കുട്ടികളെ ഒറ്റപെടുത്തരുത്, യൗവനത്തില്‍ നേരിടേണ്ടി വരിക ഗുരുതരപ്രശ്‌നങ്ങള്‍; ഞെട്ടിക്കുന്ന പഠനം

കുട്ടിക്കാലമെന്നാൽ മനോഹരമായ ഓർമ്മയാണ്. ഒരിക്കലും തിരിച്ചു കിട്ടില്ലന്നറിഞ്ഞിട്ടും ആ മനോഹര നിമിഷങ്ങളിലേക്ക് ഒന്നുകൂടി പോകാൻ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. കളിച്ചും ചിരിച്ചും പഠിച്ചും കുസൃതികാട്ടിയും നടക്കുന്ന കുട്ടികളെ കാണുമ്പോൾ പലപ്പോഴും നമുക്ക് അസൂയ തോന്നാറുണ്ട്. എന്നാൽ പല കുട്ടികളും ഇതിൽ നിന്നെല്ലാം ഒഴിഞ്ഞ് ഏകാന്തതയിൽ ജീവിക്കുന്നു. ഇത് നഷ്ടപ്പെടുത്തുന്നത് അവരുടെ കുട്ടിക്കാലം മാത്രമല്ല, മറിച്ച് അവർ കടന്നു ചെല്ലാൻ പോകുന്ന യൗവനത്തെയുമാണ്.

അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേണലായ ‘ജാമ നെറ്റ്‌വർക്ക് ഓപ്പണിൽ'(Jama Network Open) അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിൽ ഇതിനെകുറിച്ച് കൃത്യമായി പറയുന്നുണ്ട്. ഏകാന്തത അനുഭവപ്പെടുന്ന കുട്ടികൾക്ക് പിന്നീടുള്ള ജീവിതത്തിൽ ബുദ്ധിപരമായ തകർച്ചയ്ക്കും ഡിമെൻഷ്യയ്ക്കും വരെ സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തൽ. അവർ വളർന്നു വലുതായാലും ബാല്യകാല ഏകാന്തത അവരിൽ നിന്ന് പെട്ടെന്ന് മാറില്ല. വീട്ടിൽ നിന്ന് ഒറ്റപ്പെടൽ അനുഭവിക്കുക, സുഹൃത്തുക്കൾ ഇല്ലാതിരിക്കുക ഇങ്ങനെയുള്ള കുട്ടികളിലാണ് മെമ്മറി പ്രശ്‌നങ്ങൾ കൂടുതലായും കാണപ്പെടുന്നത്.

Also Read : നിങ്ങള്‍ കടുത്ത ഏകാന്തതയിലാണോ..? സ്‌ട്രോക്കിന് സാധ്യത കൂടുതല്‍

ഏകാന്തത മൂലം ശരീരത്തിൽ കോർട്ടിസോൾ പോലുള്ള സമ്മർദ്ദ ഹോർമോണുകൾ ഉണ്ടാകുന്നു. ഇത് നാഡീവ്യവസ്ഥയെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയും ഹിപ്പോകാമ്പസ് പോലുള്ള തലച്ചോറിന്റെ പ്രധാന ഭാഗങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ഈ സമ്മർദ്ദം തലച്ചോറിന്റെ പ്രവർത്തനങ്ങളെ മാത്രമല്ല, രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും, പ്രായപൂർത്തിയാകുമ്പോൾ ഡിമെൻഷ്യ, ഓർമ്മക്കുറവ് എന്നിവയ്ക്കുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.

Also Read: ഏകാന്തതയെന്ന മഹാമാരി; മണിക്കൂറില്‍ 100 പേര്‍ മരണപ്പെടുന്നു എന്ന് ലോകാരോഗ്യ സംഘടന

കുട്ടികളിൽ ഏകാന്തത അനുഭവപ്പെടുമ്പോൾ അത് തുടക്കത്തിൽ തന്നെ മാറ്റേണ്ടത് അത്യാവശ്യമാണ്. സ്കൂളുകളും രക്ഷിതാക്കളും തന്നെയാണ് അതിന് പ്രധാന പങ്ക് വഹിക്കേണ്ടതും. സുഹൃത്തുക്കളെ എങ്ങനെ ഉണ്ടാക്കാമെന്നും ഭീഷണിയുണ്ടായാൽ അതെങ്ങനെ തരണം ചെയ്യണമെന്നും അവർക്കു പറഞ്ഞു കൊടുക്കുക. കുട്ടികളോട് സൗഹൃദമുണ്ടാക്കുക. അവർക്കെല്ലാം തുറന്നു പറയാനുള്ള വ്യക്തിയാണ് രക്ഷിതാക്കൾ എന്ന് തോന്നിക്കുക. അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുക. എല്ലാ പ്രതിസന്ധിയും ചിരിച്ചു കൊണ്ട് നേരിടാൻ അവരോടു പറയുക. ഇതവരുടെ ആത്മവിശ്വാസം വളർത്തും. ഒറ്റപ്പെടലിൽ നിന്ന് അവരെ മുന്നോട്ടു കൊണ്ട് വരും. എപ്പോഴും ഓർക്കുക, ‘ബാല്യകാല ഏകാന്തത ബാധിക്കുക യൗവനത്തെയാണ്’.

.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top