‘ശ്രീനിയുടേത് പരിശ്രമശാലികൾക്കുള്ള പാഠപുസ്തകം’; സിനിമയിലെ മാമൂലുകൾ തകർത്ത പ്രതിഭയ്ക്ക് മുഖ്യമന്ത്രിയുടെ പ്രണാമം

പ്രശസ്ത നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത വലിയൊരു നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചലച്ചിത്ര ലോകത്തിന്റെ സമസ്ത മേഖലകളിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച അപൂർവ്വം പ്രതിഭകളിൽ ഒരാളായിരുന്നു ശ്രീനിവാസനെന്നും അദ്ദേഹം അനുസ്മരിച്ചു.

Also Read : ആങ്കറിനെ കൊണ്ട് മെഗാസ്റ്റാർ എന്ന് വിളിപ്പിച്ച് മമ്മൂട്ടി; ശ്രീനിവാസന്റെ പഴയ വിവാദ പരാമർശം കുത്തി പൊക്കി സോഷ്യൽ മീഡിയ

പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ സ്വാധീനിക്കുന്നതിലും ശ്രീനിവാസനെപ്പോലെ വിജയിച്ച ചലച്ചിത്രകാരന്മാർ ചുരുക്കമാണ്. സിനിമയിലെ നിലനിന്നുപോന്ന പല മാമൂലുകളെയും തകർത്തുകൊണ്ടാണ് അദ്ദേഹം ചുവടുവെച്ചത്. കടുത്ത വിമർശനത്തിന് വിധേയമാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ തന്റെ ആശയങ്ങൾ സരസമായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി കൂടി വലിയൊരു നഷ്ടമാണ് ശ്രീനിവാസന്റെ വേർപാട്. ഒരു അഭിമുഖത്തിനായി ഒരുമിച്ചിരുന്നപ്പോൾ അദ്ദേഹം പങ്കുവെച്ച നർമ്മമധുരമായ സംഭാഷണങ്ങൾ ഇന്നും ഓർക്കുന്നു. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായിരുന്നു അദ്ദേഹം.

Also Read : ശ്രീനിവാസന്‍ അന്തരിച്ചു; മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ പ്രതിഭ

കണ്ണൂരിലെ പാട്യത്ത് സാധാരണക്കാരനായി ജനിച്ചുവളർന്ന് സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് സ്വന്തം പ്രയത്നത്തിലൂടെ ഉന്നതിയിലെത്തിയ ശ്രീനിവാസന്റെ ജീവിതം ഏതൊരു പരിശ്രമശാലിക്കും ഒരു പാഠപുസ്തകമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മലയാളികളുടെ മനസ്സിൽ മങ്ങാതെ നിൽക്കുന്ന ഒട്ടേറെ കഥാപാത്രങ്ങളെയും സിനിമകളെയും സമ്മാനിച്ചാണ് ശ്രീനിവാസൻ വിടവാങ്ങുന്നത്. അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്ര രംഗത്തിന് വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top