മാവോയിസ്റ്റ് ബാധിത പട്ടികയിൽ നിന്ന് കേരളത്തെ ഒഴിവാക്കല്ലേ, ഫണ്ട് പോരട്ടെയെന്ന് മുഖ്യമന്ത്രി

രാജ്യത്ത് മാവോയിസ്റ്റ് ഭീഷണിയുള്ള ജില്ലകളുടെ പട്ടിയിൽ നിന്ന് കണ്ണൂരിനേയും വയനാടിനേയും ഒഴിവാക്കിയത് പുന: പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു. മാവോയിസ്റ്റ് ഭീഷണി നേരിടാൻ പ്രതിവർഷം 20 കോടി രൂപയാണ് കേരളത്തിന് കേന്ദ്രം അനുവദിച്ചിരുന്നത്. ഭീഷണി ഒഴിവായെന്ന് കണക്കാകി പട്ടികയിൽ നിന്ന് ഈ ജില്ലകൾ ഒഴിവായാൽ ഫണ്ട് നിർത്തലാവും. ഇത് കൂടി കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ അപേക്ഷ.

അതേസമയം ഇക്കാര്യം റിപ്പോർട്ട് ചെയ്തപ്പോൾ ‘ദ ഹിന്ദു’ ദിനപ്പത്രത്തിന് ഗുരുതര പിഴവ് പറ്റി. വയനാടിനെയും കണ്ണൂരിനേയും മാവോയിസ്റ്റ് ബാധിത ജില്ലകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട് ചെയ്തത്. ഇതടക്കം കേരളത്തിൻ്റെ ആവശ്യം മുഖ്യമന്ത്രിയുടെ എക്സ് പോസ്റ്റിൽ കൃത്യമായി പറഞ്ഞിരുന്നു. ആധികാരികതയുടെ അവസാന വാക്കെന്ന് പലരും കണക്കാക്കുകയും, സ്വയം അവകാശപ്പെടുകയും ചെയ്യുന്ന പത്രമാണ് ദ ഹിന്ദു.

https://twitter.com/pinarayivijayan/status/1976269614880583696?s=46&t=PcX5Up8UPQDOMxy1eEf0jA

ഈ വർഷം ഏപ്രിലിലാണ് മാവോയിസ്റ്റ് ഭീഷണിയുള്ള സംസ്ഥാനങ്ങളുടെ കേന്ദ്ര പട്ടികയിൽ നിന്ന് കേരളത്തെ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്രം പുറപ്പെട്ടുവിച്ചത്. നിലവിൽ എൻഐഎ കുറ്റപത്രം കൊടുത്ത കേരളത്തിലെ അഞ്ചു മാവോയിസ്റ്റ് കേസുകളുടെ നടപടികൾ തുടരുകയാണ്. മാവോയിസ്റ്റ് വേട്ടക്കായി ലഭിക്കുന്ന പണം ഉപയോഗിച്ച് ആണ് പൊലീസ് സേനയുടെ ആധുനികവൽക്കരണവും വികസന പ്രവർത്തനങ്ങളും ഒരുപരിധി വരെ നടക്കുന്നത്. അതുകൊണ്ട് തന്നെ അത് നിലയ്ക്കുന്നത് വലിയ തിരിച്ചടിയാണ്.

ALSO READ : ഇരട്ടത്താപ്പേ, നിൻ പേരോ സിപിഎം!! ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് വെടിവയ്പ്പില്‍ പ്രതിഷേധിച്ച് പിബി; ഇവിടെ ഏഴ് പേരെ കൊന്നു തള്ളിയപ്പോള്‍ മിണ്ടിയില്ല

വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ വനമേഖലകളായിരുന്നു മാവോയിസ്റ്റ് ഭീഷണിയുണ്ടായിരുന്ന പ്രദേശങ്ങൾ. ഇതിൽ വയനാട്ടിലായിരുന്നു കൂടുതൽ ഭീഷണി നിലനിന്നിരുന്നത്. 2016ൽ പിണറായി വിജയൻ അധികാരമേറ്റ ശേഷം പലപ്പോഴായി പോലീസുമായി ഏറ്റുമുട്ടലുകളിൽ എട്ടുപേർ കൊല്ലപ്പെട്ടതോടെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ ഏറെക്കുറെ നിലച്ച മട്ടാണ്.

കേരളത്തിന്റെ സംഘടനാ ചുമതല വഹിച്ചിരുന്ന കേന്ദ്ര കമ്മിറ്റിയംഗം കുപ്പുദേവരാജ് കൊല്ലപ്പെട്ടതാണ് സംഘത്തിന് ഏറ്റവും തിരിച്ചടിയായത്. മലപ്പുറം കരുളായിയിൽ 2016 നവംബർ നാലിനുണ്ടായ നേരിട്ടുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം കുപ്പുസ്വാമി (ദേവരാജ്), അജിത (കാവേരി) എന്നിവർ ആണ് കൊല്ലപ്പെട്ടത്. വേൽമുരുകൻ, മണിവാസകം, രമ, അരവിന്ദ്, കാർത്തിക്, സി പി ജലീൽ തുടങ്ങിയവരെയും പലപ്പോഴായി തണ്ടർബോൾട്ട് പോലീസ് വെടിവച്ച് തീർക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top