പറഞ്ഞതില്‍ ഉറച്ച് അടൂര്‍; പുഷ്പവതിക്ക് പരിഹാസവും വിമര്‍ശനവും; വീട് വളഞ്ഞ് പ്രതിഷേധിക്കാന്‍ ദളിത് സംഘടനകള്‍

സിനിമാ കോണ്‍ക്ലേവിലെ വിവാദ പരാമര്‍ശങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായി അടൂര്‍ ഗോപാലകൃഷ്ണന്‍. സര്‍ക്കാര്‍ ആര്‍ക്കെങ്കിലും സഹായധനം കൊടുക്കുന്നതിന് എതിരായല്ല സംസാരിച്ചത്. എന്നാല്‍ സിനിമ എന്ന മാധ്യമത്തെ അറിയാതെയും മുന്‍പരിചയമില്ലാത്തവര്‍ക്കും കോടികള്‍ നല്‍കുന്നതിനെ കുറിച്ചാണ് പറഞ്ഞത്. പണം നല്‍കുമ്പോള്‍ അവര്‍ക്കു കൃത്യമായ പരിശീലനം നല്‍കണമെന്നാണ് ഉദ്ദേശിച്ചതെന്നും അടൂര്‍ വ്യക്തത വരുത്തി.
ഒന്നും അറിയാതെ എത്തുന്നവര്‍ പണം വാങ്ങി ക്യാമറാമാന്മാരുടെ ഔദാര്യത്തില്‍ സിനിമ ചെയ്യുകയാണ്. ഇവരില്‍ പലരും ഒറ്റ ചിത്രത്തോടെ തന്നെ അപ്രത്യക്ഷരാകുകയാണ്. സ്ത്രീകള്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും എതിരായല്ല സംസാരിച്ചത്. അവരുടെ ഇടയില്‍ നിന്ന് നല്ല സംവിധായകര്‍ ഉയര്‍ന്നു വരണം എന്നാണ് പറയാൻ ശ്രമിച്ചത്. ആദ്യം സിനിമ എടുക്കാന്‍ ഒന്നരക്കോടി രൂപയാണ് നല്‍കുന്നത്. അത്രയും തുകയുടെ ആവശ്യമില്ല. 50 ലക്ഷം വീതം മൂന്നുപേര്‍ക്ക് കൊടുക്കണം. ഒന്നരക്കോടിയുടെ ബജറ്റിന് താന്‍ ഇതുവരെ സിനിമ എടുത്തിട്ടില്ലെന്നും അടൂര്‍ പറഞ്ഞു.
ഗായിക പുഷ്പവതി തന്റെ പ്രസംഗത്തിനിടയില്‍ എഴുന്നേറ്റുനിന്നു പ്രതിഷേധിച്ചത് പബ്ലിസിറ്റിക്കു വേണ്ടിയാണെന്നും അടൂര്‍ പറഞ്ഞു. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും സ്ത്രീകള്‍ക്കും സിനിമയെടുക്കാന്‍ പണം വെറുതെ കൊടുക്കരുതെന്നായിരുന്നു കോണ്‍ക്ലേവില്‍ അടൂര്‍ പ്രസംഗിച്ചത്. ഇതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ദളിത് സംഘടനകള്‍ ഇന്ന് അടൂര്‍ ഗോപാലകൃഷ്ണന്റെ വീട് വളഞ്ഞ് പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here