ട്രൂകോളറിന് ഇനി സ്ഥാനമില്ല; വിളിക്കുന്നയാളുടെ യഥാർഥ പേര് ഫോണിൽ തെളിയും; CNAP സേവനം ഉടൻ

മൊബൈലിൽ വിളിക്കുന്നയാളുടെ ശരിയായ പേര് പ്രദർശിപ്പിക്കുന്ന പുതിയ സംവിധാനമായ കോളിങ് നെയിം പ്രസന്റേഷൻ (സിഎൻഎപി) സേവനം രാജ്യത്ത് ഉടൻ നടപ്പിലാകും. 2026 മാർച്ച് മാസത്തോടെ രാജ്യത്തെ എല്ലാ ടെലികോം സർക്കിളുകളിലും ഈ സേവനം നിർബന്ധമായും നടപ്പിലാക്കാൻ ടെലികോം വകുപ്പ് നിർദ്ദേശം നൽകി.

നിലവിൽ ട്രൂകോളർ പോലുള്ള തേർഡ്-പാർട്ടി ആപ്പുകൾ നൽകുന്ന സേവനം ഇനി സർക്കാർ അംഗീകൃത സംവിധാനം വഴി ലഭ്യമാകുന്നതോടെ, സ്പാം കോളുകൾ, സാമ്പത്തിക തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയ്ക്ക് ഒരു പരിധി വരെ തടയിടാനാകുമെന്നാണ് പ്രതീക്ഷ. ഇൻകമിങ് കോളുകൾ വരുമ്പോൾ വിളിക്കുന്നയാളുടെ മൊബൈൽ നമ്പർ മാത്രം കാണിക്കുന്ന നിലവിലെ രീതിക്ക് പകരമായാണ് പുതിയ രീതി നടപ്പിലാക്കുന്നത്.

Also Read : തട്ടിപ്പുകാരോട് ഇനി AI സംസാരിക്കും; പുതിയ ഫീച്ചറുമായി ട്രൂകോളർ

മൊബൈൽ കണക്ഷൻ എടുക്കുമ്പോൾ ഉപയോക്താവ് നൽകിയ കെവൈസി രേഖകളിലെ, സർക്കാർ അംഗീകരിച്ച പേര് ആയിരിക്കും കോൾ സ്വീകരിക്കുന്നയാളുടെ മൊബൈലിൽ തെളിഞ്ഞ് വരിക. ഇതോടെ, തേർഡ് പാർട്ടി ആപ്പുകളെ ആശ്രയിക്കാതെ തന്നെ വിളിക്കുന്നയാൾ ആരാണെന്ന് തിരിച്ചറിയാൻ ഉപയോക്താക്കൾക്ക് സാധിക്കും. മാത്രമല്ല, തട്ടിപ്പുകാർക്ക് വ്യാജ പേരുകൾ ഉപയോഗിച്ച് കോളുകൾ ചെയ്യാനുള്ള സാധ്യത ഇല്ലാതാകുകയും ചെയ്യും.

വോഡഫോൺ ഐഡിയ (Vi), ഭാരതി എയർടെൽ, റിലയൻസ് ജിയോ പോലുള്ള പ്രമുഖ ടെലികോം കമ്പനികൾ പൈലറ്റ് പ്രോജക്റ്റുകൾ നടത്തുന്നുണ്ട്. ഒരു നെറ്റ്വർക്കിൽ നിന്നുള്ള കോൾ മറ്റൊരു നെറ്റ് വർക്കിലെ ഉപയോക്താവിന് കൃത്യമായി പേര് പ്രദർശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ടെസ്റ്റുകൾ പൂർത്തിയാക്കേണ്ടതും അത്യാവശ്യമാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ നൽകിയ ശുപാർശകളും ടെലികോം വകുപ്പിന്റെ നിർദ്ദേശങ്ങളും അനുസരിച്ച്, CNAP സേവനം എല്ലാ ഉപയോക്താക്കൾക്കും സ്വയമേവ ലഭ്യമാകും.

എങ്കിലും, തങ്ങളുടെ പേര് പ്രദർശിപ്പിക്കേണ്ടതില്ലെന്ന് ആഗ്രഹിക്കുന്നവർക്ക് സേവനദാതാവിനെ ബന്ധപ്പെട്ട് ഈ ഫീച്ചർ ഒഴിവാക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും. ആദ്യ ഘട്ടത്തിൽ 4G, 5G നെറ്റ് വർക്കുകളിലെ ഉപയോക്താക്കൾക്കായിരിക്കും സേവനം ലഭ്യമാകുക. 2G, 3G നെറ്റ് വർക്കുകളിൽ ഇത് നടപ്പിലാക്കുന്നതിനുള്ള സാധ്യതകൾ പിന്നീട് പരിശോധിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top