കുരുന്നുകൾക്ക് വിഷം നൽകിയ കമ്പനി!! 16 ജീവനെടുത്ത കഫ് സിറപ്പ് ഉണ്ടാക്കിയത് ഒരുവൃത്തിയുമില്ലാതെ

രാജ്യത്തെ ഏറ്റവും വലിയ ഫാർമസ്യൂട്ടിക്കൽ ദുരന്തങ്ങളിൽ ഒന്നാണ് കഴിഞ്ഞയാഴ്ചകളിൽ മധ്യപ്രദേശിലും രാജസ്ഥാനിലുമായി ഉണ്ടായത്. 16 കുട്ടികൾക്കാണ് ചുമയ്ക്കുള്ള മരുന്ന് കഴിച്ച് ജീവൻ നഷ്ടമായത്. ചെറിയൊരു ചുമയായിരുന്നിരിക്കാം ആ കുരുന്നുകൾക്ക് ഉണ്ടായിരുന്നത്. മരുന്ന് കഴിച്ചാൽ അസുഖമെല്ലാം മാറി കൂട്ടുകാർക്കൊപ്പം കളിയ്ക്കാൻ പോകാം, സ്കൂളിൽ പോകാം എന്നെല്ലാമായിരിക്കും അച്ഛനമ്മമാർ അവരോടു പറഞ്ഞിട്ടുണ്ടാവുക. എന്നാൽ ഇങ്ങനെ സ്വന്തം മക്കളെ കുടിപ്പിച്ചത് ഇത്ര വലിയ വിഷമാകുമെന്ന് ആ രക്ഷിതാക്കൾ ചിന്തിച്ചില്ല.
ഇതിനെല്ലാം കാരണമായ കാഞ്ചീപുരം ആസ്ഥാനമായുള്ള ശ്രേസൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ്. ഈ കമ്പനിയുടെ അനാസ്ഥ രാജ്യത്തുടനീളം വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരത്തെ സംബന്ധിച്ച കടുത്ത ആശങ്കക്കാണ് വഴിവച്ചത്. തമിഴ്‌നാട് ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തിയ പരിശോധനയിൽ 350ലധികം പിഴവുകളാണ് ഈ മരുന്നിൽ കണ്ടെത്തിയത്. അടിസ്ഥാന സൗകര്യങ്ങളില്ല, യോഗ്യതയുള്ള ജീവനക്കാരോ, ഉൽപ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശരിയായ നടപടിക്രമങ്ങളോ ഈ സ്ഥാപനത്തിന് ഇല്ലന്നാണ് റിപ്പോർട്ട്.
മരുന്ന് വിഷമാകാനുള്ള പ്രധാന കാരണം നിർമാണത്തിലെ അശ്രദ്ധ തന്നെയാണ്. വൃത്തിഹീനമായ അവസ്ഥ, വായുസഞ്ചാരമില്ലാത്ത ചുറ്റുപാടുകൾ, തുരുമ്പിച്ച ഉപകരണങ്ങൾ, എയർ ഹാൻഡ്‌ലിംഗ് യൂണിറ്റുകളുടെ അഭാവം എന്നിങ്ങനെ പലതും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ശുദ്ധീകരിച്ച ജലം പോലും ഇവിടെ ലഭ്യമായിരുന്നില്ല എന്നതാണ് സത്യാവസ്ഥ. രാസമാലിന്യങ്ങൾ പുറന്തള്ളുന്നത് പൊതു അഴുക്കുചാലുകളിലേക്ക് ആയിരുന്നു. പൊടിയും മലിനീകരണവും നിറഞ്ഞ സ്ഥലങ്ങളിലാണ് ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്നതും.
മരുന്നുകളിൽ കൂടിയ അളവിൽ ഉപയോഗിച്ചതായി കണ്ടെത്തിയ ഡൈഎത്തിലീൻ ഗ്ലൈക്കോൾ എന്ന രാസവസ്തുവാകട്ടെ (DEG) 50 കിലോഗ്രാം അനധികൃത സംഭരിച്ചതും ഇവിടെ കണ്ടെത്തിയിരുന്നു. മരുന്നിന്റെ ഗുണമേന്മ ഉറപ്പുവരുത്താൻ ക്വാളിറ്റി കൺട്രോൾ സംവിധാനവും ഈ സ്ഥാപനത്തിന് ഉണ്ടായിരുന്നില്ല. ഇതെല്ലാം വ്യക്തമായതോടെ രാജ്യത്താകമാനം ഈ മരുന്നിൻ്റെ വിൽപന നിരോധിച്ചത്. ചെറിയ കുഞ്ഞുങ്ങൾക്ക് ചുമ മരുന്നുകൾ നൽകാനേ പാടില്ലെന്ന് കേന്ദ്ര സർക്കാരും നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
മരണങ്ങളെ തുടർന്ന് രാജ്യവ്യാപകമായി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മരുന്നിൻ്റെ വിൽപന നിരോധിച്ചതിന് പുറമെ വിപണിയിൽ സ്റ്റോക്കുണ്ടായിരുന്ന മുഴുവൻ മരുന്നു നീക്കം ചെയ്യാൻ ഉത്തരവിടും ചെയ്തു. മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്‌നാട്, കേരളം എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ കോൾഡ്രിഫ് സിറപ്പിന്റെ വിൽപ്പനയും ഉപയോഗവും നിർത്തിവച്ചു. ശ്രേസൻ ഫാർമസ്യൂട്ടിക്കൽസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. അഞ്ച് ദിവസത്തിനുള്ളിൽ വിശദീകരണം ബോധിപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here