ചില കാര്യങ്ങള്‍ക്ക് ട്രഷറിനിയന്ത്രണങ്ങള്‍ ബാധകമല്ല; മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ വാടകയായി 4 കോടി

ഖജനാവില്‍ പൂച്ച പെറ്റു കിടക്കുന്നു എന്ന പ്രതിപക്ഷ ആരോപണം നിലനില്‍ക്കുമ്പോഴും നാലു കോടി രൂപ ഹെലികോപ്റ്റര്‍ വാടകയിനത്തില്‍ ഒറ്റയടിക്ക് നല്‍കി സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയ്ക്കായിട്ടാണ് സ്വകാര്യ വിമാനക്കമ്പിനിയില്‍ നിന്ന് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത്. സാധാരണ ഗതിയില്‍ ഉപയോഗത്തിന് ശേഷം മാത്രം തുക നല്‍കുന്ന രീതിക്ക് വിപരീതമായി വരാനിരിക്കുന്ന മൂന്ന് മാസത്തെ വാടക കൂടി മുന്‍കൂറായി നല്‍കിയതിനെ പിന്നിലെ താല്പര്യമാണ് സെക്രട്ടറിയേറ്റിലെ പ്രധാന ചര്‍ച്ചാവിഷയം.
കഴിഞ്ഞ ഓഗസ്റ്റ് മാസം മുതല്‍ 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ക്ക് ട്രഷറിയില്‍ നിയന്ത്രണം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ഹെലികോപ്റ്റര്‍ വാടക നല്‍കുന്നതിനായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഈ നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചു. അധിക ഫണ്ടായി ഈ മാസം 20-നാണ് തുക അനുവദിച്ചത്. ഇതോടെ വിമാന കമ്പനിയായ ചിപ്‌സണ്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന് നാല് കോടി രൂപ ഉടന്‍ ലഭ്യമാകും. മുഖ്യമന്ത്രിക്ക് പുതിയ രണ്ട് കാറുകള്‍ വാങ്ങാന്‍ കഴിഞ്ഞ മാസം ഒരു കോടി 10 ലക്ഷം അനുവദിച്ചതും ട്രഷറി നിയന്ത്രണങ്ങള്‍ മറികടന്നു കൊണ്ടാണ്. കുടിശികയിനത്തില്‍ കോടികള്‍ കരാറുകാര്‍ക്കും മറ്റും നല്‍കാനുള്ളപ്പോഴാണ് പിണറായിക്ക് പുത്തന്‍ കാറുകള്‍ വാങ്ങാനും ഹെലികോപ്റ്റര്‍ വാടക കുടിശിക നല്‍കാനും പണം ചെലവഴിക്കുന്നത്.

2025 ഒക്ടോബര്‍ 20 മുതല്‍ 2026 മാര്‍ച്ച് 19 വരെയുള്ള അഞ്ച് മാസത്തെ വാടകയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. ഇതില്‍ ഡിസംബര്‍ 20 മുതല്‍ മാര്‍ച്ച് 19 വരെയുള്ള മൂന്ന് മാസത്തെ വാടക മുന്‍കൂറായാണ് നല്‍കുന്നത്. ബാക്കി രണ്ട് മാസത്തെ കുടിശികയും ഇതിനൊപ്പം തീര്‍ക്കും. ഹെലികോപ്റ്ററിന് പ്രതിമാസ വാടകയായി 80 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. പ്രതിമാസം 25 മണിക്കൂര്‍ പറക്കുമെന്നാണ് വ്യവസ്ഥ. 25 മണിക്കൂറിലധികം പറന്നാല്‍ ഓരോ മണിക്കൂറിനും 90,000 രൂപ വീതം അധികം നല്‍കണമെന്നാണ് ചിപ്‌സണ്‍ കമ്പനിയുമായുള്ള കരാറിലെ വ്യവസ്ഥ.
സംസ്ഥാനത്തെ ഒട്ടുമിക്ക മേഖലകളിലും സര്‍ക്കാര്‍ കുടിശിക വരുത്തിയിരിക്കുകയാണ്. ക്ഷേമപദ്ധതികള്‍ അടക്കം സാമ്പത്തിക പ്രതിസന്ധിയില്‍ തട്ടി നില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ആകാശയാത്രയ്ക്ക് യാതൊരു തടസ്സവുമില്ലാതെ പണം അനുവദിക്കുന്നത്. ‘കുടിശിക സര്‍ക്കാര്‍’
എന്ന് ആക്ഷേപം കേള്‍ക്കുമ്പോഴും മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് മാത്രം കുടിശികയില്ലെന്ന് മാത്രമല്ല, കോടികള്‍ മുന്‍കൂറായി നല്‍കുകയും ചെയ്യുന്നു എന്നതാണ് വിരോധാഭാസം.
2020-ല്‍ ഡിജിപി ലോകനാഥ് ബെഹ്റയുടെ ശുപാര്‍ശ പ്രകാരമാണ് ആദ്യമായി ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തത്. ഇതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് കരാര്‍ പുതുക്കിയിരുന്നില്ല. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 2023-ല്‍ വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചിപ്‌സണ്‍ ഏവിയേഷന് മുന്‍പ് പവന്‍ഹാന്‍സ് ലിമിറ്റഡിന് മാത്രം 22 കോടിയിലധികം രൂപ സര്‍ക്കാര്‍ വാടകയിനത്തില്‍ നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് പുറമേ സംസ്ഥാനത്തെ അവയവ കൈമാറ്റിനത്തിനടക്കം എയര്‍ ആംബുലന്‍സായും വാടകയ്ക്ക് എടുത്ത് ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here