മക്കളെ വാഴ്ത്തി മുഖ്യമന്ത്രി; ‘ദുഷ്പേരുണ്ടാക്കാൻ മക്കൾ പ്രവർത്തിച്ചിട്ടില്ല, എനിക്ക് അഭിമാനം’

മക്കൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കത്തക്ക രീതിയിൽ പ്രവർത്തിച്ചിട്ടില്ലെന്നും, അവരെക്കുറിച്ച് തനിക്ക് നല്ല അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

“എൻ്റെ മക്കൾ രണ്ടുപേരും അതേ നില സ്വീകരിച്ചു പോയിട്ടുണ്ട്. നിങ്ങൾ ഈ പറയുന്ന മകനില്ലേ, നിങ്ങൾ എത്രപേർ ആ മകനെ കണ്ടിട്ടുണ്ട് എന്നെനിക്കറിയില്ല. അവനെയും കേരളത്തിൻ്റെ മുഖ്യമന്ത്രിയുടെ മകനാണല്ലോ. അധികാരത്തിൻ്റെ ഇടനാഴികളിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിമാരുടെ മക്കളെ കണ്ടവരായിരിക്കുമല്ലോ നിങ്ങളെല്ലാവരും. എവിടെയെങ്കിലും കണ്ടോ നിങ്ങൾ അവനെ? ഏതെങ്കിലും സ്ഥലത്ത് കണ്ടോ? ക്ലിഫ് ഹൗസിൽ എത്ര മുറിയുണ്ട് എന്ന് പോലും അവൻ അറിയുമോ എന്ന് സംശയമാണ്. അതാണ് എൻ്റെ മകന്റെ പ്രത്യേകത.

ഏത് അച്ഛനും ഏത് മകനെക്കുറിച്ചും അഭിമാനബോധം ഉണ്ടാകും. പക്ഷേ എൻ്റെ അഭിമാനബോധം പ്രത്യേക തരത്തിലുള്ളതാണ്. ഒരു ദുഷ്പേരും എനിക്കുണ്ടാക്കത്തക്ക രീതിയിൽ എൻ്റെ മക്കൾ ആരും പ്രവർത്തിച്ചിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.

മകൾക്ക് നേരെ പലതും ഉയർത്തിക്കൊണ്ടുവരാൻ നോക്കിയപ്പോൾ താൻ അതിനെ ചിരിച്ചുതള്ളുകയായിരുന്നു. അത് യേശുന്നില്ല എന്ന് വന്നപ്പോൾ, മര്യാദയ്ക്ക് ഒരു ജോലി ചെയ്ത് അവിടെ കഴിയുന്ന, ഇവിടെ ആരാണെന്ന് പോലും പലർക്കും അറിയാത്ത ഒരാളെ, ‘പിണറായി വിജയന് ഇങ്ങനെ ഒരു മകനുണ്ട്’ എന്ന് ചിത്രീകരിച്ചുകൊണ്ട് അയാളെ വിവാദത്തിൽ ഉൾപ്പെടുത്താൻ വേണ്ടി നോക്കുകയാണ്. അതുകൊണ്ട് വിവാദമാകുമോ? അത് തന്നെ ബാധിക്കുമോ? ഈ പറഞ്ഞ ആളെ ബാധിക്കുമോ? എന്നും മുഖ്യമന്ത്രി ചോദിച്ചു.

“ഇവിടെ നമ്മൾ കാണേണ്ട കാര്യം ആ ചെറുപ്പക്കാരൻ മര്യാദക്കുള്ള ഒരു ജോലിയിലാണ് പ്രവർത്തിക്കുന്നത്. മനസ്സിലാക്കേണ്ട ഒരു കാര്യം അയാളുടെ പൊതുരീതികൾ, ജോലി, പിന്നെ വീട്, ഇത് മാത്രമാണ്. ഒരു പൊതുപ്രവർത്തന രംഗത്തും അയാൾ സാധാരണഗതിയിൽ ഇല്ല. തെറ്റായ ഒരു കാര്യത്തിനും ഇതേവരെ അയാൾ പോയിട്ടുമില്ല. നല്ല രീതിയിൽ ജീവിച്ചു പോവുകയാണ്. എൻ്റെ മക്കൾ ആരും എൻ്റെ രാഷ്ട്രീയ പ്രവർത്തനത്തിന് നിരക്കാത്ത, എൻ്റെ ശീലങ്ങൾക്ക് നിരക്കാത്ത ഒരു പ്രവർത്തനവും നടത്തിയിട്ടില്ല. അതാണ് കാണേണ്ട കാര്യമെന്നും,” മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം SFIO അന്വേഷണത്തിനെതിരെ കർണാടക ഹൈക്കോടതിയിൽ അപ്പീലുമായി നീങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ. അന്വേഷണം തടയണം എന്നാവശ്യപ്പെട്ടുള്ള ഹർജി 2024ഫെബ്രുവരി 16നു സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതു ചോദ്യം ചെയ്താണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. ഒരു സേവനവും നൽകാതെ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഡയറക്ടർ ആയിട്ടുള്ള എക്സാലോജിക് കമ്പനി സ്വകാര്യ കരിമണൽ സംസ്കരണ കമ്പനിയിൽ നിന്ന് പണം കൈപ്പറ്റിയതിനെ തുടർന്നാണ് കേന്ദ്ര കമ്പനികാര്യ മന്ത്രലയത്തിന്റെ കീഴിലുള്ള ഗുരുതര സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഏജൻസി കേസ് എടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top