ഇന്ത്യ ചൈന ബന്ധം വഷളാക്കാൻ അമേരിക്കൻ ശ്രമം; പെന്റഗൺ റിപ്പോർട്ടിനെതിരെ ചൈനയുടെ രൂക്ഷവിമർശനം

ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളാക്കാൻ അമേരിക്ക ശ്രമിക്കുന്നെന്ന് ചൈന. ചൈനയുടെ പ്രതിരോധ നയത്തെ അമേരിക്ക തെറ്റായി ചിത്രീകരിക്കുകയാണെന്നും ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കാനാണ് യുഎസ് നീക്കമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗൺ പുറത്തുവിട്ട വാർഷിക റിപ്പോർട്ടാണ് പുതിയ തർക്കങ്ങൾക്ക് കാരണമായത്. ഇന്ത്യ ചൈന അതിർത്തി സംഘർഷങ്ങൾ കുറയുന്നത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുന്നത് തടയാനുള്ള ചൈനയുടെ തന്ത്രമാണെന്ന് പെന്റഗൺ റിപ്പോർട്ടിൽ പറയുന്നു.

ഈ ആരോപണങ്ങളെ ചൈന പൂർണ്ണമായും തള്ളി. ഇന്ത്യയുമായുള്ള ബന്ധത്തെ തന്ത്രപരമായതും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ കാഴ്ചപ്പാടോടെയാണ് ചൈന കാണുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞു. “അതിർത്തി പ്രശ്നം ഇന്ത്യയും ചൈനയും തമ്മിലുള്ള വിഷയമാണ്. ഇതിൽ മറ്റൊരു രാജ്യം ഇടപെടുന്നതിനെയോ അഭിപ്രായം പറയുന്നതിനെയോ ഞങ്ങൾ എതിർക്കുന്നു,”. അദ്ദേഹം വ്യക്തമാക്കി.

Also Read : ഇന്ത്യ ചൈന ഭായ് ഭായ്; അതിർത്തി വിഷയത്തിൽ നിർണ്ണായക ചർച്ച

പെന്റഗൺ റിപ്പോർട്ടിൽ അരുണാചൽ പ്രദേശിനെ ചൈനയുടെ കോർ ഇൻട്രസ്റ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തിയത് ഇന്ത്യയെ ചൊടിപ്പിച്ചിരുന്നു. തായ്‌വാൻ, ദക്ഷിണ ചൈനാ കടൽ എന്നിവയ്ക്കൊപ്പം അരുണാചൽ പ്രദേശിനെയും ചൈന തങ്ങളുടെ അവിഭാജ്യ ഘടകമായി കാണുന്നുവെന്നാണ് യുഎസ് റിപ്പോർട്ട് പറയുന്നത്. ഇതിലൂടെ ഇന്ത്യ-ചൈന ബന്ധത്തിൽ വീണ്ടും അസ്വാരസ്യങ്ങൾ ഉണ്ടാക്കാൻ അമേരിക്ക ശ്രമിക്കുകയാണെന്ന് ചൈന ആരോപിക്കുന്നു.

2020-ലെ ഗാൽവൻ സംഘർഷത്തിന് ശേഷം ഇന്ത്യ-ചൈന ബന്ധം ഏറെ വഷളായിരുന്നു. എന്നാൽ അടുത്തിടെ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും നടത്തിയ ചർച്ചകളെത്തുടർന്ന് അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ധാരണയായിരുന്നു. ഈ സമാധാന ശ്രമങ്ങളെ യുഎസ് സംശയത്തോടെ കാണുന്നത് മേഖലയിലെ സമാധാനത്തിന് ഗുണകരമല്ലെന്നാണ് ചൈനീസ് പക്ഷം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top