2016ല്‍ ന്യൂനപക്ഷ പ്രീണനമെങ്കില്‍ 2026ല്‍ സംഘപരിവാര്‍ ബാന്ധവം… വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും അജണ്ടകൾ വര്‍ഗീയം തന്നെയാകും

2016ല്‍ ന്യൂനപക്ഷ പ്രീണനമെങ്കില്‍ 2026ല്‍ സംഘപരിവാര്‍ ബാന്ധവമായിരിക്കും തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമാകുക. 2026ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ അജന്‍ഡകള്‍ ഏറെക്കുറെ തീരുമാനിച്ച് ഉറപ്പിച്ച മട്ടിലാണ് രാഷ്ട്രീയകക്ഷികള്‍. 2011 മുതല്‍ 2016 വരെ അധികാരത്തിലിരുന്ന ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ ന്യൂനപക്ഷ പ്രീണനത്തിന്റെ പേരിലാണ് പ്രതിക്കൂട്ടിലായതെങ്കില്‍ അതിന് സമാനമായി വരുന്ന തിരഞ്ഞെടുപ്പിൽ പിണറായി സര്‍ക്കാരിനെ സംഘപരിവാര്‍ കൂട്ടില്‍കെട്ടിയുള്ള പ്രചാരണത്തിനാണ് യു.ഡി.എഫ് തന്ത്രം മെനയുന്നത്. ജമാ അത്തെ ഇസ്ലാമി കൂടി ഒപ്പം വന്നതോടെ ആ പ്രചാരണം അവര്‍ തന്നെ മുന്നോട്ടു കൊണ്ടുപോകുമെന്നും ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
Also Read: ‘യുഡിഎഫിന് ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നു’; വെളിപ്പെടുത്തലുമായി കെ മുരളീധരൻ
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ജമാ അത്തെ ഇസ്ലാമിയുടെ ഔദ്യോഗിക ജിഹ്വകള്‍ ഈ പ്രചാരണത്തിന് കൊഴുപ്പുകൂട്ടിയിട്ടുണ്ട്. നേരത്തെ മുതല്‍ തന്നെ അവര്‍ അത്തരമൊരു പ്രചാരണമാണ് ഇടതുപക്ഷത്തിനെതിരെ, പ്രത്യേകിച്ച് സി.പി.എമ്മിനെതിരെ നടത്തികൊണ്ടിരുന്നത്. സി.പി.എം നേതാക്കളെ സംഘപരിവാറുമായി ബന്ധപ്പെടുത്തി പുതിയ വിശേഷണങ്ങള്‍ വരെ അവര്‍ നിര്‍മ്മിക്കുകയും ചെയ്തിരുന്നു. ആ പ്രചാരണത്തിന് ഇനി കൂടുതല്‍ സംഘടിതരൂപം വരുമെന്നതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ നല്‍കുന്ന സൂചന.
വി.ഡി. സതീശന്‍ പ്രതിപക്ഷനേതാവായി ചുമതലയേറ്റതു മുതല്‍ തന്നെ ഇത്തരം പ്രചാരണങ്ങൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ കാവിക്കൊടി ഏന്തിയ ഭാരതാംബയുടെ ചിത്രത്തില്‍ മാലയിട്ട് പരിപാടി സംഘടിപ്പിക്കാനുള്ള സംഘപരിവാര്‍ നീക്കത്തെ എസ്.എഫ്.ഐ എതിർത്തതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളിലും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് സതീശന്‍ ശ്രമിച്ചത്. സെനറ്റ് ഹാളിന്റെ പൂര്‍ണ്ണ ഉത്തരവാദത്തം വിസിക്ക് ആണെന്നിരിക്കെ, സര്‍ക്കാരിന്റെ ശ്രദ്ധയില്ലായ്മയാണ് അതിന് വഴിവച്ചത് എന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഇതിനെതിരെ സിപിഎമ്മിൽ നിന്നോ, സര്‍ക്കാരില്‍ നിന്നോ പോലും ഒരു പ്രതിരോധവും ഉണ്ടായിട്ടുമില്ല.
കോണ്‍ഗ്രസ് മുന്‍പും സംഘപരിവാര്‍ ബന്ധം ഉന്നയിച്ച് സി.പി.എമ്മിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചിരുന്നു എങ്കിലും പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ അതിനെതിരെ ശക്തമായി തിരിച്ചടിക്കുകയും, ആ ആരോപണങ്ങളുടെ കുന്തമുന യു.ഡി.എഫിലേക്ക് തന്നെ തിരിച്ചുവച്ച് അവരെ പ്രതിസന്ധിയില്‍ ആക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിണറായി മുഖ്യമന്ത്രിയായ ശേഷം അത്തരം പ്രതിരോധങ്ങള്‍ തീര്‍ക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്ന് ആരോപണം ശക്തമായുണ്ട്. യു.ഡി.എഫിന്റെയും മറ്റും ഇത്തരം പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിന് പകരം അവര്‍ക്ക് ഇന്ധനം നല്‍കുന്ന തരത്തില്‍ ആര്‍.എസ്.എസുമായി സിപിഎമ്മിന് ബന്ധമുണ്ടായിരുന്നുവെന്ന് വിളിച്ചുപറയുകയാണ് പാര്‍ട്ടി സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ചെയ്തത്. ഇത് നേതൃയോഗങ്ങളില്‍ വലിയ വിമര്‍ശനമായി ഉയര്‍ന്നിട്ടുമുണ്ട്.
ചുരുക്കത്തില്‍ 2016ലെ തെരഞ്ഞെടുപ്പിന് മുന്‍പ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കടന്നുപോയ അതേ പ്രതിസന്ധിയിലൂടെയാണ് പിണറായി സര്‍ക്കാരും കടന്നുപോകുന്നത്. അന്ന് ആ സര്‍ക്കാരിനെതിരെ ഉയര്‍ന്നത് ന്യൂനപക്ഷ പ്രീണനമായിരുന്നു. ഇന്നത്തെ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെ ഉള്ളവര്‍ അത് ഉന്നയിച്ചിട്ടുമുണ്ട്. ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയതും പിന്നെ കുഞ്ഞൂഞ്ഞ് (ഉമ്മന്‍ചാണ്ടി) കുഞ്ഞുമാണി, കുഞ്ഞാലിക്കുട്ടി എന്നിങ്ങനെ ബന്ധപ്പെടുത്തിയുള്ള പ്രചാരണവും പലകോണുകളില്‍ നിന്നും ശക്തമായി ഉയര്‍ന്നിരുന്നു. അത് അന്നത്തെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടിക്ക് കാരണമായിട്ടുണ്ട്. കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന നായര്‍ സമുദായത്തിലെ ഒരുവിഭാഗം ഉള്‍പ്പെടെ ബി.ജെ.പി പാളയത്തില്‍ എത്തിയതില്‍ ആ പ്രചാരണത്തിന് വലിയ പങ്കുണ്ടെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.
Also Read: ജമാ അത്തെ ഇസ്ലാമിയുടെ തനിനിറം!! മുൻ കേരള അമീറിൻ്റെ പ്രസംഗം പുറത്ത്; വിഡി സതീശൻ കേൾക്കണം
സമാനമായ ഒരു സാഹചര്യമാണ് ഇപ്പോൾ ഉരുത്തിരിഞ്ഞ് വരുന്നത് എന്നാണ് സൂചനകൾ. ന്യൂനപക്ഷ പ്രീണനം എന്നതിന് പകരം സംഘപരിവാര്‍ ബാന്ധവം എന്നതാണ് ആരോപണം. ഇതിനെ സി.പി.എമ്മും ഇടതുമുന്നണിയും എങ്ങനെ പ്രതിരോധിക്കും എന്നതിലായിരിക്കും മൂന്നാം ടേം എന്ന സ്വപ്‌നസാക്ഷാത്കാരം. അന്ന് യു.ഡി.എഫ് കടന്നുപോയ സാഹചര്യത്തില്‍ നിന്നും ഇടതുമുന്നണിക്ക് ഇപ്പോഴുള്ള ഏക ഗുണം എന്നത് സംഘപരിവാർ, സി.പി.എമ്മിനെയും പിണറായി വിജയനേയും, യു.ഡി.എഫ് എതിര്‍ക്കുന്നതു പോലെയോ അതിലുപരിയോ ശക്തമായി എതിര്‍ക്കുന്നു എന്നുള്ളത് മാത്രമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here