ചൈനയുടെ ഈ നീക്കം ജനനനിരക്ക് കൂട്ടുമോ? കോണ്ടം നികുതിയുടെ ലക്ഷ്യമെന്ത്?

ജനനനിരക്ക് കുത്തനെ ഇടിഞ്ഞതോടെ പ്രതിസന്ധിയിലായ ചൈന, ഇത് മറികടക്കാൻ പുതിയ വിവാദപരമായ നീക്കങ്ങളുമായി രംഗത്ത്. കോണ്ടം ഉൾപ്പെടെയുള്ള ഗർഭനിരോധന ഉത്പന്നങ്ങൾക്ക് 13% മൂല്യവർദ്ധിത നികുതി ഏർപ്പെടുത്തുന്നതാണ് നീക്കം. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പോലും ചിലവേറിയതാക്കി ജനനനിരക്ക് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നയങ്ങളുടെ ഭാഗമായുള്ള നീക്കമാണിത്.
ഒറ്റക്കുട്ടി നയം നിലനിന്നിരുന്ന കാലയളവിൽ, ഈ ഉത്പന്നങ്ങൾക്ക് നികുതി ഇളവ് നൽകിയിരുന്നു. ആ നിലപാടിൽ നിന്ന് പൂർണ്ണമായും മാറിയാണ് ചൈനയുടെ പുതിയ നടപടി. ഈ നീക്കം നികുതി സമ്പ്രദായത്തിലെ സാങ്കേതികപരമായ ക്രമീകരണം മാത്രമാണെന്നും, ജനസംഖ്യാപരമായ ലക്ഷ്യങ്ങളല്ല ഇതിന് പിന്നിലെന്നുമാണ് സർക്കാർ വൃത്തങ്ങളുടെ ഔദ്യോഗിക വിശദീകരണം.
Also Read : ചൈനയെ പൂട്ടാൻ ഇന്ത്യൻ ആയുധങ്ങൾ; മറ്റ് വഴികളില്ലാതെ ഫിലിപ്പീൻസ്
എന്നാൽ, സോഷ്യൽ മീഡിയയിൽ ഈ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കുട്ടികളെ വളർത്താനുള്ള ഭീമമായ ചെലവാണ് ജനങ്ങൾ കൂടുതൽ കുട്ടികൾക്ക് തയ്യാറാകാത്തതിൻ്റെ പ്രധാന കാരണമെന്നും, കോണ്ടത്തിന് നികുതി കൂട്ടുന്നത് ജനനനിരക്കിൽ കാര്യമായ സ്വാധീനം ചെലുത്തില്ലെന്നും സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഗർഭനിരോധന മാർഗ്ഗങ്ങളുടെ വില വർധിക്കുന്നത് താഴ്ന്ന വരുമാനമുള്ള ജനവിഭാഗങ്ങൾക്കിടയിൽ ഇവയുടെ ഉപയോഗം കുറയ്ക്കുകയും, അത് ലൈംഗികമായി പകരുന്ന രോഗങ്ങളുടെ നിരക്ക് വർധിക്കാനും അപ്രതീക്ഷിത ഗർഭധാരണങ്ങൾക്കും സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ദശാബ്ദങ്ങൾ നീണ്ട അടിച്ചേൽപ്പിച്ച കുടുംബാസൂത്രണ നയങ്ങൾക്ക് ശേഷം, ഗർഭനിരോധന മാർഗ്ഗങ്ങൾക്കും നികുതി ഏർപ്പെടുത്തുന്നത് പൗരന്മാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ, ശരീരത്തിന്മേലും ആഗ്രഹങ്ങൾക്കും മേലുള്ള ഭരണകൂടത്തിന്റെ നിയന്ത്രണമായിട്ടാണ് പല വിമർശകരും കാണുന്നത്. ജനനനിരക്ക് കൂട്ടാൻ നിലവിൽ ചൈനീസ് സർക്കാർ, പണമായി ബോണസുകൾ, കൂടുതൽ പേരൻ്റൽ ലീവ്, കുട്ടികളുടെ പരിചരണം സംബന്ധിച്ച നികുതി ഇളവുകൾ തുടങ്ങിയ പ്രോത്സാഹനങ്ങളും നൽകുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here