ഡോക്ടർ ‘കോൾഡ്രിഫ്’ നിർദേശിച്ചത് വൻ കമ്മീഷൻ വാങ്ങി; അന്വേഷണം മെഡിക്കൽ മാഫിയയിലേക്ക്

മധ്യപ്രദേശിലും രാജസ്ഥാനിലും നിരവധി കുട്ടികളുടെ മരണത്തിന് ഇടയാക്കിയ കോൾഡ്രിഫ് സിറപ്പ് ഡോക്ടർ നിർദേശിച്ചത് കമ്മീഷന് വേണ്ടിയെന്ന് കണ്ടെത്തൽ. അറസ്റ്റിലായ ഡോ പ്രവീൺ സോണി കുട്ടികൾക്ക് ഇപ്പോൾ നിരോധിച്ചിരിക്കുന്ന മായം ചേർത്ത മരുന്ന് നിർദ്ദേശിക്കാൻ കമ്പനിയിൽ നിന്ന് 10% കമ്മീഷൻ സ്വീകരിച്ചതായി പൊലീസ് കോടതിയെ അറിയിച്ചു.
മാരകമായ ഡൈഎത്തിലീൻ ഗ്ലൈക്കോൾ (DEG) അടങ്ങിയ മലിനമായ സിറപ്പ് നിർമ്മിച്ചത് തമിഴ്‌നാട് ആസ്ഥാനമായുള്ള ഫാർമ കമ്പനിയായ ശ്രേസൻ ഫാർമസ്യൂട്ടിക്കൽസ് ആണ്. അവിടെ നിന്നാണ് സോണിക്ക് കമ്മീഷൻ ലഭിച്ചത്. കഴിഞ്ഞ ദിവസം തമിഴ്നാട് സർക്കാർ കമ്പനിയുടെ ലൈസൻസ് റദ്ദാക്കുകയും ഫാക്ടറി ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്തു. കൂടാതെ, കമ്പനിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) റെയ്ഡ് നടത്തി.
പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം, 2023 ഡിസംബർ 18ന്, കേന്ദ്ര സർക്കാരിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (DGHS) എല്ലാ സംസ്ഥാനങ്ങളോടും 4 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷൻ (FDC) മരുന്നുകൾ നൽകരുതെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് ലംഘിച്ചാണ് സോണി മരുന്ന് നൽകിയത്. ഇതിനാണ് ഇയാൾക്ക് 10% കമ്മീഷൻ ലഭിച്ചത്. അപകടകരവും മായം കലർന്നതുമായ മരുന്ന് കുട്ടികൾക്ക് നൽകിയതിന് ഒക്ടോബർ 8 ന് കോടതി സോണിയുടെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു.
അതേസമയം, സോണിയുടെ കുടുംബാംഗങ്ങൾക്ക് ഈ ബിസിനസിൽ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ ക്ലിനിക്കിനടുത്തുള്ള മെഡിക്കൽ സ്റ്റോർ ബന്ധുക്കളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ സിറപ്പ് സ്റ്റോക്ക് ചെയ്യുന്നയാൾ ഇയാളുടെ കുടുംബാംഗമാണെന്നും റിപ്പോർട്ടുണ്ട്. ഇവരെ തമിഴ്‍നാട്ടിൽ എത്തിച്ചു ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here