ന്യൂനപക്ഷ വേട്ടക്കെതിരെ മുന്‍ ബ്യൂറോക്രാറ്റുകള്‍ പലവട്ടം നിവേദനം നല്‍കിയിട്ടും അനങ്ങാത്ത പ്രധാനമന്ത്രി; ഈ വേട്ട അവസാനിപ്പിക്കേണ്ടത് തന്നെ

കഴിഞ്ഞ 11 വര്‍ഷമായി രാജ്യത്ത് നടക്കുന്ന ക്രൈസ്തവ വേട്ടക്കെതിരെ നൂറോളം വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പലവട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും കത്തയച്ചിട്ടും നടപടി എടുക്കാത്തതിന്റെ പരിണിത ഫലമാണ് ഛത്തീസ്ഗഡിലെ സംഭവ വികാസങ്ങള്‍. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഉന്നത പദവികള്‍ വഹിച്ച ഉദ്യോഗസ്ഥരുടെ നിവേദനമാണ് ഒന്ന് പരിഗണിക്കുക പോലും ഇല്ലാതെ ഉപേക്ഷിക്കപ്പെട്ടത്. 2023 മാര്‍ച്ചില്‍ നല്‍കിയ നിവേദനത്തില്‍ ഒപ്പിട്ട ഉദ്യോഗസ്ഥരില്‍ ബഹുഭൂരിപക്ഷം പേരും ഹിന്ദുക്കളായിരുന്നു.
ഐഎഫ്എസ്, ഐഎഎസ്, ഐപിഎസ്, ഐആര്‍എസ് തുടങ്ങിയ കേന്ദ്ര സര്‍വീസുകളില്‍ ജോലി ചെയ്തവരാണ് നിവേദനത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. ക്യാബിനറ്റ് സെക്രട്ടറി, ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയ തസ്തിക കളില്‍ നിന്നും വിരമിച്ചവരും ഇക്കുട്ടത്തിലുണ്ട്. കോണ്‍സ്റ്റിറ്റിയൂഷനല്‍ കോണ്‍ടക്റ്റ് ഗ്രൂപ്പ് (Constitutional Conduct Group) എന്ന സന്നദ്ധ സംഘടനയുടെ പേരിലാണ് നിവേദനം നല്‍കിയത്. ഏതെങ്കിലും രാഷ്ടീയ പാര്‍ട്ടിയുമായി ബന്ധം പുലര്‍ത്തുന്നവരല്ല എന്ന ആമുഖത്തോടെയാണ് കത്ത് ആരംഭിക്കുന്നത്.

ന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രത്യേകിച്ച് ക്രൈസ്തവര്‍ക്കെതിരെ വ്യാപകമായി നടക്കുന്ന വിദ്വേഷ പ്രസംഗങ്ങളും അക്രമങ്ങളും ഉണ്ടാകുമ്പോള്‍ അതിനെതിരെ നടപടിയോ, പാടില്ലാ എന്നു പോലും പറയാന്‍ ഭരണാധികാരികള്‍ തയ്യാറാവുന്നില്ലെന്ന് കുറ്റപ്പെടുത്തുന്നുണ്ട്. 1951 മുതല്‍ ജനസംഖ്യയില്‍ കേവലം 2.3 ശതമാനം മാത്രമുള്ള ക്രിസ്ത്യാനികള്‍ 80 ശതമാനം വരുന്ന ഹിന്ദുക്കളെ മതം മാറ്റാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം തികച്ചും അസംബന്ധമാണ്. അവര്‍ക്കെതിരെയുള്ള ക്രൂരമായ വിവേചനവും അധിക്ഷേപവും തുല്യതാ നിഷേധവും ഭരണഘടനാ വിരുദ്ധമാണ്.
രാജ്യ നിര്‍മ്മാണത്തിന്റെ ഭാഗമായി ബ്യൂറോക്രസി, പട്ടാളം, വിദ്യാഭ്യാസം, ആതുരസേവനം തുടങ്ങിയ എല്ലാ മേഖലയിലും വലിയ സംഭാവനങ്ങള്‍ നല്‍കിയ സമൂഹമാണ് ക്രൈസ്തവര്‍. രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങില്‍ പോയി നിരാംബലര്‍ക്കും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും അനാഥര്‍ക്കും വേണ്ടി നിസ്വാര്‍ത്ഥ സേവനം ചെയ്യുന്നവരാണ്. കോവിഡ് മഹാമാരിയുടെ കാലത്ത് പാവപ്പെട്ടവര്‍ക്കായി ക്രിസ്ത്യന്‍ മിഷന്‍ ആശുപത്രികളും അവരുടെ പ്രവര്‍ത്തകരും നടത്തിയ സേവനങ്ങള്‍ നമുക്ക് മറക്കാനാവുമോ എന്നവര്‍ ചോദിക്കുന്നുണ്ട്. ആരോഗ്യ- വിദ്യാഭ്യാസ മേഖലയിലെ സൗകര്യങ്ങള്‍ എന്നെങ്കിലും ക്രിസ്ത്യാനികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ ഒരു സംഭവമെങ്കിലും ചൂണ്ടിക്കാണിക്കാനാവുമോ? അങ്ങനെ ഒരിക്കലും സംഭവിച്ചിട്ടില്ലെന്ന കാര്യം പറയാന്‍ ഞങ്ങള്‍ മടിക്കുന്നില്ലെന്ന് നിവേദനത്തില്‍ എഴുതിയിട്ടുണ്ട്.
ക്രൈസ്തവ സ്ഥാപനങ്ങളേയും അവയുടെ നടത്തിപ്പുകാരേയും ഭീഷണിപ്പെടുത്താനും അടിച്ചൊതുക്കാനും ശ്രമിക്കുന്നുണ്ട്. ഇത്തരം നിരവധി സംഭവങ്ങള്‍ ദിനംപ്രതി ഉണ്ടാകുന്നുണ്ട്. ചിലര്‍ ആരോപിക്കുന്നതു പോലെ വന്‍തോതില്‍ മതപരിവര്‍ത്തനം നടക്കൂന്നുണ്ടെങ്കില്‍ ക്രൈസ്തവരുടെ ജനസംഖ്യ ഇപ്പോഴും 2.3 ശതമാനത്തില്‍ നില്‍ക്കാന്‍ കാരണമെന്തെന്ന് വെളിപ്പെടുത്തണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നുണ്ട്. ക്രൈസ്തവ വേട്ടയുടെ ഇരയാണ് ഫാദര്‍ സ്റ്റാന്‍ സ്വാമി.അരികു വല്‍ക്കരിക്കപ്പെട്ട ആദിവാസികള്‍ക്ക് ഇടയില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് സ്റ്റാന്‍ സ്വാമി. ഓരോ വര്‍ഷവും ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനനങ്ങളും അതിക്രമങ്ങളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വര്‍ദ്ധിക്കുകയാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ യാതൊരു നടപടിയും ഉണ്ടാവുന്നില്ല.
ഒന്നാം നൂറ്റാണ്ടു മുതല്‍ ഇന്ത്യയില്‍ ക്രൈസ്തവ മതം സജീവമാണ്. എന്നിട്ടും അവരിവിടെ ന്യൂനപക്ഷമാണ്. തലമുറകളായി ക്രിസ്തുമതത്തില്‍ വിശ്വസിച്ച് ജീവിക്കുന്നവര്‍ കുറ്റവാളികളാണോ, വിദേശികളാണോ? അവരുടെ സ്വന്തം നാട്ടില്‍ അവര്‍ അന്യരാണോ? ഭരണഘടന അനുശാസിക്കുന്ന വിധത്തില്‍ അവര്‍ക്ക് ജീവിക്കാനുള്ള അവകാശം ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യത ഉണ്ട്. അവര്‍ ഈ രാജ്യത്തെ തുല്യ അവകാശമുള്ള പൗരന്മാരാണെന്ന അവസ്ഥയ്ക്ക് ഭംഗമുണ്ടാക്കരുത്. എല്ലാ മതവിശ്വാസികളേയും തുല്യരായി കാണാന്‍ പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും കഴിയണം. മന്ത്രിമാരും നേതാക്കളും ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും എതിരെ ബിജെപി നേതാക്കള്‍ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പിന്നീട് പലവട്ടം കോണ്‍സ്റ്റിറ്റിയൂഷനല്‍ കോണ്‍ടക്റ്റ് ഗ്രൂപ്പ് നിവേദനം നടത്തിയെങ്കിലും സര്‍ക്കാര്‍ അതെല്ലാം അവഗണിക്കയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here