സ്വന്തം കാര്യം വരുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രി അത്ര പോരാ; പൊതുജനാരോഗ്യം നമ്പര്‍ വണ്‍ എന്ന് കൊട്ടിഘോഷിക്കുന്നവരുടെ തനിനിറം കാണുക.

കേരളത്തിന്റെ പൊതുജന ആരോഗ്യമേഖല ലോകോത്തരമാണെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഇടത് നേതാക്കളും പെരുമ്പറ കൊട്ടുമ്പോഴും സ്വകാര്യ ആശുപത്രി കളിലും വിദേശത്തും ചികിത്സ നേടുന്നവരാണ് ഭരണാധികാരികള്‍. കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടയില്‍ ഒട്ടുമിക്ക മന്ത്രിമാരും അവരുടെ ഭാര്യമാരും മക്കളുമൊക്കെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ചികിത്സ നേടിയ ഇനത്തില്‍ ലക്ഷങ്ങളാണ് ഖജനാവില്‍ നിന്ന് നേടിയത്. ഇത്ര മഹത്തായ പൊതുജനാരോഗ്യ സ്ഥാപനങ്ങള്‍ ഉള്ളപ്പോള്‍ എന്തിന് സ്വകാര്യ ആശുപത്രിയിലും വിദേശത്തും ചികിത്സ തേടിയെന്ന ചോദ്യത്തിന് മറുപടി പറയാതെ മുങ്ങുകയാണ് പതിവ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം ചികിത്സക്ക് പറന്നത് അമേരിക്കയിലെ മയോ ക്ലിനിക്കിലേക്കാണ്. ഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിച്ചായിരുന്നു മുഖ്യമന്ത്രിയുടെ അമേരിക്കന്‍ ചികില്‍സ. 2024 ഫെബ്രുവരി മാസത്തില്‍ ഭാര്യ കമലയുടെ ചികിത്സക്ക് 2.69 ലക്ഷം അനുവദിച്ചിരുന്നു. ഈ ഉത്തരവില്‍ ഏത് ആശുപത്രിയിലെ ചികിത്സ എന്ന് പോലും ഉണ്ടായില്ല. 24.7.2023 മുതല്‍ 2. 8-2023 വരെയാണ് കമല ചികിത്സ തേടിയത്. ഒമ്പത് ദിവസത്തെ ചികിത്സ കമല തേടിയപ്പോള്‍ ഖജനാവില്‍ നിന്ന് ഒഴുകിയത് ലക്ഷങ്ങളായിരുന്നു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു മകന്റെ ചികിത്സക്കായി പോയത് എറണാകുളം ലിസി ആശുപത്രിയില്‍ ആയിരുന്നു. അതിന്റെ ചെലവും സര്‍ക്കാര്‍ വക.
മുന്‍ ഗതാഗതമന്ത്രി ആന്റണി രാജു ത്വക്ക് ചികിത്സക്ക് പോയത് തിരുവനന്തപുരത്തെ ഡോ. യോഗിരാജ് സെന്റര്‍ ഫോര്‍ ഡെര്‍മറ്റോളജിയില്‍. ആന്റണി രാജുവിന്റെ അമ്മ ചികിത്സതേടിയത് അനന്തപുരി ഹോസ്പിറ്റലില്‍. മകള്‍ ചികിത്സതേടിയത് ജി ജി ആശുപത്രിയിലും സെറിന്‍ സ്‌കിന്‍ ആന്റ് ലേസര്‍ സെന്ററിലും. ആന്റണി രാജുവിന്റെ ഭാര്യ ചികിത്സ തേടിയത് ഡോ മോഹന്‍ദാസ് ഡയബെറ്റിസ് സ്‌പെഷ്യാലിറ്റിസ് സെന്ററിലും. എല്ലാ ചെലവും വഹിച്ചത് സര്‍ക്കാര്‍ തന്നെ.
ALSO READ : കേരളം NO: 1; മന്ത്രിമാരുടെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ, ലക്ഷങ്ങൾ പൊടിക്കുന്നു
തദ്ദേശ മന്ത്രി എം.ബി രാജേഷ് ചികിത്സ തേടിയത് എറണാകുളത്തെ ലിസി ഹോസ്പിറ്റലില്‍. ഭാര്യ നിനിത കണിച്ചേരിയും ലിസി ഹോസ്പിറ്റലില്‍ ചികിത്സിച്ചു. ആ ഇനത്തിലും ഖജനാവില്‍ നിന്ന് പോയത് ലക്ഷങ്ങള്‍ .വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍ കുട്ടി ചികിത്സ തേടിയത് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി, ചെന്നെ അപ്പോള ആശുപത്രി, കോയമ്പത്തൂര്‍ കോവൈ മെഡിക്കല്‍ സെന്റര്‍ എന്നിവിടങ്ങളില്‍ ആയിരുന്നു. കൃഷ്ണന്‍കുട്ടിയുടെ ഭാര്യ ചികിത്സക്ക് പോയത് കൊച്ചിയിലെ അമൃത ഹോസ്പിറ്റലിലും പാലക്കാട് ലക്ഷ്മി ഹോസ്പിറ്റലിലും ആയിരുന്നു.
വിദ്യാഭ്യാസ മന്ത്രി. വി. ശിവന്‍കുട്ടിയുടയും ഭാര്യ പാര്‍വ്വതിദേവിയുടേയും ചികിത്സക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കിയത് 10,12,894 രൂപയാണ്. തിരുവനന്തപുരത്ത് പേരുകേട്ട സര്‍ക്കാര്‍ ആശുപത്രികള്‍ ധാരാളമുണ്ടെങ്കിലും അസുഖം വന്നാല്‍ ശിവന്‍കുട്ടിയും ഭാര്യയും എത്തുന്നത് കിംസ് ആശുപത്രിയിലേക്കാണ്. കിംസ് ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍, ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തില്‍ ആണ് മന്ത്രി വി. ശിവന്‍കുട്ടി ചികില്‍സ തേടിയത്. കിംസ് ആശുപത്രിയിലെ എന്‍ഡോക്രൈനോളജി വിഭാഗത്തിലാണ് ശിവന്‍കുട്ടിയുടെ ഭാര്യ പാര്‍വ്വതി ദേവി ചികിത്സ തേടിയത്. മുന്‍ പി.എസ്.സി അംഗമാണ് പാര്‍വ്വതി ദേവി. പ്രമേഹ ചികിത്സക്കും മന്ത്രി എത്തുന്നത് സ്വകാര്യശുപത്രിയിലേക്കാണ്. പൂജപ്പുരയിലെ ജ്യോതിദേവ്‌സ് ഡയബറ്റിസ് ആന്റ് റിസര്‍ച്ച് സെന്ററിലാണ് ശിവന്‍കുട്ടിയുടെ പ്രമേഹരോഗ ചികിത്സ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here