സുഹാന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ; കൂടുതൽ അന്വേഷണം വേണമെന്ന് ആവശ്യം

പാലക്കാട് ചിറ്റൂരിൽ കാണാതായ അഞ്ച് വയസ്സുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തി. ചിറ്റൂർ നഗരസഭയുടെ കീഴിലുള്ള വലിയ കുളത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ശനിയാഴ്ച രാവിലെ മുതൽ കാണാതായ കുട്ടിക്കായി 21 മണിക്കൂർ നീണ്ട തിരച്ചിൽ നടത്തിയെങ്കിലും ഞായറാഴ്ച രാവിലെ മൃതദേഹം കുളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
സുഹാന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. വീടിന് ഏകദേശം 700 മീറ്റർ അകലെയുള്ള കുളത്തിലാണ് മൃതദേഹം കണ്ടത്. ഇത്രയും ദൂരം കുട്ടി ഒറ്റയ്ക്ക് നടന്നെത്താൻ സാധ്യതയില്ലെന്നാണ് നാട്ടുകാരുടെ വാദം. കൂടാതെ, റോഡിനും കുളത്തിനും ഇടയിൽ കനാലുള്ളതിനാൽ കുട്ടി അബദ്ധത്തിൽ കുളത്തിൽ വീഴാനുള്ള സാധ്യതയും കുറവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Also Read : ജോലിഭാരം താങ്ങാനായില്ല; ഉത്തർപ്രദേശിൽ ബിഎൽഒ തൂങ്ങിമരിച്ചു; അധികൃതർക്കെതിരെ കുടുംബം
സംസാരിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടിയായതിനാൽ, പേര് വിളിച്ചാൽ പ്രതികരിക്കാൻ സുഹാന് പ്രയാസമായിരുന്നു. ഇത് തിരച്ചിലിനെ തുടക്കം മുതൽ ബാധിച്ചു. ശനിയാഴ്ച ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ സമീപത്തെ മറ്റൊരു കുളത്തിന്റെ വരമ്പ് വരെ പോലീസ് നായ മണം പിടിച്ചെത്തിയിരുന്നു. ഇതേത്തുടർന്നാണ് പ്രദേശത്തെ ആമ്പൽ കുളങ്ങൾ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിയത്. എന്നാൽ മൃതദേഹം കണ്ടെത്തിയ നഗരസഭാ കുളം അന്ന് കാര്യമായി പരിശോധിച്ചിരുന്നില്ല.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സുഹാനെ കാണാതായത്. ടിവി കാണുന്നതിനിടെ സഹോദരനുമായി പിണങ്ങി സുഹാൻ വീട്ടിൽ നിന്നിറങ്ങുകയായിരുന്നു. മുൻപും പിണങ്ങി ഇറങ്ങിപ്പോകാറുള്ള കുട്ടി ഉടൻ തന്നെ തിരികെ വരാറുള്ളതായിരുന്നു പതിവ്. ഇത്തവണ ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങിയെത്താത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിനെ വിവരമറിയിച്ചു. ചിറ്റൂർ പോലീസ്, ഫയർഫോഴ്സ്, നാട്ടുകാർ എന്നിവർ ചേർന്ന് ശനിയാഴ്ച പകൽ മുഴുവൻ തോട്ടങ്ങളിലും പറമ്പുകളിലും ജലാശയങ്ങളിലും വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഞായറാഴ്ച രാവിലെയോടെയാണ് നാടിനെ നടുക്കിയ വാർത്ത പുറത്തുവന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here