രാജീവ് ചന്ദ്രശേഖര്‍ നേരിട്ട് എത്തിയിട്ടും തണുത്ത പ്രതികരണം; ക്രൈസ്തവ സഭകള്‍ ഏറെ അകന്നെന്ന് മനസിലാക്കി ബിജെപി; നീക്കങ്ങള്‍ വേഗത്തിലാക്കി അമിത് ഷാ

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റോടെ ബിജെപിയുമായി അകന്ന് ക്രൈസ്തവ സഭകള്‍. ഏറെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത അടുപ്പം നഷ്ടമാകുന്നതില്‍ ബിജെപിയും കടുത്ത ആശങ്കയിലാണ്. അതുകൊണ്ട് തന്നെയാണ് അമിത് ഷാ അടക്കം ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമം നടക്കുന്നത്. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുമ്പോള്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നാണ് അമിത് ഷാ നല്‍കിയിരിക്കുന്ന ഉറപ്പ്. ഇക്കാര്യം ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ തന്നെ നേരിട്ട് ബിഷപ്പുമാരെ കണ്ട് അറിയിക്കുകയാണ്. അകല്‍ച്ച കുറയ്ക്കുക എന്ന ലക്ഷ്യമാണ് ഈ അരമന സന്ദര്‍ശനം കൊണ്ട് ലക്ഷ്യമിടുന്നത്.
സിബിസിഐ പ്രസിഡന്റും തൃശൂര്‍ അതിരൂപത ആര്‍ച്ചുബിഷപ്പുമായ ആന്‍ഡ്രൂസ് താഴത്തിലിനെയാണ് രാജീവ് ചന്ദ്രശേഖര്‍ ആദ്യം കാണാന്‍ എത്തിയത്. ബിജപിയുമായി അടുപ്പം സൂക്ഷിക്കുന്ന ആളായിട്ടുപോലും താഴത്തില്‍ നിന്നും ആവേശകരമായ ഒരു പ്രതികരണം ഉണ്ടായില്ല. രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലുകളില്‍ നന്ദി അറിയിച്ചു. ഒപ്പം രാജ്യവ്യാപകമായി ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ രാജീവിനെ കൂടെ നിര്‍ത്തി തന്നെ താഴത്ത് പറഞ്ഞു. ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം ലഭിക്കണം. നീതിയാണ് ആവശ്യമെന്ന നിലപാടും വ്യക്തമാക്കി.
ഇതോടെയാണ് ക്രൈസ്തവര്‍ എത്രമാത്രം അകന്നു എന്ന ബോധ്യം ബിജെപിക്കുണ്ടായത്. അത് മനസിലാക്കി നടപടികള്‍ക്ക് വേഗത കൂട്ടിയിട്ടുണ്ട്. കന്യാസ്ത്രീകളെ അതിവേഗം പുറത്ത് എത്തിക്കാനാണ് ശ്രമം നടക്കുന്നത്. അമിത് ഷാ തന്നെ നേരിട്ട് ഇടപെട്ടാണ് പ്രശ്‌ന പരിഹാരത്തിന് ശ്രമം നടക്കുന്നത്. രാജീവ് ചന്ദ്രശേഖറിനോട് അടിയന്തരമായി ഡല്‍ഹിക്കെത്താന്‍ അമിത് ഷാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here