SV Motors SV Motors

ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തില്‍ മുഖ്യമന്ത്രി; പ്രസംഗം തടസ്സപ്പെടുത്തി മുദ്രാവാക്യം വിളികള്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ഏറ്റവും മികച്ച സംഘാടകനായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെപിസിസി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോണ്‍ഗ്രസിലെ ചലിക്കുന്ന നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. രോഗാവസ്ഥയിലായപ്പോഴും ചെയ്യേണ്ട കാര്യങ്ങളില്‍ അദ്ദേഹം വിട്ടുവീഴ്ച വരുത്തിയില്ല. വിശ്രമം ഒരിക്കലും ഉമ്മൻ ചാണ്ടിയുടെ കൂടെപ്പിറപ്പായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാർഥി കാലം മുതൽക്ക് തന്നെ കോൺഗ്രസിന്റെ ഏറ്റവും നല്ല പ്രചാരകനും സംഘാടകനുമായിരുന്നു ഉമ്മൻചാണ്ടി. പാർലമെന്ററി പ്രവർത്തനത്തിലെ റെക്കോർഡ് ഉമ്മൻ ചാണ്ടിക്ക് സ്വന്തമാണ്. 53 വർഷം പുതുപ്പള്ളിയെ അദ്ദേഹം പ്രതിനിധീകരിച്ചു. വിവിധ വകുപ്പുകൾ ഉമ്മൻചാണ്ടി നല്ല രീതിയിൽ കൈകാര്യം ചെയ്തു. മികച്ച ഭരണാധികാരി എന്ന് തെളിയിച്ചു. നിയമസഭാ പ്രവർത്തനം ഒന്നിച്ചാണ് ആരംഭിച്ചതെങ്കിലും തന്റെ രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ ഇടവേളകളുണ്ടായിരുന്നു എന്നും എന്നാൽ ഉമ്മൻചാണ്ടി തുടർച്ചയായി ആ പ്രവർത്തനം ഭംഗിയായി നിറവേറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശോഭിക്കുന്ന ഭരണാധികാരിയാണ് താനെന്ന് അദ്ദേഹം കേരളത്തിന് മുന്നിൽ തെളിയിച്ചു. രണ്ടുതവണ മുഖ്യമന്ത്രിയായ ഘട്ടത്തിലും അദ്ദേഹത്തിന്റെ വിപുലമായ പരിജ്ഞാനം വലിയ തോതിൽ ശക്തി പകർന്നു. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ അദ്ദേഹം പ്രാധാന്യം നൽകി. ചലിക്കുന്ന നേതാവായി അദ്ദേഹം മാറി. കോൺഗ്രസിൽ അദ്ദേഹത്തിനുണ്ടായിരുന്ന സ്വീകാര്യത നേതൃശേഷിയുടെ പ്രത്യേകതയാണ്. പാർട്ടിയെ എല്ലാ രീതിയിലും ശക്തി പ്പെടുത്താൻ അങ്ങേയറ്റം പ്രാധാന്യം നൽകി. യുഡിഎഫിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി ഉമ്മൻചാണ്ടി മാറിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തെ തടസ്സപ്പെടുത്തി സദസില്‍ നിന്ന് മുദ്രാവാക്യം വിളികളുയർന്നു. മുഖ്യമന്ത്രി സംസാരിക്കാനായി എഴുന്നേറ്റതിനു തൊട്ടുപിന്നാലെ മുദ്രാവാക്യം വിളികള്‍ ആരംഭിച്ചു. മുഖ്യമന്ത്രി മൈക്കിനു മുന്നിൽ എത്തിയിട്ടും പ്രസംഗം ആരംഭിക്കാനാകാതെ മുദ്രാവാക്യം വിളി തുടർന്നു. ഇതോടെ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എം എം ഹസൻ എന്നിവർ അടക്കമുള്ള മുതിർന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടാണ് പ്രവർത്തകരെ ശാന്തരാക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top