പിണറായിക്ക് ബിജെപിയുടെ അപൂര്‍വ്വ സംരക്ഷണം; മകന് ഇഡി നോട്ടീസ് അയച്ചിട്ടും ഒരക്ഷരം മിണ്ടിയില്ല; തിരഞ്ഞെടുപ്പിലും ഉന്നയിച്ചില്ല

കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് ഇഡി നോട്ടീസ് അയച്ചത് 2023ലാണ്. എന്നാല്‍ ഇക്കാര്യം ഇന്ന് മലയാള മനോരമ പുറത്തുവിടുന്നതു വരെ അതീവ രഹസ്യമായിരുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ഇക്കാര്യം ഉറപ്പായും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഇതുവരേയും ബിജെപി നേതാക്കള്‍ ഈ വിഷയം ഉന്നയിക്കാത്തില്‍ ദുരൂഹത ഉറപ്പായും സംശയിക്കാം.
2023ന് ശേഷം പാര്‍ലമെന്റ് തിരഞ്ഞെടുപ്പും പാലക്കാട് ഉപതിരഞ്ഞെടുപ്പും അടക്കം നടന്നു. എന്നാല്‍ ഈ വിഷയം ബിജെപി മിണ്ടിയിട്ടേയില്ല. മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരായ ആരോപണങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചതിന് പിന്നാലെ ബിജെപിയും പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയിരുന്നു, എന്നാല്‍ മകനെതിരെ വന്ന ഇഡി നോട്ടീസ് രഹസ്യമായി തന്നെ ഇരുന്നു. കേന്ദ്ര ഏജന്‍സികളുടെ വേട്ടക്കെതിരെ നിരന്തരം ഗര്‍ജിക്കുന്ന സിപിഎം കേന്ദ്ര നേതൃത്വവും മുഖ്യമന്ത്രിയുടെ മകന് എതിരായ നോട്ടീസില്‍ മിണ്ടിയില്ല.
ALSO READ : പിണറായിയുടെ മകന് ഇഡി നോട്ടീസ്; തുടർനടപടികളില്ലാത്തത് ദുരൂഹം
ബിജെപി – സിപിഎം സഖ്യമെന്ന കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്ക് ശക്തിപകരുന്നതാണ് ഈ മൗനം. നയതന്ത്ര ചാനല്‍ സ്വര്‍ണ്ണക്കടത്ത്, വടക്കാഞ്ചേരി ലൈഫ് മിഷന്‍ തുടങ്ങി കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളാണ് മുഖ്യമന്ത്രിയുടെ മകനിലേക്കും എത്തിയത്. 2023 ഫെബ്രുവരി 14ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് ഇഡി വിവേകിനോട് ആവശ്യപ്പെട്ടിരുന്നത്. ഈ ദിവസങ്ങളില്‍ തന്നെയാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെയും ഇഡി ചോദ്യം ചെയ്തത്. മൂന്ന് ദിവസം നീണ്ട് ചോദ്യം ചെയ്യല്‍ ശിവശങ്കറിന്റെ അറസ്റ്റിലാണ് അവസാനിച്ചത്.
വിവേക് കിരണ്‍, സണ്‍ ഓഫ് പിണറായി വിജയന്‍, ക്ലിഫ് ഹൗസ്, തിരുവനന്തപുരം എന്ന വിലാസത്തിലാണ് സമന്‍സ് അയച്ചത്. അന്ന് ഈ വിഷയം ഉന്നയിച്ചിരുന്നു എങ്കില്‍ പിണറായി വിജയനും സിപിഎമ്മും ഏറെ പ്രതിരോധത്തില്‍ ആകുമായിരുന്നു. എന്നാല്‍ ബിജെപി അതിന് തയാറായില്ല. കൂടാതെ വിവേകിന് എതിരായ ഇഡി നടപടികള്‍ മുന്നോട്ടു പോയിട്ടുണ്ടോ എന്നതിലും സംശയമുണ്ട്. ശിവശങ്കരന്റെ അറസ്റ്റില്‍ എല്ലാം ഒതുക്കി എന്നാണ് വിമര്‍ശനം.
രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ മുഖ്യമന്ത്രിമാര്‍ക്കോ നേതാക്കള്‍ക്കോ ലഭിക്കാത്ത സംരക്ഷണയും പിന്തുണയുമാണ് പിണറായി വിജയനും കുടുംബത്തിനും ് കേന്ദ്രം ഭരിക്കുന്ന ബിജെപിയില്‍ നിന്ന് ലഭിക്കുന്നത്. ലാവ്‌ലിന്‍ കേസിലും പിണറായിക്ക് കേന്ദ്ര ഏജന്‍സില്‍ നിന്ന് വലിയ സഹായമാണ് ലഭിക്കുന്നത്. സിബിഐ ആവശ്യപ്പെട്ട് പ്രകാരം 40 തവണയാണ് കേസ് സുപ്രീം കോടതി പരിഗണിക്കാതെ മാറ്റിവച്ചത്. ഇതിന് എന്ത് പ്രത്യുപകാരമാണ് ലഭിക്കുന്നത് എന്നത് വെളിപ്പെടേണ്ട സംഭവമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here