചയായി ആറു വര്‍ഷം ഒരു തെരഞ്ഞെടുപ്പില്‍ പോലും ഈ പാര്‍ട്ടികള്‍ മല്‍സരിച്ചിട്ടില്ലെന്നും ഈ പാര്‍ട്ടികളുടെ ആസ്ഥാനത്തിന് മേല്‍വിലാസവുമില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ നിന്ന് ഏഴ് പാര്‍ട്ടികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ( മാര്‍ക്സിസ്റ്റ്), റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് കേരള ( ബോള്‍ഷെവിക്) സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി, സെക്യുലര്‍ റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, നേതാജി ആദര്‍ശ് പാര്‍ട്ടി, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സെക്യുലര്‍, ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നി പാര്‍ട്ടികളുടെ രജിസ്‌ട്രേഷനാണ് റദ്ദാക്കിയത്. രജിസ്ട്രേഷന്‍ റദ്ദാക്കിയതോടെ ഈ പാര്‍ട്ടികളെ ഇനി രാഷ്ട്രീയ പാര്‍ട്ടികളായി അംഗീകരിക്കില്ല. പാര്‍ട്ടികള്‍ക്ക് ലഭിച്ചിരുന്ന ആദായനികുതി ഇളവ് അടക്കമുള്ള ആനൂകൂല്യങ്ങള്‍ ലഭിക്കുകയും ഇല്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here