ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി സ്കൂൾ ടോയ്‌ലറ്റിൽ പ്രസവിച്ചു; പ്രതി പിടിയിൽ

കർണാടകയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി സ്കൂളിൽ പ്രസവിച്ചു. യാദ്ഗിർ ജില്ലയിലെ ഒരു സർക്കാർ റെസിഡൻഷ്യൽ സ്കൂളിലാണ് സംഭവം. 17 വയസ്സുള്ള കുട്ടിയാണ് സ്കൂളിലെ ടോയ്‌ലറ്റിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ഈ മാസം 27ന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പൊലീസ് പുറത്തു വിട്ടത് .
ക്ലാസ്സിൽ ഇരുന്ന വിദ്യാർത്ഥിനി വയറുവേദന അനുഭവപെട്ടതോടെയാണ് ശുചിമുറിയിൽ പോയത്. കുട്ടിയുടെ അവസ്ഥ കണ്ട സഹപാഠികളാണ് സ്കൂൾ അധികൃതരെ വിവരമറിയിച്ചത്. തുടർന്ന് ഇവർ എത്തിയാണ് വിദ്യാർത്ഥിനിയെയും കുഞ്ഞിനേയും ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ ഇരുവരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്നാണ് റിപ്പോർട്ട്.
എഫ്‌ഐആർ പ്രകാരം, ഹോസ്റ്റലിൽ താമസിച്ചിരുന്ന പെൺകുട്ടി പൂർണ്ണ ഗർഭിണിയായിരുന്നു. ഒരു അജ്ഞാത വ്യക്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് വിവരം. കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്ന പെൺകുട്ടി സംഭവത്തിനെ കുറിച്ച് കൂടുതലൊന്നും പ്രതികരിച്ചില്ല. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ടോയ്‌ലറ്റിൽ പ്രസവിച്ചു എന്ന് മാത്രമാണ് വെളിപ്പെടുത്തിയത്. സംഭവത്തിൽ 28 വയസുള്ള യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
സംഭവം പുറത്തറിയികാത്തിരിക്കാൻ കുട്ടിയുടെ സഹോദരൻ ശ്രമിച്ചതായാണ് വിവരം. ഇയാളുടെ അഭ്യർത്ഥന പ്രകാരം സ്കൂൾ അധികൃതർ പ്രസവം റിപ്പോർട്ട് ചെയ്തില്ല. സഹോദരനെ കൂടാതെ ഹോസ്റ്റൽ വാർഡൻ, സ്കൂൾ പ്രിൻസിപ്പൽ, സ്റ്റാഫ് നഴ്‌സ്, എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തു. പ്രിൻസിപ്പലും ഹോസ്റ്റൽ വാർഡനും ഉൾപ്പെടെ സ്കൂളിലെ നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here