പറഞ്ഞു പറ്റിക്കുന്ന സര്‍ക്കാരുമായി ഏറ്റുമുട്ടലിന് ക്രൈസ്തവ സഭകള്‍; ജെബി കോശി റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ പ്രതിഷേധം കടുപ്പിക്കാന്‍ നീക്കം

തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ പതിവില്ലാത്ത വിധം ക്രൈസ്തവ സഭകളും ഇടതുമുന്നണിയുമായുള്ള അകല്‍ച്ച ഏറുകയാണ്. ക്രിസ്ത്യാനികളുടെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിക്കുന്നതിനായി നിയമിച്ച ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തതും എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തിലെ മെല്ലപ്പോക്കുമാണ് സഭകളെ ചൊടിപ്പിച്ചിരിക്കുന്നത്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുമ്പാണ് ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനു വേണ്ടി ജസ്റ്റിസ് ജെബി കോശി കമ്മീഷനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത്. വോട്ടു രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി ക്രൈസ്തവരെ പ്രീണിപ്പിക്കുക എന്നത് മാത്രമായിരുന്നു ഈ പ്രഖ്യാപനത്തിന്റെ പിന്നിലെന്ന് ഇപ്പോള്‍ ഏറെക്കുറെ തെളിയിക്കപ്പെട്ടു എന്നാണ് സഭകളുടെ പരാതി. 2023 മെയ് 17ന് ജെബി കോശി കമ്മീഷന്‍ സര്‍ക്കാരിന് ക്രൈസ്തവ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും നിര്‍ദ്ദേശങ്ങളൊന്നും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. റിപ്പോര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടണമെന്ന് കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (സിബിസിഐ) ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അനങ്ങിയിട്ടില്ല.
ക്രൈസ്തവരിലെ പിന്നാക്കക്കാര്‍ക്ക് കൂടുതല്‍ തൊഴില്‍ സംവരണം നല്‍കണമെന്നതുള്‍പ്പടെ റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇപ്പോഴും ഫയലില്‍ തന്നെയാണ്. കഴിഞ്ഞ ഒക്ടോബറില്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ന്യൂനപക്ഷവകുപ്പ് ശ്രമം തുടങ്ങിയിരുന്നു. 33 സര്‍ക്കാര്‍ വകുപ്പുകള്‍ക്കാണ് റിപ്പോര്‍ട്ടിന്മേല്‍ അഭിപ്രായം അറിയിക്കാന്‍ കത്തു നല്‍കിയത്. ഡിസംബറില്‍ രണ്ട് തവണ ഓര്‍മ്മപ്പെടുത്തിയിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ന്യൂനപക്ഷ മന്ത്രി വി അബ്ദുറഹ്‌മാന്‍ വകുപ്പു സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടും കാര്യമായ നീക്കങ്ങള്‍ നടന്നില്ല. കഴിഞ്ഞ അഞ്ചു വര്‍ഷമുണ്ടാകാത്ത എന്ത് പുരോഗതിയാണ് ഇക്കാര്യത്തില്‍ ഇനി ഉണ്ടാകാന്‍ പോകുന്നതെന്നാണ് സഭാ നേതാക്കളുടെ ചോദ്യം.
യാക്കോബായ- ഓര്‍ത്തഡോക്‌സ് തര്‍ക്കം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ വേണ്ട താല്‍്പര്യം കാണിക്കുന്നില്ലെന്ന നിലപാടിലാണ് ഓര്‍ത്തഡോക്‌സ് സഭ. ഇതിനും പുറമെയാണ് ആയിരക്കണക്കിന് എയിഡഡ് അധ്യാപകരുടെ നിയമനങ്ങള്‍ ക്രമീകരിക്കുന്നതിലെ കാലതാമസങ്ങളും സഭകളെ ചൊടിപ്പിച്ചിരിക്കുകയാണ്.
ജെബി കോശി കമ്മിഷന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിശോധിച്ച് അഭിപ്രായം സമര്‍പ്പിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി മൂന്നംഗ സമിതി രൂപീകരിച്ചെങ്കിലും കാര്യമായ ഒരു മുന്നേറ്റവും ഉണ്ടായില്ല. ഇതൊക്കെയാണ് സര്‍ക്കാരിനെതിരെ തിരിയാന്‍ സഭകളെ പ്രേരിപ്പിക്കുന്ന ഘടകകങ്ങള്‍.
മലയോര മേഖലകളില്‍ താമസിക്കുന്ന ജനവിഭാഗങ്ങളെ പ്രത്യേകിച്ച് ക്രൈസ്തവരെ പ്രീണിപ്പിക്കാന്‍ തട്ടിക്കുട്ടി രൂപം കൊടുത്ത വന്യജീവി നിര്‍മ്മാജ്ജന ബില്ലിലും സഭകള്‍ക്കും ജനങ്ങള്‍ക്കും പ്രത്യേകിച്ച് ആവേശമൊന്നുമില്ല. ജനവാസ മേഖലയിലിറങ്ങി മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊല്ലാന്‍ അധികാരം നല്‍കുന്ന വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കൊണ്ടുവന്നതാണെന്നാണ് സഭകളുടെ പൊതുവെയുള്ള വിലയിരുത്തല്‍. ഗവര്‍ണറും രാഷ്ട്രപതിയും അംഗീകാരം നല്‍കാനിടയില്ലാത്ത നിയമ ഭേദഗതി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് എന്നാണ് വിമര്‍ശനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here