ബിനോയ് അല്ല പിണറായി; വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് ശരിയെന്ന് മുഖ്യമന്ത്രി

ആഗോള അയ്യപ്പ സംഗമത്തിലെ ചടങ്ങിലേക്ക് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തന്റെ ഒപ്പം കാറില്‍ സഞ്ചരിച്ചതില്‍ ഒരു തെറ്റുമില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളാപ്പള്ളി തന്റെ ഒപ്പം സഞ്ചരിച്ചത് ശരിയായ നടപടിയാണ്. അത് ആദ്യം തന്നെ പറഞ്ഞതാണ്. ഇപ്പോഴും അതില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെള്ളാപ്പളിയെ താനാണെങ്കില്‍ കാറില്‍ കയറ്റില്ലായിരുന്നു എന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണത്തേയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ബിനോയ് വിശ്വമല്ല പിണറായി വിജയന്‍. തന്റെ നിലപാട് ഇതാണ്. അതു ശരിയായ നിലപാട് തന്നെയാണ് എന്നാണ് ഇപ്പോഴും കരുതുന്നത്. ബിനോയ് വിശ്വം കാറില്‍ കയറ്റില്ലായിരിക്കാം. അത് അദ്ദേഹത്തിന്റെ നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ വിഷയത്തില്‍ വെള്ളാപ്പള്ളിയെ പിന്തുണച്ചെങ്കിലും സിപിഐ ചതിയന്‍ ചന്തുവാണെന്ന പരാമര്‍ശം മഖ്യമന്ത്രി തള്ളി. സിപിഐ മുന്നണിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണ്. ഊഷ്മളമായ ബന്ധമാണ് സിപിഐയുമായി ഉള്ളത്. അവര്‍ ഒരു ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടിയാണ്. അവര്‍ എന്തെങ്കിലും ചതിയും വഞ്ചനയും കാണിക്കുന്നു എന്ന അഭിപ്രായം ഇല്ലെന്നും മഖ്യമന്ത്രി വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here