ഒരു ഡോക്ടറുടെ ‘പ്രൊഫഷണല്‍ സൂയിസൈഡ്’; മുഖ്യമന്ത്രി ഡോ.ഹാരിസിനെ കൈകാര്യം ചെയ്യാന്‍ തുടങ്ങി; മറ്റുള്ളവര്‍ ഏറ്റുപിടിച്ചു; നമ്പര്‍വണ്‍ കേരളം ഇങ്ങനെ

കേരളത്തിലെ സര്‍ക്കാര്‍ മേഖലയിലുള്ള ആശുപത്രികളിലെ പ്രതിസന്ധി തുറന്ന് പറഞ്ഞതിന് ഡോ. ഹാരിസ് ചിറക്കല്‍ എല്‍ക്കേണ്ടി വരുന്ന വിമര്‍ശനം ചെറുതല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഹാരിസിന്റെ പേര് പറയാതെ വലിയ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ സിപിഎം മുഖപത്രമായ ദേശാഭിമാനി കടുത്ത പരാമര്‍ശങ്ങളുമായി മുഖപ്രസംഗം തന്നെ എഴുതി. ആശുപത്രികളില്‍ പ്രതിസന്ധിയുണ്ടെന്ന് സര്‍ക്കാരിനും പൊതുജനത്തിനും ബോധ്യമായിട്ടും തന്റെ രോഗികളുടെ ദുരവസ്ഥ പറഞ്ഞ ഡോക്ടറെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്.
ഡോക്ടറുടെ ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ച രീതിയില്‍ അല്ല പ്രവര്‍ത്തിച്ചത് എന്ന വിമര്‍ശനമാണ് മന്ത്രി സജി ചെറിയാന്‍ ഇന്ന് ഉന്നയിച്ചത്. മെഡിക്കല്‍ കോളേജിനേക്കാള്‍ മോശം രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികള്‍ ഉണ്ടെന്ന ന്യായീകരണവും മന്ത്രി സജി മുന്നോട്ടു വയ്ക്കുന്നുണ്ട്. ആദ്യം ഹാരിസിന് ഒപ്പം നിന്ന് ആരോഗ്യമന്ത്രിയടക്കം വിഷയത്തില്‍ ഇടപെട്ടെങ്കിലും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചതോടെ കളം മാറുകയാണ്.
ഡോക്ടറെ വിമര്‍ശിക്കുന്നവരാരും തന്നെ മാസങ്ങളായി ഹാരിസ് ഉന്നയിച്ച വിഷയത്തിന് പരിഹാരം ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്ന് ആരും മറുപടി പറയുന്നില്ല. സിസ്റ്റത്തില്‍ വീഴചയുണ്ടെന്ന് മാത്രം പറഞ്ഞ് മിണ്ടാതിരിക്കുകയാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഡോക്ടര്‍ വിമര്‍ശനം ഉന്നയിച്ചത് ചര്‍ച്ചയായതോടെ ഒറ്റ ദിവസം കൊണ്ട് ഹൈദരാബാദില്‍ നിന്ന് ഉപകരണങ്ങള്‍ എത്തിക്കുകയും രോഗികളുടെ ശസ്ത്രക്രിയകള്‍ നടക്കുകയും ചെയ്തു. ഇത് എന്തുകൊണ്ട് നേരത്തെ ആയില്ല എന്നത് വലിയ ചോദ്യമാണ്.
എല്ലാ വാതിലുകളും കൊട്ടിയടച്ചപ്പോഴാണ് ആശുപത്രിയിലെ പ്രതിസന്ധിയില്‍ പ്രതികരിച്ചതെന്ന് ഡോ. ഹാരിസ് ചിറക്കല്‍ ഇന്നും ആവര്‍ത്തിച്ചു. ഗത്യന്തരമില്ലാത്ത ഘട്ടത്തില്‍ താന്‍ നടത്തിയ ‘പ്രൊഫഷണല്‍ സൂയിസൈഡ്’ ആയിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരിയറും ജോലിയും ത്യജിച്ച് അത്രയും റിസ്‌കെടുത്താണ് മുമ്പോട്ട് വന്നത്. ആരും മുമ്പോട്ട് വരില്ല. ഒരുപക്ഷെ, ഇനി ഇങ്ങനെ വരാന്‍ കഴിയില്ല. ഒരിക്കല്‍പോലും മന്ത്രിസഭയേയോ ആരോഗ്യവകുപ്പ് മന്ത്രിയേയോ വകുപ്പിനേയോ കുറ്റപ്പെടുത്തിയിട്ടില്ല.
ഉദ്യോഗസ്ഥരെയാണ് താന്‍ കുറ്റപ്പെടുത്തുന്നത്. ബ്യൂറോക്രസിക്ക് പ്രശ്‌നങ്ങളുണ്ട്. ശിക്ഷാ നടപടികള്‍ വരുമെന്ന് ഉറപ്പുണ്ട്. മുഖ്യമന്ത്രി പറഞ്ഞത് ഒരു പരിധിവരെ ശരിയാണ്. അഭിപ്രായം തുറന്നുപറയുമ്പോള്‍ ആരോഗ്യമേഖലയ്ക്ക് ഇടിച്ചില്‍ ഉണ്ടാകും. മുഖ്യമന്ത്രി ഗുരുനാഥനാണ്. ഇടതുപക്ഷ സഹയാത്രികന്‍ എന്ന നിലയ്ക്ക് ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. എന്ത് ചെയ്താലും അദ്ദേഹത്തോടുള്ള ബഹുമാനത്തിന് ഒരു കുറവും ഉണ്ടാകില്ല, ഹാരിസ് ചിറക്കല്‍ പറഞ്ഞു.
ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ തുറന്ന് പറഞ്ഞ ഒരു ഡോക്ടറെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള തുടക്കമാണ് മുഖ്യമന്ത്രി കുറിച്ചത്. ആരോഗ്യമേഖലയെ ആകെ മോശമായി ചിത്രീകരിച്ചു എന്നാണ് വിമര്‍ശനം. ഈ രീതിയിലാണ് മുന്നോട്ടു പോകുന്നതെങ്കില്‍ ഡോക്ടര്‍ ഹാരിസിനെതിരെ നടപടിയും ഉറപ്പാണ്. എന്നിട്ട് ആവർത്തിച്ച് പറയുകയും ചെയ്യും നമ്പര്‍വണ്‍ ആരോഗ്യ കേരളം എന്ന്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here