കഫ് സിറപ്പിൽ വീണ്ടും കുരുന്നു മരണങ്ങൾ; മധ്യപ്രദേശിൽ രണ്ട് കുട്ടികള്‍ കൂടി മരിച്ചു; മരുന്ന് നിര്‍മ്മാതാവ് അറസ്റ്റിൽ

കോള്‍ഡ്രിഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ അറസ്റ്റ്. മരുന്ന് നിര്‍മ്മാതാക്കളായ ശ്രേസന്‍ ഫാര്‍മ ഉടമ രംഗനാഥനാണ് അറസ്റ്റിലയാത്. ചെന്നൈയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലേയും മധ്യപ്രദേശില്‍ മരുന്ന് കഴിച്ച രണ്ട് കുട്ടികള്‍ മരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് 21 കുട്ടികളാണ് ദുരന്തത്തിന് ഇരയായിരിക്കുന്നത്.

ALSO READ : കുരുന്നുകൾക്ക് വിഷം നൽകിയ കമ്പനി!! 16 ജീവനെടുത്ത കഫ് സിറപ്പ് ഉണ്ടാക്കിയത് ഒരുവൃത്തിയുമില്ലാതെ

കഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികളുടെ വൃക്കകള്‍ക്കാണ് കാര്യമായ തകരാറുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിന് കാരണം സിറപ്പിലെ 48.6% ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ ആണെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. വ്യവസായിക മേഖലയില്‍ ഉപയോഗിക്കുന്ന ഒരു വിഷ രാസവസ്തുവാണ് ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍. മാരകമായ ഈ രാസവസ്തു എങ്ങനെ മരുന്നില്‍ എത്തി എന്നാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്.

തമിഴ്‌നാട് കാഞ്ചീപുരത്തെ ശ്രേസന്‍ ഫാര്‍മ യൂണിറ്റുകളിലാണ് മരുന്ന് നിര്‍മ്മിക്കുന്നത്. കുട്ടികള്‍ മരിച്ചതിനു പിന്നാലെ കമ്പനി ഉടമയായ രംഗനാഥനും കുടുംബവും ഒളിവില്‍ പോയിരുന്നു. മരണ സംഖ്യ വര്‍ദ്ധിച്ചതോടെ മധ്യപ്രദേശ് സര്‍ക്കാര്‍ എസ്‌ഐടി രൂപീകരിച്ച് ഇവര്‍ക്കായുള്ള അന്വേഷണം വ്യാപകമാക്കിയിരുന്നു. തുടര്‍ന്നാണ് രംഗനാഥന്റെ അറസ്റ്റുണ്ടായത്.

ALSO READ : കഫ് സിറപ്പിൽ ഇടപെട്ട് WHO; കയറ്റുമതി സംബന്ധിച്ച് ഇന്ത്യയോട് വിശദീകരണം തേടി

കോള്‍ഡ്രിഫ് സിറപ്പ് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോയെന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം ഇന്ത്യയോട് വിശദീകരണം ചോദിച്ചിരുന്നു. ഔദ്യോഗികമായ വിശദീകരണം ലഭിച്ച ശേഷം കോള്‍ഡ്രിഫ് ഉള്‍പ്പെടെയുള്ള കഫ് സിറപ്പുകള്‍ സംബന്ധിച്ച് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് ലോകാരോഗ്യ സംഘടനയുടെ നീക്കം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top