എതിരാളിയെ കുടുക്കാൻ മയക്കുമരുന്ന് ക്വട്ടേഷൻ; കുട്ടിയുടെ പക്കൽ എൽഎസ്ഡി കൊടുത്തയച്ച ഗുണ്ടാനേതാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കയ്യിൽ മയക്കുമരുന്ന് നൽകി എതിരാളിയെ കുടുക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. മൂന്നാം പ്രതിയായ ഗുണ്ടാ നേതാവ് ‘താറാവ് ശ്യാം’ എന്ന ശ്യാംലാൽ ആണ് ഒരുവർഷത്തിന് ശേഷം അറസ്റ്റിലായത്. കായംകുളം ഡിവൈഎസ്‌പി ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. 2024 ഡിസംബർ 30ന് എൽഎസ്ഡി സ്റ്റാമ്പുകളുമായി പ്രായപൂർത്തിയാകാത്ത കുട്ടി പിടിയിലായ കേസിലാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ വെളിവായത്.
ഐഫോൺ സമ്മാനമായി നൽകാമെന്ന് പറഞ്ഞ് ശ്യാംലാൽ കുട്ടിയുടെ കയ്യിൽ 230 മില്ലിഗ്രാം എൽഎസ്ഡി സ്റ്റാമ്പ് കൊടുത്തയച്ചു. തിരുവനന്തപുരം സ്വദേശിയായ സംഗീതിനെ കുടുക്കാനായിരുന്നു പ്ലാൻ. കുട്ടിയുടെ ഫോണിൽ നിന്ന് ഇയാളെ വിളിച്ച് ഇരുവരും തമ്മിൽ ബന്ധമുണ്ടെന്ന് സ്ഥാപിക്കാനും ശ്രമിച്ചു. തുടർന്ന് ശ്യാമും സുഹൃത്ത് രാഘിലും ചേർന്ന് പൊലീസിൽ വിവരമറിയിച്ചു. പദ്ധതിയിട്ടതുപോലെ കുട്ടിയെ പൊലീസ് പിടികൂടിയപ്പോൾ സംഗീതിൻ്റെ പേരു പറയുകയും ചെയ്തു.
സംഗീതിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീട് കുട്ടിയുടെ മൊഴിയിൽ സംശയം തോന്നിയ പൊലീസ് കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് ക്വട്ടേഷന്റെ ഗൂഢാലോചന പുറത്തുവന്നത്. കുട്ടിയെ കണ്ടെത്തിയത് ശ്യാംലാൽ ആണെങ്കിലും, 30 ലക്ഷം രൂപക്ക് രാഘിലിന് ക്വട്ടേഷൻ നൽകിയാണ് മറ്റ് ആസൂത്രണമെല്ലാം നടത്തിയത്. രാഘിലിനെ പിടികൂടിയതോടെ ശ്യാംലാൽ ഒളിവിൽ പോവുകയായിരുന്നു.
ഒളിവിൽ കഴിയുന്നതിനിടെ ഇയാൾ പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങളും കഞ്ചാവ് തോട്ടത്തിൽ നിന്നെടുത്ത വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. കൊലപാതകശ്രമം, അടിപിടി, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ ഉൾപ്പെടെ പത്തോളം കേസുകളിൽ ഇയാൾ പ്രതിയാണ്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here