വാവിട്ട വാക്കിലൂടെ പ്രതിപക്ഷത്തിന് ആയുധം നൽകി മുഖ്യമന്ത്രി; സ്വർണപ്പാളിക്ക് പുറമെ ഇനി ഇതിലും സമാധാനം പറയണം

ഇതുവരെ സ്വീകരിച്ചിരുന്ന സംയമനം വെടിഞ്ഞ് പ്രതിപക്ഷ പ്രകോപനത്തിൽ വീണ് സര്‍ക്കാര്‍. ഇന്നലെ നിയമസഭയില്‍ എല്ലാ നിയന്ത്രണങ്ങളും വിട്ട് മുഖ്യമന്ത്രി രൂക്ഷ പ്രതികരണവുമായി രംഗത്ത് എത്തിയതോടെ മികച്ചൊരു അവസരം വീണുകിട്ടിയ മട്ടിലായി പ്രതിപക്ഷം. ശബരിമല സ്വര്‍ണ്ണപാളി വിഷയത്തില്‍ മൂന്നു ദിവസമായി നിയമസഭയില്‍ അരങ്ങേറുന്ന പ്രതിഷേധങ്ങളിലെ പ്രതികരണത്തിലാണ് ഭരണപക്ഷം പ്രതികൂട്ടിലായത്. ഇന്നലത്തെ സംഭവം വരെ നിയമസഭയ്ക്കുള്ളില്‍ മാത്രമല്ല, പുറത്തും വളരെ കരുതലോടെയും നിയന്ത്രണത്തോടെയുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. മാത്രമല്ല മറ്റു നേതാക്കളോട് പ്രതികരണങ്ങളില്‍ ശ്രദ്ധചെലുത്തണമെന്ന നിര്‍ദ്ദേശം നല്‍കുന്നതും അദ്ദേഹമാണ്. ആ മുഖ്യമന്ത്രിയാണ് ഇന്നലെ പ്രതിപക്ഷത്തിന് ആയുധം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ മൂന്നു ദിവസമായി നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം വളരെ രൂക്ഷമായിരുന്നു. കഴിഞ്ഞ ഒന്‍പതുവര്‍ഷമായി സ്പീക്കറുടെ മുഖം മറച്ച് ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തികൊണ്ടുള്ള പ്രതിഷേധമാണ് യുഡിഎഫിന്റെ നേതൃത്വത്തിൽ പലപ്പോഴും നിയമസഭയില്‍ നടത്തുന്നതും. അത് ചട്ടപ്രകാരം പാടില്ലെങ്കിലും ഇതുവരെ അക്കാര്യത്തില്‍ നടപടികള്‍ ഒന്നും സഭ സ്വീകരിച്ചിട്ടില്ല. പലപ്പോഴും പ്രതിപക്ഷത്തിന് താക്കീത് നല്‍കിയിട്ടുണ്ട്. ശബരിമലയിലെ സ്വര്‍ണ്ണപാളി വിഷയത്തിലും ഒരുതരത്തിലുള്ള ചര്‍ച്ചയ്ക്കും നോട്ടീസ് നല്‍കാതെ വെറുതെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന ആരോപണമാണ് ഭരണപക്ഷബെഞ്ചുകള്‍ ഉയര്‍ത്തിയിരുന്നത്. മന്ത്രിമാരായ എം ബി രാജേഷും പി രാജീവും അവയൊക്കെ ഫലപ്രദമായി പ്രതിരോധിക്കുകയും ചെയ്തിരുന്നു.

Also Read: മാത്യു കുഴല്‍നാടനോടുള്ള കലിപ്പ് തീരാതെ പിണറായി വിജയന്‍; മാസപ്പടിക്കേസ് പറഞ്ഞ് ഇന്നും സഭയില്‍ പരിഹാസം

അതിനെത്തുടര്‍ന്നാണ് ഇന്നലെ പ്രതിഷേധത്തിന്റെ രീതിതന്നെ പ്രതിപക്ഷം മാറ്റിയത്. പതിവുപോലെ സ്പീക്കറുടെ മുഖം മറച്ച് ബാനര്‍ പിടിക്കുക മാത്രമല്ല, കുറേക്കൂടി രൂക്ഷമായ പ്രതികരണമാണ് അവര്‍ നടത്തിയത്. പതിവിന് വിരുദ്ധമായി മുഖ്യമന്ത്രിക്ക് മുന്നിലേയക്ക് അംഗങ്ങള്‍ നീങ്ങിയെന്നാണ് ഭരണപക്ഷം കുറ്റപ്പെടുത്തുന്നത്. വാച്ച് ആന്റ് വാര്‍ഡിന് നേരെയും പ്രതിഷേധമുണ്ടായി. സ്പീക്കറുടെ ഡയസില്‍ കയറാനും ശ്രമിച്ചു. ഈ സംഭവങ്ങളെ മന്ത്രി രാജേഷ് വിമര്‍ശിച്ചു. അതിനുശേഷമാണ് മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടത്. അദ്ദേഹം തുടക്കത്തില്‍ സംയമനത്തോടെയാണ് കാര്യങ്ങള്‍ അവതരിപ്പിച്ചത്. സഭാ നടപടികള്‍ തടസപ്പെടുത്തുന്നതിനെ അപലപിച്ച മുഖ്യമന്ത്രി പിന്നെ, മാത്യു കുഴല്‍നാടനുമായി ബന്ധപ്പെട്ട പരാമര്‍ശത്തിലേക്ക് എത്തിയപ്പോഴാണ് തന്റെ നില വിട്ടത്.

Also Read: കുഴൽനാടൻ കോപ്പിയടിക്കാൻ ശ്രമിച്ച് പിടിക്കപ്പെട്ടു എന്നത് സിപിഎമ്മിൻ്റെ കെട്ടുകഥയല്ല!! ഡീബാർ ചെയ്യപ്പെട്ടത് സ്ഥിരീകരിച്ച് മാത്യു

മാസപ്പടി ആരോപണത്തിൻ്റെയും മറ്റും പേരിൽ മുഖ്യമന്ത്രിയെയും കുടുംബത്തെയും പതിവായി വിമർശിക്കുന്ന കുഴൽനാടനെ അദ്ദേഹത്തിൻ്റെ ശാരീരിക അവസ്ഥയുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രി ബോഡി ഷെയിമിങ് നടത്തിയെന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണം. മാധ്യമങ്ങളും ഇത് ഏറ്റുപിടിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ മാപ്പുപറയണമെന്നാണ് ആവശ്യം. സ്വര്‍ണ്ണപാളി വിഷയത്തില്‍ തുടങ്ങിയ പ്രതിഷേധം ഇനി ഇതിലേയ്ക്കുകൂടി നീങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, ഹൈക്കോടതി തന്നെ ഉന്നതതല അന്വേഷണസംഘത്തെ ഇതേക്കുറിച്ച് പരിശോധിക്കാൻ നിയോഗിച്ച സാഹചര്യത്തില്‍ പ്രശ്‌നം അവസാനിക്കുമെന്ന് കരുതിയിരുന്നു എങ്കിലും ഇത്തരം സംഭവങ്ങള്‍ വിഷയങ്ങള്‍ നീട്ടികൊണ്ടുപോകുന്നതിന് വഴിവയ്ക്കുമെന്ന അഭിപ്രായവും ശക്തമായിട്ടുണ്ട്.

Also Read: ഒളിച്ചോടില്ലെന്ന് കുഴൽനാടൻ; അറ്റൻഷൻ സീക്കിംഗ് സിൻഡ്രോമിന് മറുപടിയില്ല; എ.കെ.ബാലന് സംവാദത്തിന് ക്ഷണം

എന്നാല്‍ ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്നാണ് സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട്. ശാരീരികമായി അധിക്ഷേപിക്കുന്ന ഒരു പ്രസ്താവനയും മുഖ്യമന്ത്രി നടത്തിയിട്ടില്ല എന്നാണ് സിപിഎം വൃത്തങ്ങള്‍ പറയുന്നത്. ഒരു പഴഞ്ചൊല്ലാണ് മുഖ്യമന്ത്രി ഉദ്ധരിച്ചത്. മാത്രമല്ല കുഴല്‍നാടന്‍ തന്നെ മാസപ്പടി കേസിൻ്റെയും മറ്റും പേരിൽ മുഖ്യമന്ത്രിയേയും കുടുംബത്തേയും കഴിഞ്ഞ കുറേക്കാലമായി അധിക്ഷേപിക്കുന്നുണ്ട്. രാജ്യത്തെ സകല കോടതികളും കുഴല്‍നാടന്റെ ആരോപണങ്ങളെ ചവറ്റുകൊട്ടയില്‍ എറിഞ്ഞ സാഹചര്യത്തില്‍ ആദ്യം അദ്ദേഹമാണ് മുഖ്യമന്ത്രിയോട് മാപ്പുപറയേണ്ടത്. നിയമസഭയ്ക്കുള്ളില്‍ തന്നെ പലതവണ ചട്ടപ്രകാരവും അല്ലാതെയും കുഴല്‍നാടന്‍ ഇത്തരം പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. ആദ്യം അതൊക്കെ പിന്‍വലിച്ച് മാപ്പു പറയട്ടേയെന്നാണ് സിപിഎമ്മിന്റെ നിലപാട്.

Also Read: ‘രാഷ്ട്രീയ പോരാട്ടം നടത്തേണ്ടത് കോടതിയിലല്ല’; മാസപ്പടി കേസുമായി എത്തിയ മാത്യു കുഴല്‍നാടനെ ഓടിച്ച് സുപ്രീം കോടതി

മാത്രമല്ല, കെപിസിസി പ്രസിഡന്റായിരുന്ന കെ സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ പലതവണ പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ചിട്ടുണ്ട്. അന്നൊന്നും അതിനെ ഒന്ന് അപലപിക്കാനോ, തിരുത്തണമെന്ന് പറയാനോ കോണ്‍ഗ്രസിൽ ആരും രംഗത്തുവന്നിട്ടില്ല. അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലെന്ന നിലപാടാണ് അവരൊക്കെ സ്വീകരിച്ചത്. അതിലൊന്നും ഒരു കുഴപ്പവും കാണാത്തവര്‍ പിണറായി വിജയനെതിരെ മാത്രം തിരിയുന്നത് ഒരു പ്രത്യേക തരം രോഗമാണെന്നും അവര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് എന്തു പ്രശ്‌നമുണ്ടായാലും നേരിടാന്‍ പാര്‍ട്ടി സജ്ജമാണെന്നും സിപിഎം വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top