കോട്ടയം മെഡിക്കല്‍ കോളേജില്‍ പറന്ന് എത്തി മുഖ്യമന്ത്രി; അപകട സ്ഥലം സന്ദര്‍ശിക്കാതെ മടങ്ങി; പ്രതികരണവും ഇല്ല

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പങ്കെടുക്കുന്ന അവലോകന യോഗം കോട്ടയത്ത് നടക്കുന്നതിനിടെയാണ് മെഡിക്കല്‍ കോളേജില്‍ കെട്ടിടം ഇടിഞ്ഞു വീണത്. വിവരം അറിഞ്ഞതോടെ തന്നെ യോഗത്തില്‍ പങ്കെടുക്കുക ആയിരുന്നു ആരോഗ്യമന്ത്രി വീണ ജോര്‍ജും കോട്ടയത്തിന്റെ ചുമതലയുള്ള മന്ത്രി വിഎന്‍ വാസവനും മെഡിക്കല്‍ കോളേജിലേക്ക് എത്തി. വലിയ അപകടമല്ലെന്നും ആരും കുടുങ്ങി കിടക്കുന്നില്ലെന്ന് പറഞ്ഞ് മടങ്ങുകയും ചെയ്തു.
എന്നാല്‍ ഒരു സ്ത്രീ കുടങ്ങിയതായും രക്ഷാപ്രവര്‍ത്തനത്തില്‍ ഗുരുത വീഴ്ച പറ്റിയതായും കണ്ടതോടെ പ്രതിഷേധമായി. കെട്ടിത്തില്‍ കുടുങ്ങിയ ബിന്ദു എന്ന സ്ത്രീ മരിക്കുക കൂടി ചെയ്തതോടെ പ്രതിഷേധം ശക്തമായി. രണ്ട് മന്ത്രിമാരും വീണ്ടും മെഡിക്കല്‍ കോളേജില്‍ എത്തി. കാര്യങ്ങള്‍ വിശദീകരിച്ചു. വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞു. ഒപ്പം പിണറായി സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ വികസനങ്ങളും എണ്ണിപ്പറഞ്ഞു.
ഇതിനിടയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ മെഡിക്കല്‍ കോളേജില്‍ എത്തുമെന്ന അറിയിപ്പ് വന്നത്. ഒന്നാം നമ്പര്‍ കിയ കാര്‍ണിവല്‍ കാറില്‍ മുഖ്യമന്ത്രി പറന്ന് എത്തി. നേരെ പ്രിന്‍സിപ്പലിന്റെ ഓഫീസിലേക്ക്. മന്ത്രിമാരുമായി കുറച്ച് സമയം ചര്‍ച്ച. വേഗത്തില്‍ മടങ്ങുകയും ചെയ്തു. അപകട സ്ഥലം പോലും സന്ദര്‍ശിക്കാതെ ആയിരുന്നു മുഖ്യമന്ത്രിയുടെ മടക്കം. വിഷയത്തില്‍ പ്രതികരിക്കാനും തയാറായില്ല. പറയാന്‍ ഒന്നുമില്ല. എല്ലാം മന്ത്രിമാര്‍ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി മടങ്ങിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here