കൽക്കരി കള്ളക്കടത്ത് കേസിൽ ഇഡിയുടെ മിന്നൽ പരിശോധന; കണ്ടെത്തിയത് കണക്കിൽപ്പെടാത്ത പണവും സ്വർണവും

കൽക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിൽ പശ്ചിമ ബംഗാളിലും ഝാർഖണ്ഡിലുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡുകളിൽ സ്വർണവും പണവും പിടിച്ചെടുത്തു. ഇന്ന് 25 സ്ഥലങ്ങളിലായാണ് റെയ്ഡ് നടത്തിയത്. ഇതിൽ പശ്ചിമ ബംഗാളിലെ മൂന്ന് കേന്ദ്രങ്ങളിൽ നിന്നാണ് കണക്കിൽപ്പെടാത്ത പണം കണ്ടെടുത്തതെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ഏകദേശം ഒരു കോടി രൂപയോളം വരുമെന്നാണ് പ്രാഥമിക കണക്കെടുപ്പിൽ വ്യക്തമായത്. സ്വർണ്ണം കൂടുതലും ആഭരണങ്ങളുടെ രൂപത്തിലാണ്. ഇതിന്റെ മൂല്യം തിട്ടപ്പെടുത്തുന്ന നടപടികൾ തുടരുകയാണ്. പണത്തിന്റെ എണ്ണമെടുപ്പും സ്വർണത്തിന്റെ മൂല്യനിർണയവും പൂർത്തിയായാലുടൻ പിടിച്ചെടുത്ത ആകെ തുക പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
കോൾ ഇന്ത്യ ലിമിറ്റഡിന്റെ ഉപസ്ഥാപനമായ ഭാരത് കോക്കിങ് കോൾ ലിമിറ്റഡുമായി (BCCL) ബന്ധമുള്ള പ്രമുഖ കോൺട്രാക്ടറുടെ ഓഫീസിലും വീട്ടിലുമായിരുന്നു റെയ്ഡ്. കൽക്കരി വ്യാപാരവുമായി ബന്ധമുള്ള രണ്ട് ബിസിനസ്സുകാരുടെ വീടുകളിലും പരിശോധന നടത്തി. കൂടാതെ ഹൗറ ജില്ലയിലെ വ്യാപാരിയുടെ വീട്ടിലും പരിശോധന നടന്നു.
നൂറുകണക്കിന് കോടി രൂപയുടെ കൽക്കരി കള്ളക്കടത്ത് സംബന്ധിച്ച കേസാണിത്. ഇഡിയും സിബിഐയും ഈ കേസിൽ സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്. സിബിഐ, അന്വേഷണം ഉടൻ പൂർത്തിയാക്കുമെന്ന് കോടതിയെ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ഇഡിയുടെ ഈ റെയ്ഡുകൾ നടന്നത്.
കൽക്കരി മേഖലയിലെ സാമ്പത്തിക ക്രമക്കേടുകൾക്കെതിരെ നിയമനടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഏജൻസികളുടെ ഈ നടപടികൾ. കണക്കിൽപ്പെടാത്ത സ്വത്തുക്കൾ കണ്ടെത്താനും കള്ളക്കടത്ത് ശൃംഖലയുടെ വ്യാപ്തി പുറത്തുകൊണ്ടുവരാനുമാണ് അന്വേഷണ ഏജൻസികൾ ലക്ഷ്യമിടുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here