വാടകക്ക് എടുത്ത ഹെലികോപ്റ്റർ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും ബാധ്യതയാകുന്നു; വിനയായത് കേന്ദ്രം ഫണ്ട്‌ വെട്ടി കുറച്ചത്

മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ കേരളത്തിന് നൽകിയിരുന്ന ഫണ്ടിൽ വലിയ കുറവ് വരുത്തിയതോടെ സംസ്ഥാന പോലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിൻ്റെ ഭാവി പ്രതിസന്ധിയിൽ. പ്രതിവർഷം ലഭിച്ചിരുന്ന 20 കോടി രൂപയിൽ നിന്ന് 75 ശതമാനം വെട്ടിക്കുറച്ച് അഞ്ച് കോടിയിൽ താഴെയാക്കിയതാണ് പ്രശ്നങ്ങൾക്ക് കാരണം. ഇതോടെ ഹെലികോപ്റ്ററിന് പ്രതിമാസം നൽകേണ്ട 80 ലക്ഷം രൂപയുടെ വാടക മുടങ്ങി. നിലവിൽ മൂന്ന് കോടിയിലധികം രൂപ വാടക കുടിശ്ശികയുണ്ടെന്നാണ് റിപ്പോർട്ടുകൾ.


സംസ്ഥാനം മാവോയിസ്റ്റ് മുക്തമായെന്ന് പോലീസ് പ്രഖ്യാപിച്ചതിനെ തുടർന്നാണ് കേന്ദ്രം ഫണ്ട് വെട്ടിക്കുറച്ചത്. ഫെബ്രുവരിയിൽ മാവോയിസ്റ്റ് നേതാവ് സന്തോഷ് അറസ്റ്റിലായതോടെ സംസ്ഥാനത്തെ മാവോയിസ്റ്റ് പ്രവർത്തനം പൂർണമായി തുടച്ചുനീക്കിയെന്നായിരുന്നു പോലീസിൻ്റെ അവകാശവാദം. ഇതിൻ്റെ അടിസ്ഥാനത്തിൽ വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളെ മാവോയിസ്റ്റ് ഭീഷണയില്ലാത്ത ജില്ലകളായി കേന്ദ്രം പ്രഖ്യാപിച്ചു.

എന്നാൽ, കേന്ദ്ര ഫണ്ട് നഷ്ടമായതോടെ മാവോയിസ്റ്റ് ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ, വയനാട് ജില്ലകളെ പട്ടികയിൽ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സമീപിച്ചു. ഇത് സർക്കാരിൻ്റെ ഇരട്ടത്താപ്പാണ് എന്ന ആക്ഷേപം ശക്തമാണ്.

ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തതിൻ്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാരിന് പോലും വ്യക്തതയില്ല എന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. മാവോയിസ്റ്റ് നിരീക്ഷണത്തിനെന്ന് പറഞ്ഞ് കൊണ്ടുവന്ന ഈ ഹെലികോപ്റ്റർ കാര്യമായ ദൗത്യങ്ങൾക്കൊന്നും ഇതുവരെ ഉപയോഗിച്ചിട്ടില്ല. മറിച്ച്, പ്രധാനമായും ഉന്നത ഉദ്യോഗസ്ഥരുടെയും വി.ഐ.പി.കളുടെയും യാത്രകൾക്കാണ് ഇത് ഉപയോഗിക്കുന്നത് എന്ന വിമർശനമുണ്ട്.

ഹെലികോപ്റ്ററിനായി മൂന്ന് വർഷത്തേക്ക് 28.8 കോടി രൂപയുടെ കരാറിലാണ് സർക്കാർ ഒപ്പുവെച്ചിരിക്കുന്നത്. അതിനാൽ, കേന്ദ്ര ഫണ്ട് ലഭിച്ചില്ലെങ്കിൽ പോലും, പ്രതിമാസ വാടകയായ 80 ലക്ഷം രൂപ സംസ്ഥാന ഖജനാവിൽ നിന്ന് നൽകേണ്ടി വരും. ഇന്ധനം, അറ്റകുറ്റപ്പണി, ജീവനക്കാരുടെ ശമ്പളം, പാർക്കിംഗ് ഫീസ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. ഫണ്ട് വെട്ടിക്കുറച്ചതോടെ തണ്ടർബോൾട്ട് പരിശീലനം, കമ്മ്യൂണിറ്റി പോലീസിംഗ് തുടങ്ങിയ മറ്റ് പ്രവർത്തനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ ഈ അമിതഭാരം സംസ്ഥാന ഖജനാവിൽ നിന്ന് എടുത്ത് ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ സർക്കാർ ഒരുങ്ങുകയാണെന്ന വിമർശനവും ഉയരുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top