സി കെ ആശ ഡെപ്യൂട്ടി സ്പീക്കറായേക്കും; ഭാർഗവി തങ്കപ്പന് പിന്നാലെ ഈ പദവിയിലെത്താൻ സാധ്യതയുള്ള ദളിത് വനിത

ഭാർഗവി തങ്കപ്പനു ശേഷം സിപിഐയിൽ നിന്ന് മറ്റൊരു ദളിത് വനിത കൂടി ഡെപ്യൂട്ടി സ്പീക്കറായേക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായ സാഹചര്യത്തിൽ വൈക്കം എംഎൽഎയായ സി കെ ആശയുടെ പേര് സജീവമായി പരിഗണിക്കുന്നതായി സൂചന. രാഷ്ട്രീയ ധാർമികതയുടെ പേരിൽ ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഒഴിയുമെന്നാണറിയുന്നത്. പാർലമെന്ററി കീഴ്‌വഴക്കമനുസരിച്ച് പാർട്ടി പദവികൾ വഹിക്കുന്ന ഒരാൾ സ്പീക്കർ , ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്ത് തുടരുന്നത് അനുചിതവും ഈ പദവിയുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതുമാണ്.

പാർട്ടിപദവിയും, ഭരണഘടനാ പദവിയും ഒരുമിച്ച് വഹിക്കുന്നതിന് സാങ്കേതികമായും നിയമപരമായും യാതൊരു തടസ്സങ്ങളില്ല. പക്ഷേ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ എന്നീ ഭരണഘടനാ പദവികൾ വഹിക്കുന്നവർക്ക് പാർട്ടി പദവികൾ രാജിവെക്കേണ്ടതില്ലെന്ന് നിയമം അനുശാസിക്കുന്നില്ല. അതിനാൽ, സാങ്കേതികമായി ചിറ്റയം ഗോപകുമാറിന് രണ്ട് പദവികളും ഒരുമിച്ച് കൈകാര്യം ചെയ്യാൻ കഴിയും.

Also Read : സിപിഐ ഉണ്ടാക്കുന്ന ഡാമേജ് പരിഹരിക്കാൻ സമയമില്ല; ബിനോയ് വിശ്വത്തിനെതിരായ വിമർശനങ്ങൾ ചെന്നുകൊള്ളുന്നത് സർക്കാരിൽ

തുടർച്ചയായി രണ്ടാം തവണ സിപിഐയുടെ പ്രതിനിധിയായി വൈക്കത്ത് നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട സി കെ ആശയുടെ പേരാണ് നിലവിൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്. എട്ടാം കേരള നിയമസഭയില്‍ 1987 മുതല്‍ 1991 വരെ സിപിഐ നേതാവായിരുന്ന ഭാർഗവി തങ്കപ്പൻ ഡെപ്യൂട്ടി സ്പീക്കറാ യിരുന്നു. സംസ്ഥാനത്ത് നിന്ന് ലോക്സഭയിലേക്ക് ജയിച്ച ആദ്യ ദലിത് വനിത എന്ന റെക്കോർഡും ഭാർഗവി തങ്കപ്പൻ്റ പേരിലാണ്. 1977 ല്‍ നെടുവത്തൂരില്‍ നിന്ന് ആദ്യമായി നിയമസഭയിലെത്തി. 1980 മുതല്‍ കിളിമാനൂര്‍ മണ്ഡലത്തെ തുടർച്ചയായി പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 1991 ൽ രാജീവ് ഗാന്ധി വധത്തെ തുടർന്ന് പരാജയപ്പെട്ടെങ്കിലും 1996 ൽ വീണ്ടും കിളിമാനൂരിൽ നിന്ന് ജയിച്ചു കയറി.

Also Read : ചോർന്ന കത്ത് സിപിഎമ്മിനെ വല്ലാതെ വേട്ടയാടും; ഇടനിലക്കാരന്‍ നേതാക്കളുമൊത്ത് വ്യാപക തട്ടിപ്പുകള്‍ നടത്തിയെന്ന ഷർഷാദിൻ്റെ ആക്ഷേപം ഞെട്ടിക്കുന്നത്

രണ്ടാം കേരള നിയമ സഭയിൽ (1960- 1964 ) ഡെപ്യൂട്ടി സ്പീക്കറാ യിരുന്ന എ നഫീസത്ത് ബീവിയാണ് ഈ പദവിയിലെത്തിയ ആദ്യ വനിത. 1960 ൽ ആലപ്പുഴ യിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച നഫീസത്ത് ബീവി സിപിഐയുടെ നേതാവും മുൻ മന്ത്രിയുമായ ടി വി തോമസിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. കേരള നിയമസഭയുടെ ആദ്യ വനിത ഡെപ്യൂട്ടി സ്​പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. അക്കാലത്ത് സ്​പീക്കറായിരുന്ന കെ.എം. സീതിസാഹിബ് മരിച്ചപ്പോൾ നാല്പതു ദിവസവും പിന്നീട് സ്​പീക്കറായ സി.എച്ച്. മുഹമ്മദ് കോയ രാജിവച്ചപ്പോഴും നഫീസത്ത് ബീവി സ്​പീക്കറുടെ ചുമതല വഹിച്ചിട്ടുണ്ട്. നഫീസത്ത് ബീവിയും ഭാർഗവി തങ്കപ്പനും വഹിച്ച ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്ക് സി കെ ആശ എത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top