ക്രൈസ്തവ പുരോഹിതർക്ക് ഗ്രാമങ്ങളിലേക്ക് നോ എൻട്രി; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സിറോ മലബാർ സഭ

ഛത്തീസ്ഗഢിലെ കാങ്കർ ജില്ലയിലെ എട്ട് ഗ്രാമങ്ങളിൽ ക്രൈസ്തവ പാസ്റ്റർമാർക്കും സമുദായ അംഗങ്ങൾക്കും പ്രവേശനം വിലക്കിക്കൊണ്ടുള്ള ബോർഡുകൾ സ്ഥാപിച്ചത് രാജ്യവ്യാപകമായി ചർച്ചയാകുന്നു. നിർബന്ധിത മതപരിവർത്തനം തടയുന്നത്തിനെന്ന പേരിൽ ഗ്രാമസഭകൾ സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഛത്തീസ്ഗഢ് ഹൈക്കോടതി തള്ളി. ഇതോടെ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സിറോ മലബാർ സഭ.

കാങ്കർ ജില്ലയിലെ താമസക്കാരനായ ദിഗ്ബൽ താണ്ടി സമർപ്പിച്ച റിട്ട് ഹർജിയാണ് ചീഫ് ജസ്റ്റിസ് രമേഷ് സിൻഹയും ജസ്റ്റിസ് ബിഭു ദത്ത ഗുരുവും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളിയത്. തദ്ദേശീയ ഗോത്രവർഗ്ഗക്കാരുടെയും പ്രാദേശിക സാംസ്കാരിക പൈതൃകത്തിൻ്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള മുൻകരുതൽ നടപടിയായിട്ടാണ് ഗ്രാമസഭകൾ ഈ ബോർഡുകൾ സ്ഥാപിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി ഹൈക്കോടതി തള്ളിയത്.

Also Read : മലയാളി കന്യാസ്ത്രീകളെ പോലീസിൽ ഏൽപ്പിച്ച് ഹിന്ദുത്വ സംഘടനകൾ; സഭാവസ്ത്രം ധരിച്ച് യാത്രചെയ്യാൻ ഭയപ്പെടുന്ന സ്ഥിതിയെന്ന് സിറോ മലബാർസഭ

ആകർഷകമായ സമ്മാനങ്ങൾ നൽകിയോ വഞ്ചനാപരമായ മാർഗ്ഗങ്ങളിലൂടെയോ നടത്തുന്ന നിർബന്ധിത മതപരിവർത്തനം തടയാൻ സ്ഥാപിച്ച ബോർഡുകൾ ഭരണഘടനാ വിരുദ്ധമായി കണക്കാക്കാനാവില്ലെന്നും കോടതി ചൂണ്ടികാട്ടി. ക്രിസ്ത്യൻ സമൂഹത്തെയും അവരുടെ മതനേതാക്കളെയും മുഖ്യധാരാ ഗ്രാമസമൂഹത്തിൽ നിന്ന് മാറ്റിനിർത്തുന്നു എന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എങ്കിലും, കോടതി ഇത് തള്ളി.

ഗ്രാമങ്ങളിലേക്ക് പ്രവേശിക്കാൻ സാധിക്കുമോ എന്നതിനെ ചൊല്ലി ക്രിസ്ത്യൻ ന്യൂനപക്ഷ സമുദായത്തിൽ വലിയ ഭയം ഉണർന്നിട്ടുണ്ട്. മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ് ഈ ബോർഡുകളെന്ന് സഭാ നേതൃത്വം വാദിക്കുന്നു. ഹൈക്കോടതി ഉത്തരവ് തങ്ങൾക്ക് വലിയ നിരാശയുണ്ടാക്കിയെന്നും, നീതിക്കായി എത്രയും പെട്ടെന്ന് സുപ്രീം കോടതിയെ സമീപിക്കുമെന്നും സീറോ മലബാർ സഭ അധികൃതർ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top