ക്രൈസ്തവ സമരത്തില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയും നുഴഞ്ഞുകയറി; ക്ഷീണം തീര്‍ക്കാന്‍ ഇസ്ലാമോഫോബിയ പറഞ്ഞ് ഷോണ്‍ ജോര്‍ജും ബിജെപിയും

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ക്രൈസ്തവ സഭകള്‍ നടത്തിയ പ്രതിഷേധങ്ങളില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയും പോലുള്ള സംഘടനകള്‍ നുഴഞ്ഞുകയറിയെന്ന് ബിജെപി. വിശ്വാസി സമൂഹവും സഭാ നേതൃത്വം ഈ കാര്യത്തില്‍ ജാഗ്രത കാട്ടിയില്ലെങ്കില്‍ അറവുകാരന്റെ കൂട്ടില്‍ കുഞ്ഞാടിനെ കെട്ടിയ അവസ്ഥയാകുമെന്ന മുന്നറിയിപ്പും ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് നല്‍കുന്നു.

കേരളത്തിലെ ക്രൈസ്തവ സഭകളോട് അടുക്കാന്‍ ബിജെപി നടത്തിയ നിരന്തര ശ്രമങ്ങള്‍ ഫലം കാണുന്നതിനിടെയാണ് കന്യാസ്ത്രീകളുടെ അറസ്റ്റുണ്ടായത്. ഇതോടെ ക്രൈസ്തവ സമൂഹം ഒരു പോലെ തെരുവില്‍ പ്രതിഷേധത്തിനിറങ്ങി. ഇതിലെ തിരിച്ചടി നേരിടാനാണ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളുമായി ബിജെപി നേതാക്കള്‍ രംഗത്ത് ഇറങ്ങുന്നത് എന്നാണ് വിലയിരുത്തുന്നത്. ലൗജിഹാദ്, നര്‍ക്കോട്ടിക്‌സ് ജിഹാദ് തുടങ്ങിയ മുസ്ലിം വിരുദ്ധത പറഞ്ഞാണ് ബിജെപി സഭകളുമായി അടുത്തത്. ഇതേ തന്ത്രം തന്നെ വീണ്ടും പയറ്റുകയാണ്

സഭ നടത്തിയ പ്രതിഷേധങ്ങളെ ബഹുമാനപൂര്‍വം തന്നെയാണ് ബിജെപി കാണുന്നത്. എന്നാല്‍ സഭാ നേതൃത്വം അറിയാതെ നടക്കുന്ന മുസ്ലിം നുഴഞ്ഞുകയറ്റം അപകടകരമാണ്. പാലാ ബിഷപ്പിനെതിരെ വാളെടുത്തവര്‍ക്കും പൂഞ്ഞാറില്‍ വൈദികനെ വണ്ടിയിടിച്ച് കൊല്ലാന്‍ ശ്രമിച്ചവര്‍ക്കും വഖഫ് ഭേദഗതിക്കെതിരെ തെരുവിലിറങ്ങിയവര്‍ക്കും പെട്ടെന്നുണ്ടായ ക്രൈസ്തവ സ്‌നേഹം, ബിജെപി വിരുദ്ധതയുടെ രാഷ്ട്രീയമാണ് എന്ന് സഭാ വിശ്വാസികള്‍ തിരിച്ചറിയണം എന്നുമാണ് ഷോണ്‍ ജോര്‍ജ് പറയുന്നത്.

ഒപ്പം മറ്റ് പാര്‍ട്ടികളുടെ ക്രൈസ്തവ സ്‌നേഹം വ്യാജമാണെന്ന് സ്ഥാപിക്കാനും ഷോണ്‍ ശ്രമിക്കുന്നുണ്ട്. ക്രൈസ്തവര്‍ക്കു ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണന നല്‍കേണ്ടതില്ലെന്ന് ഇഎംഎസ് സര്‍ക്കാരിന്റെ കാലത്ത് സത്യവാങ്മൂലം ഫയലില്‍ ചെയ്തവരാണ് ഇപ്പോള്‍ സ്‌നേഹം പറയുന്നത്. ഹമാസിനു വേണ്ടി കരയുന്ന കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ കോംഗോയിലെ ക്രൈസ്തവ ദേവാലയത്തിനകത്ത് ഐ.എസ് ഭീകരര്‍ കൊലപ്പെടുത്തിയ 40 ക്രൈസ്തവ സഹോദരന്മാരെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല. ആട്ടിന്‍തോലിട്ട ചെന്നായ്കളായ ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും ബി.ജെ.പി തുറന്നുകാട്ടി മുന്നോട്ടുപോകും. ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ്, സിപിഎം നേതാക്കന്മാര്‍ പെരുമാറിയത് തിരുവസ്ത്രം കൊത്തിപ്പറിക്കാന്‍ നില്‍ക്കുന്ന കഴുകന്മാരെ പോലെയാണെന്നും ഷോണ്‍ ആരോപിക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top