സിഎന്‍ഐ സഭ മുന്‍ മോഡറേറ്റര്‍ നാലാം തവണയും അറസ്റ്റില്‍; ‘ദൈവദാസൻ’ ബിഷപ് പി സി സിങ് ഇത്തവണ കുടുങ്ങിയതും തട്ടിപ്പിനും വെട്ടിപ്പിനും

ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ (CNI) സഭയുടെ മുന്‍ മേലധ്യക്ഷൻ ബിഷപ്പ് പിസി സിംഗിനെ മധ്യപ്രദേശ് ഇക്കണോമിക് ഒഫന്‍സ് വിഭാഗം പോലീസ് അറസ്റ്റ് ചെയ്തു. കോടികളുടെ തട്ടിപ്പും വഞ്ചനയും നടത്തിയതിനാണ് അറസ്റ്റ്. കര്‍ണാടകയിലെ മാംഗ്ലൂരില്‍ നിന്നാണ് ഇയാളെ പൊക്കിയത്. വിവിധ സംസ്ഥാനങ്ങളിലായി 64ലധികം തട്ടിപ്പ്, വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തപ്പെട്ടിട്ടുണ്ട്. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.
കട്‌നിയിൽ സഭയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിന്റെ ഭൂമി റയില്‍വെക്ക് വിട്ടുകൊടുത്തതിന് നഷ്ടപരിഹാരമായി ലഭിച്ച 24 കോടി രൂപ, നാഗ്പൂര്‍ ഡയോസിഷന്‍ ട്രസ്റ്റ് അസോസിയേഷന്‍ ചെയര്‍മാന്‍ പോള്‍ ദുപാരയുമായി ചേര്‍ന്ന് അടിച്ച് മാറ്റിയതിനാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാജരേഖകള്‍ ചമച്ചാണ് ഇവരും ഈ തുക കൈക്കലാക്കിയത്. നഷ്ടപരിഹാരമായി ലഭിച്ച തുകയെക്കുറിച്ച് സ്‌കൂളിനെയോ, ട്രസ്റ്റ് അസോസിയേഷനേയോ അറിയിക്കാതെ സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റി എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
ഇയാള്‍ക്കെതിരെ 150 കോടിയിൽപരം രൂപയുടെ തട്ടിപ്പ് നടത്തിയതിന് വിവിധ സംസ്ഥാനങ്ങളിലാണ് കേസുകള്‍ നിലവിലുള്ളത്. സഭയുടെ സ്വത്തുക്കള്‍ മറിച്ച് വില്‍ക്കുകയും കണക്കില്‍ തിരിമറി കാണിച്ച് സ്ഥാപനങ്ങളുടെ പണം അടിച്ചുമാറ്റിയതിന്റെ പേരിലാണ് കേസുകള്‍ ചുമത്തിയിരിക്കുന്നത്. ഇതുവരെ വിവിധ കേസുകളിലായി മൂന്ന് തവണ സിംഗ് ജയിലില്‍ കിടന്നിട്ടുണ്ട്.
സഹോദര സഭയായ ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ (CSI) സഭയുടെ മോഡറേറ്ററായിരുന്ന ബിഷപ്പ് ഗോവാദ ദൈവാശിര്‍വാദത്തെ 2018ല്‍ 45 കോടിയുടെ തട്ടിപ്പ് നടത്തിയതിന് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് വര്‍ഷം മുമ്പ് സഭയുടെ മറ്റൊരു മോഡറേറ്ററായിരുന്ന ധര്‍മ്മരാജ് റസാലം ഇഡി ചാര്‍ജ് ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ പ്രതിയാണ്. ഇതിനും പുറമെ കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളജ് അഡ്മിഷനുമായി ബന്ധപ്പെട്ട നിരവധി കേസുകളിലും റസാലം പ്രതിയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here