ബിജെപി ബന്ധത്തെച്ചൊല്ലി മെത്രാന്‍മാര്‍ തമ്മില്‍ കടിപിടി; ആര്‍ച്ചുബിഷപ് പാംപ്ലാനിക്ക് പണി കൊടുത്ത് കണ്ണൂക്കാടന്‍ മെത്രാന്‍

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വാക്കുപാലിച്ചു എന്നതില്‍ സന്തോഷമെന്ന തലശ്ശേരി ആര്‍ച്ചു ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ വാക്കിനെ ചൊല്ലി സിറോ മലബാര്‍ സഭയില്‍ അസ്വസ്ഥത പുകയുന്നു. ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ എതിര്‍പ്പിനെ മറികടന്ന് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും എടുത്ത നിലപാടിനെ അങ്ങേയറ്റം ശ്ലാഘിക്കുന്നു എന്നായിരുന്നു പാംപ്ലാനിയുടെ പുകഴ്ത്തല്‍. പാംപ്ലാനിയുടേത് സഭയുടെ നിലപാടല്ലെന്ന ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്റെ തുറന്നു പറച്ചിലോടെ ബിജെപിയെ ചൊല്ലിയുള്ള സഭയിലെ ഭിന്നത പുറത്തായി.
സിറോ മലബാര്‍ സഭയുടെ മീഡിയ കമ്മീഷന്‍ ചെയര്‍മാനായ മാര്‍ പാംപ്ലാനി ‘സൂപ്പര്‍ മെത്രാപ്പോലീത്ത’ ചമഞ്ഞ് സഭയുടേതെന്ന മട്ടില്‍ നിലപാടുകള്‍ പ്രഖ്യാപിക്കുന്നതിന് എതിരെയുള്ള വെടിപൊട്ടിക്കലാണ് മാര്‍ കണ്ണൂക്കാടന്‍ നടത്തിയത്. ആരുടെയെങ്കിലും വ്യക്തിപരമായ അഭിപ്രായം കത്തോലിക്ക സഭയുടെ രാഷ്ട്രീയമായി തെറ്റിദ്ധരിക്കരുതെന്നാണ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞത്. കന്യാസ്ത്രികളുടെ ജാമ്യത്തിന്റെ പേരില്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ വാഴ്ത്തികൊണ്ടുള്ള പാംപ്ലാനിയുടെ പ്രസ്താവന പാടെ തള്ളിക്കൊണ്ടാണ് മാര്‍ പോളി കണ്ണൂക്കാടന്റെ പ്രതികരണം.
റബറിന് 300 രൂപ തന്നാല്‍ ബിജെപിക്ക് കേരളത്തില്‍ നിന്ന് ഒരു എംപിയെ നല്‍കുമെന്നൊക്കെ സഭയുടെ പേരില്‍ പാംപ്ലാനി നടത്തിയ പ്രഖ്യാപനം കെസിബിസി അംഗങ്ങള്‍ക്കിടയില്‍ പോലും അസ്വസ്ഥത ജനിപ്പിച്ചിരുന്നു. സാധാരണ ഗതിയില്‍ സഭാ തലവനായ മേജര്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലാണ് സഭയുടെ ഔദ്യോഗിക നിലപാടുകള്‍ പറയേണ്ടത്. എന്നാല്‍ അതെല്ലാം മറികടന്നാണ് പാംപ്ലാനി പ്രവര്‍ത്തിക്കുന്നത് എന്ന വിമര്‍ശനവും സജീവമാണ്.
ALSO READ : കാൽവെട്ടുമെന്ന ഭീഷണിയിൽ കേസെടുത്ത് പോലീസ്; നടപടി പാസ്റ്റർക്കെതിരായ ബജ്രംഗ്ദൾ കൊലവിളിയിൽ
ഇരിങ്ങാലക്കുട രൂപതയുടെ മെത്രാന്‍ എന്ന നിലക്ക് രൂപതയുടെ നിലപാട് താന്‍ പറഞ്ഞു എന്ന് പറയുമ്പോള്‍, തലശ്ശേരി അതിരൂപതയുടെ അഭിപ്രായം മാത്രം പറഞ്ഞാല്‍ മതിയെന്നുള്ള താക്കീതാണ് പാംപ്ലാനിക്ക് മാര്‍ കണ്ണൂക്കാടന്‍ നല്‍കുന്നത്. സഭക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്, എന്നാല്‍ അത് കക്ഷിരാഷ്ട്രീയം അല്ല. സഭയുടെ നിലപാട് പറയേണ്ടത് സഭാധ്യക്ഷന്‍മാരാണ്. വ്യക്തിപരമായ അഭിപ്രായങ്ങള്‍ സഭയുടെ അഭിപ്രായമല്ല. ഓരോ കാലഘട്ടത്തിലും സഭ അതിന്റെ രാഷ്ട്രീയം ശക്തമായി അഭിപ്രായപ്പെട്ടിട്ടുണ്ട്. ആരുടെയെങ്കിലും വ്യക്തിപരമായ അഭിപ്രായം സഭയുടെ അഭിപ്രായമായി തെറ്റിദ്ധരിക്കരുതെന്നുമാണ് പോളി കണ്ണൂക്കാടന്‍ മാധ്യമങ്ങളോട് പറഞ്ഞത്. നാളെ കൊച്ചിയില്‍ ചേരുന്ന കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി ) സമ്മേളനത്തില്‍ ഇത്തരം വിഷയങ്ങള്‍ ഉയരാനിടയുണ്ട്.
ബിജെപി സര്‍ക്കാര്‍ രണ്ട് കന്യാസ്ത്രികളെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയപ്പോള്‍ പാര്‍ലമെന്റിലും പുറത്തും പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും നടത്തിയ സമ്മര്‍ദ്ദമാണ് ജാമ്യത്തിലേക്ക് എത്തിച്ചത്. എന്നാല്‍ ബിഷപ് പാംപ്ലാനി അടക്കമുള്ള ചില സഭാ നേതാക്കള്‍ അതിന്റെ ക്രെഡിറ്റ് ബിജെപിക്ക് നല്‍കാനുള്ള ശ്രമത്തിലാണ് എന്ന വിമര്‍ശനം സജീവ ചര്‍ച്ചയാവുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here