മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീകള്‍ക്ക് നേരെ ബജ്രംഗ്ദൾ അതിക്രമം; അവസാനമില്ലാത്ത ക്രൈസ്തവ പീഡനങ്ങള്‍

മൂന്ന് പെണ്‍കുട്ടികളുമായി യാത്ര ചെയ്യുകയായിരുന്ന കന്യാസ്ത്രീകള്‍ക്ക് നേരെ മതപരിവര്‍ത്തനം ആരോപിച്ച് അതിക്രമം. രണ്ട് കന്യാസ്ത്രീകളെയും ഒരു യുവാവിനേയും ബജ്രംഗ്ദൾ പ്രവര്‍ത്തകര്‍ ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വെ സ്റ്റേഷനില്‍ തടഞ്ഞു വെച്ച് അപമാനിച്ചു. ഈ മാസം 24ന് വൈകുന്നേരം ആയിരുന്നു സംഭവം. പോലീസിന്റെ സാന്നിധ്യത്തിലാണ് സംഘപരിവാര്‍ ശക്തികള്‍ നിയമം കൈയ്യിലെടുത്തത്.

ALSO READ : ക്രൈസ്തവ വേട്ട വീണ്ടും; ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീക്കെതിരെ മതപരിവര്‍ത്തനത്തിന് കേസ്; വ്യാജ ആരോപണങ്ങളെന്ന് കത്തോലിക്ക സഭ

കത്തോലിക്കാ സഭയുടെ ആഭിമുഖ്യത്തിലുള്ള ആശുപത്രിയിലേക്ക് ജോലിക്ക് പോകാനാണ് കന്യാസ്ത്രീകള്‍ക്കൊപ്പം പെണ്‍കുട്ടികളും യുവാവും റയില്‍വേ സ്റ്റേഷനില്‍ എത്തിയത്. പ്ലാറ്റ്‌ഫോം ടിക്കറ്റ് പരിശോധന നടത്തിയിരുന്ന ടിടിഇ ഇവരെ തടഞ്ഞു നിര്‍ത്തി പ്രാദേശിക ബജ്രംഗ്ദൾ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു എന്നാണ് ആരോപണം.

പിന്നാലെ ഒരു സംഘം പ്രവര്‍ത്തകര്‍ കുതിച്ചെത്തുകയും മനുഷ്യക്കടത്ത് ആരോപിച്ച് ഇവരെ തടഞ്ഞുവെച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. 19ന് മുകളിൽ പ്രായമുള്ളവരാണ് പെണ്‍കുട്ടികള്‍. മാതാപിതാക്കളുടെ അനുവാദത്തോടെയാണ് കന്യാസ്ത്രീകള്‍ക്കൊപ്പം ജോലി സ്ഥലത്തേക്ക് പോകുന്നതെന്ന് പെണ്‍കുട്ടികള്‍ കരഞ്ഞു പറഞ്ഞിട്ടും ഇവര്‍ കേള്‍ക്കാന്‍ തയ്യാറായില്ല.

ALSO READ : ഇന്ത്യയില്‍ ക്രൈസ്തവ വേട്ടകള്‍ വര്‍ദ്ധിക്കുന്നു; ഇടപെടണമെന്ന് വത്തിക്കാനോട് ആവശ്യപ്പെട്ട് യുസിഎഫ്

മൂന്ന് പെണ്‍കുട്ടികളെ ബജ്രംഗ്ദൾ പ്രവര്‍ത്തകര്‍ അവരുടെ കസ്റ്റഡിയിലേക്ക് മാറ്റി. കന്യാസ്ത്രീകളേയും യുവാവിനേയും റെയില്‍വേ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തതായി ഛത്തീസ്ഗഡ് ക്രിസ്ത്യന്‍ സംഘടനകളെ ഉദ്ധരിച്ച് കാത്തലിക് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ALSO READ : ബിജെപിയുടെ ക്രൈസ്തവസ്‌നേഹം വോട്ടുതട്ടാന്‍ മാത്രം; ക്രൂരമായ വേട്ടയാടൽ വ്യാപകം; ഒരക്ഷരം മിണ്ടാതെ നേതൃത്വം

പ്രായം തെളിയിക്കുന്ന രേഖകള്‍, മാതാപിതാക്കളുടെ സമ്മതപത്രം എന്നിവ ഇവരുടെ പക്കലുണ്ടായിരുന്നു. വടക്കേ ഇന്ത്യയില്‍ കന്യാസ്ത്രീകള്‍ക്കൊപ്പം പെണ്‍കുട്ടികള്‍ യാത്ര ചെയ്യുമ്പോള്‍ സമ്മതപത്രം കൈയ്യില്‍ കരുതാറുണ്ട്. മനുഷ്യക്കടത്തും, മതപരിവര്‍ത്തനവും ആരോപിച്ച് സംഘർഷം പതിവായിരിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്‍ കരുതല്‍. എന്നാല്‍ ഇതൊന്നും ആരും പരിശോധിക്കാന്‍ പോലും തയാറായില്ല.

ALSO READ : പത്ത് വര്‍ഷത്തെ മോദി ഭരണകാലത്ത് ക്രൈസ്തവര്‍ക്ക് നേരെ 4316 ആക്രമണങ്ങള്‍; ന്യൂനപക്ഷ വേട്ടക്കെതിരെ നടപടിയില്ലെന്ന് യുസിഎഫ്

ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡില്‍ ക്രൈസ്തവ വേട്ടകള്‍ ദിനവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ വര്‍ഷം ജൂണ്‍ 30 വരെ 82 അതിക്രമങ്ങള്‍ ഉണ്ടായതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഉത്തര്‍പ്രദേശിൽ 73 കേസുകളുണ്ടായി. ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും നേരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചിട്ടും നീതി നിര്‍വഹണ സംവിധാനങ്ങള്‍ കാഴ്ചക്കാരായി നില്‍ക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top