കൊക്കെയ്ൻ കേസ്; തമിഴ് നടൻ ശ്രീകാന്ത് പോലീസ് പിടിയിൽ

സിനിമാ നടൻ ശ്രീകാന്തിനെ മയക്കുമരുന്ന് കേസിൽ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. എഐഎഡിഎംകെ മുൻ അംഗം പ്രസാദ് എന്നയാളിൽ നിന്ന് കിട്ടിയ വിവരത്തെ തുടർന്നാണ് അറസ്റ്റ്. ശ്രീകാന്തിന് മയക്കുമരുന്ന് നൽകി എന്നായിരുന്നു പ്രസാദിൻ്റെ മൊഴി. തുടർന്നുള്ള അന്വേഷണത്തിന് ഒടുവിലാണ് അറസ്റ്റ്.
നുങ്കമ്പാക്കത്തെ ഒരു ബാറിൽ നടന്ന വഴക്കിനിടയിലാണ് പ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്നുള്ള പരിശോധനയിൽ അയാൾ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. ചോദ്യം ചെയ്യലിൽ ഇയാൾക്ക് ലഹരിയിടപാട് ഉണ്ടെന്നും നടൻ ശ്രീകാന്തിന് 12,000 രൂപയ്ക്ക് ഒരു ഗ്രാം കൊക്കെയ്ൻ നൽകിയതായും കണ്ടെത്തി.
തുടർന്ന് പോലീസ് ശ്രീകാന്തിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. നുങ്കമ്പാക്കം കേസ് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം ശ്രീകാന്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ലഹരി പരിശോധനയ്ക്കായി രക്തം എടുത്തു. ശ്രീകാന്തുമായി ബന്ധപ്പെട്ട ആരിൽ നിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
ചോദ്യം ചെയ്യൽ തുടരുകയാണ്. 40 തവണയായി നാലുലക്ഷത്തിലേറെ രൂപയുടെ കൊക്കെയിൻ ശ്രീകാന്ത് വാങ്ങിയെന്നാണ് സൂചന. ചെന്നൈയിലെ പല പബ്ബുകളിലും പാർട്ടികളിലും പങ്കെടുത്തപ്പോഴെല്ലാം ശ്രീകാന്ത് ലഹരി ഉപയോഗിച്ചിരുന്നു. കൂടുതൽ താരങ്ങളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here