ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ 471 വര്‍ഷത്തെ ചരിത്രം വഴിമാറി; മേധാവിയായി വനിത; സാറ മുല്ലാലി കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്

ഇംഗ്ലണ്ടിലെ ഔദ്യോഗിക സഭയായ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ (Church of England) മേധാവിയായി ഒരു വനിതയെ നിയമിച്ചു. 471 വര്‍ഷം പഴക്കമുള്ള സഭയിൽ ആദ്യമായാണ് ഒരു വനിതാ ബിഷപ്പ് പരമാധികാരിയായി നിയമിക്കപ്പെടുന്നത്. മുന്‍ നഴ്‌സും 63കാരിയുമായ സാറ മുല്ലാലിയെ (Sarah Mullaly) കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പായി ബ്രിട്ടനിലെ രാജാവായ ചാള്‍സ് മൂന്നാമന്‍ നിയമിച്ചു. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പായിരുന്ന ജസ്റ്റിന്‍ വില്‍ബി രാജിവെച്ച ഒഴിവിലേക്കാണ് സാറ നിയമിതയാവുന്നത്.
ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരമാധികാരിയാണ് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പായി അറിയപ്പെടുന്നത്. ലോകത്താകമാനമുള്ള 83 ലക്ഷത്തിലധികം വരുന്ന ആംഗ്ലിക്കന്‍ സഭാംഗങ്ങളുടെ ആത്മീയ ഗുരുവാണ് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്. ഈ പദവിയിലെത്തുന്ന 106മത്തെ വ്യക്തിയും ആദ്യ വനിതയെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയിലെ പ്രധാന സഭകളായ ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയും (Church of south India) ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയും (Church of North India) ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടുമായി ബന്ധമുള്ള സഭകളാണ്.
അടുത്ത വര്‍ഷം ജനുവരിയില്‍ നിയമനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും. മാര്‍ച്ചില്‍ ചുമതലയേല്‍ക്കും. 35 വര്‍ഷം നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ (NHS) നേഴ്‌സായി ജോലി ചെയ്തിരുന്നു. 1999ല്‍ സാറയുടെ 37മത്തെ വയസില്‍ ഇംഗ്ലണ്ടിലെ ചീഫ് നഴ്‌സിംഗ് ഓഫീസറായി നിയമിക്കപ്പെട്ടു. ഈ ഉന്നത പദവിയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു സാറ മുല്ലാലി. 2001ലാണ് സാറ വൈദിക വൃത്തിയിലേക്ക് തിരിഞ്ഞത്. 2018ല്‍ ബിഷപ്പായി നിയമിതയായി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here