മകനായി പിണറായി സെറ്റിൽമെൻ്റ് നടത്തി; ഷാഫിയുടെ ചോരക്ക് പകരം ചോദിക്കും… കടുപ്പിച്ച് പ്രതിപക്ഷ നേതാവ്

ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചത്തിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സമൻസ് നൽകിയത് എന്തിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്നും, രണ്ടു വർഷത്തോളം ഈ വിവരം മറച്ചുവെച്ചതിൻ്റെ കാരണം ഇഡിയും സിപിഎമ്മും തുറന്ന് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“20 കോടി രൂപയുടെ പദ്ധതിയിൽ 9 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന അതീവ ഗുരുതരമായ ആരോപണമാണ് ലൈഫ് മിഷൻ കോഴക്കേസിൽ നിലനിൽക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ ഇത്രയും ഉയർന്ന ശതമാനം കൈക്കൂലി വാങ്ങിയ കേസ് വേറെയുണ്ടാകില്ല” എന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
സമൻസിന് ശേഷം കേസിൽ തുടർനടപടികൾ ഇല്ലാത്തതും, സിപിഎം ബിജെപി ബാന്ധവം ശക്തമായതും യാദൃച്ഛികമല്ലെന്ന് സതീശൻ ആരോപിച്ചു. എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടത്, തൃശ്ശൂർ പൂരം വിവാദം, ലോക്‌സഭ തിരഞ്ഞെടുപ്പിൽ സിപിഎം ബിജെപിയെ സഹായിച്ചെന്ന ആരോപണം എന്നിവയെല്ലാം ഈ സെറ്റിൽമെൻ്റിന് അടിവരയിടുന്നതായി അദ്ദേഹം പറഞ്ഞു.
ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് പ്രതികാരം ചോദിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. എംപിയെ മനപ്പൂർവം തിരഞ്ഞു പിടിച്ച് മർദ്ദിച്ച പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.”ഷാഫി പറമ്പിലിൻ്റെ ചോര നിലത്തു വീണിട്ടുണ്ടെങ്കിൽ അതിന് പ്രതികാരം ചോദിക്കുക തന്നെ ചെയ്യും” സതീശൻ വ്യക്തമാക്കി. സർക്കാരിനെതിരെ അഴിമതി, രാഷ്ട്രീയ ഒത്തുകളി, പോലീസ് രാജ് എന്നീ വിഷയങ്ങൾ ഒരുമിച്ച് ഉയർത്തിക്കാട്ടി രാഷ്ട്രീയ ആക്രമണം കടുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here