‘മുസ്ലീം മുഖ്യമന്ത്രിയെ എന്തുകൊണ്ട് പ്രഖ്യാപിച്ചില്ല?’; തേജസ്വി യാദവിനെതിരെ ചിരാഗ് പാസ്വാൻ

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയപ്പോര് മുറുകുന്നു. രാഷ്ട്രീയ ജനതാദൾ (RJD) നേതാവ് തേജസ്വി യാദവിനെതിരെ ലോക് ജനശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാൻ കടുത്ത ആരോപണമാണ് ഉയർത്തിയത്. ‘മുസ്ലീം സമുദായത്തിൽ നിന്ന് ഒരാളെ എന്തുകൊണ്ട് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മഹാസഖ്യം പ്രഖ്യാപിച്ചില്ല’ എന്നാണ് അദ്ദേഹം ആരോപിച്ചത്.
‘വോട്ടുകൾക്ക് വേണ്ടിയാണ് മുസ്ലീം സമുദായത്തെ ഉപയോഗിക്കുന്നത്. എന്നാൽ അവർക്ക് അർഹമായ പ്രാതിനിധ്യം നൽകുന്നില്ല. അവർ മുസ്ലീങ്ങളെ വോട്ട് ബാങ്കായി മാത്രം കാണുന്നു. ന്യൂനപക്ഷത്തിൽ നിന്നുള്ള ഒരാളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാൻ എന്തുകൊണ്ട് തേജസ്വി യാദവ് തയ്യാറാകുന്നില്ല. ഈ വഞ്ചന മുസ്ലീങ്ങൾ തിരിച്ചറിയണം’ എന്നും ചിരാഗ് പാസ്വാൻ പറഞ്ഞു. മഹാസഖ്യം മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിമർശനം ഉയർന്നത്.
എന്നാൽ, ചിരാഗ് പാസ്വാന്റെ ആരോപണങ്ങളോട് തേജസ്വി യാദവ് രൂക്ഷമായാണ് പ്രതികരിച്ചത്. ‘ബിജെപിയുടെയും എൻഡിഎ സഖ്യകക്ഷികളുടെയും വിഭജന രാഷ്ട്രീയമാണ് ചിരാഗ് പാസ്വാൻ കളിക്കുന്നത്. ആർജെഡി എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാധാന്യം നൽകുന്നുണ്ട്. സാമൂഹിക നീതിയാണ് ആർജെഡിയുടെ അടിസ്ഥാന തത്വം. ബിഹാർ ഇപ്പോൾ സംസാരിക്കുന്നത് തൊഴിലിനെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചുമാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെയും അവരുടെ സഖ്യകക്ഷികളുടെയും ശ്രമം ഇവിടെ വിലപ്പോവില്ല,” എന്നും തേജസ്വി യാദവ് പ്രതികരിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here