കോൾഗേറ്റിന്റെ ചിരി മായുന്നു; ഇന്ത്യക്കാർ പല്ലു തേക്കുന്നില്ലേ… പതഞ്ജലി ‘പല്ല് കാട്ടി’ ചിരിക്കുന്നു!

ഇന്ത്യൻ വിപണിയിൽ ദശാബ്ദങ്ങളായി ആധിപത്യം പുലർത്തിയിരുന്ന പ്രമുഖ ടൂത്ത് പേസ്റ്റ് ബ്രാൻഡായ കോൾഗേറ്റ് പാമോലിവ് ഇന്ത്യ, കടുത്ത വെല്ലുവിളികൾ നേരിടുന്നതായി റിപ്പോർട്ട്. കമ്പനിയുടെ ഏറ്റവും പുതിയ സാമ്പത്തിക പാദങ്ങളിലെ കണക്കുകൾ സൂചിപ്പിക്കുന്നത് വിൽപ്പനയിൽ തുടർച്ചയായ ഇടിവാണ്. 2025 സെപ്റ്റംബർ 30-ന് അവസാനിച്ച പാദത്തിൽ വിൽപ്പനയിൽ മുൻവർഷത്തെ അപേക്ഷിച്ച് 6.3 ശതമാനത്തിന്റെ കുറവുണ്ടായി. ഇതിന് തൊട്ടുമുമ്പത്തെ പാദത്തിലും വിൽപ്പന 4.4 ശതമാനം കുറഞ്ഞിരുന്നു.

ഈ തിരിച്ചടിക്ക് കാരണങ്ങൾ പലതാണ്. അതിൽ പ്രധാനം വിപണിയിലെ കടുത്ത മത്സരമാണ്. പതഞ്ജലി, ഡാബർ തുടങ്ങിയ ആയുർവേദ, ഹെർബൽ ഉൽപ്പന്നങ്ങൾ ഇന്ത്യക്കാർക്കിടയിൽ സ്വീകാര്യത നേടിയത് കോൾഗേറ്റിന്റെ വിപണി വിഹിതത്തെ കാര്യമായി ബാധിച്ചു. കണക്കുകൾ പ്രകാരം, രണ്ട് വർഷം മുൻപ് 46 ശതമാനത്തിലധികം വിപണി വിഹിതമുണ്ടായിരുന്ന കോൾഗേറ്റിന്, 2025 സെപ്റ്റംബറോടെ അത് 42.6 ശതമാനമായി കുറഞ്ഞു. ഇതേസമയം, എതിരാളികളായ ഡാബറിന്റെ വിഹിതം 13.9 ശതമാനമായും പതഞ്ജലിയുടേത് 10.9 ശതമാനമായും ഉയർന്നു.

നഗരപ്രദേശങ്ങളിൽ ഡിമാൻഡിലുണ്ടായ മാന്ദ്യമാണ് കോൾഗേറ്റ് നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. കമ്പനിയുടെ സിഇഒ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയിൽ പിടിച്ചുനിൽക്കാൻ ശ്രമിക്കുമ്പോഴും, നഗരങ്ങളിലെ ഉപഭോക്താക്കൾ ടൂത്ത്‌പേസ്റ്റിന്റെ ഉപയോഗം കുറച്ചതും, ഒരു പേസ്റ്റ് വാങ്ങിയാൽ കൂടുതൽ കാലം ഉപയോഗിക്കാൻ ശീലിച്ചതും വിൽപ്പനയെ ബാധിച്ചതായി കമ്പനി വിലയിരുത്തുന്നു. അടുത്തിടെ ഓറൽ കെയർ ഉൽപ്പന്നങ്ങളുടെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചത് വിതരണ ശൃംഖലയിൽ താൽക്കാലികമായ ചില തടസ്സങ്ങൾ ഉണ്ടാക്കിയതായും, ഇത് സെപ്റ്റംബർ പാദത്തിലെ കണക്കുകളെ ബാധിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഈ വെല്ലുവിളികളെ മറികടക്കാൻ കമ്പനി പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ്. ആയുർവേദ വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് ഒരു പരിധി വരെ തിരിച്ചടിയായെന്ന് മനസ്സിലാക്കി, തങ്ങളുടെ പ്രധാന ശക്തിയായ ശാസ്ത്രീയമായി വികസിപ്പിച്ച ഉൽപ്പന്നങ്ങളിലേക്ക് കമ്പനി തിരികെ വരികയാണ്. ഇതിന്റെ ഭാഗമായി ‘കോൾഗേറ്റ് സ്‌ട്രോങ്ങ് ടീത്ത്’ പോലുള്ള പ്രധാന ബ്രാൻഡുകൾ പുതിയ ക്യാമ്പയിനുകളോടെ വീണ്ടും വിപണിയിൽ ഇറക്കുന്നു. അതോടൊപ്പം, ‘കോൾഗേറ്റ് വിസിബിൾ വൈറ്റ് പർപ്പിൾ’ പോലുള്ള വില കൂടിയ പ്രീമിയം ഉൽപ്പന്നങ്ങളുടെ വിഭാഗം ശക്തിപ്പെടുത്താനും കുട്ടികൾക്കായുള്ള പുതിയതരം ടൂത്ത്‌പേസ്റ്റുകൾ അവതരിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. വരുന്ന പാദങ്ങളിൽ വിപണിയിൽ ക്രമേണ ഒരു തിരിച്ചു വരവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി മാനേജ്‌മെൻ്റ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top