മെത്രാന്‍മാര്‍ക്ക് ധൈര്യമില്ലേ ഈ അക്രമങ്ങള്‍ക്കെതിരേ സംസാരിക്കാന്‍; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ സഭാ നേതൃത്വങ്ങളെ വിമര്‍ശിച്ച് മന്ത്രി ശിവന്‍കുട്ടി

സംഘപരിവാര്‍ ഉത്തരേന്ത്യയില്‍ ക്രൈസ്തവര്‍ക്കു നേരെ നിരന്തരം ആക്രമണങ്ങള്‍ നടത്തുമ്പോഴും മിണ്ടാതിരിക്കുന്ന കേരളത്തിലെ സഭാ നേതൃത്വങ്ങളുടെ നിലപാടിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് മന്ത്രി ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
ബിജെപിയുടെ മനസിലിരുപ്പ് തിരുമേനിമാര്‍ക്ക് ബോധ്യപ്പെടണ്ടേ? തിരുമേനിമാര്‍ക്ക് പ്രധാനമന്ത്രി മോദിയോട് പരാതിപ്പെടാന്‍ ധൈര്യമില്ലേ? തിരുമേനിമാര്‍ ആരും പ്രതിഷേധിച്ചുപോലും കണ്ടില്ല എന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം. പാവപ്പെട്ട ക്രിസ്ത്യാനികള്‍ അനുഭവിക്കട്ടെ എന്നാകും ചില ബിഷപ്പുമാരുടെ നിലപാട്. സഭാ മേലധ്യക്ഷന്‍മാര്‍ക്ക് അവരുടെ സ്ഥാനങ്ങള്‍ ഉറപ്പിക്കാനാണ് ശ്രദ്ധയെന്നും മന്ത്രി പറഞ്ഞു.
അറസ്റ്റിലായ കന്യാസ്ത്രീകള്‍ അംഗമായ സിറോ മലബാര്‍ സഭ ഇതുവരെ ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധം ഉന്നയിച്ചിട്ടില്ല. പേരിന് ഒരു പ്രസ്താവനയില്‍ പ്രതികരണം അവസാനിപ്പിച്ചിരിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here