അധിക്ഷേപം അതിരുവിട്ടു; വെള്ളാപ്പള്ളിക്കെതിരെ പരാതി; തീവ്രവാദി വിളിയിൽനടപടി വേണമെന്ന് ആവശ്യം

മാധ്യമപ്രവർത്തകനെ തീവ്രവാദി എന്ന് വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്ന പരാതിയിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പോലീസ് നടപടി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി. മാധ്യമപ്രവർത്തകനെതിരെ വെള്ളാപ്പള്ളി നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ് സുനന്ദാണ് പരാതി നൽകിയത്.

മാധ്യമപ്രവർത്തകനെ പേരെടുത്ത് പറഞ്ഞ് അധിക്ഷേപിക്കുകയും അദ്ദേഹം തീവ്രവാദി ഗ്രൂപ്പുകളുമായി ബന്ധമുള്ളയാളാണെന്ന് ആരോപിക്കുകയുമായിരുന്നു. യാതൊരു തെളിവുമില്ലാതെ മാധ്യമപ്രവർത്തകന്റെ വ്യക്തിത്വത്തെയും വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്ന രീതിയിലാണ് വെള്ളാപ്പള്ളി സംസാരിച്ചതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Also Read : റിപ്പോര്‍ട്ടര്‍ ടിവിയിലെ മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദിയെന്ന് വെള്ളാപ്പള്ളി നടേശന്‍; മൈക്കും എടുത്തോണ്ട് പോയിക്കോണം എന്ന് ആക്രോശവും

മാധ്യമപ്രവർത്തകന്റെ മതവിശ്വാസത്തെയും ജോലിയെയും കൂട്ടിക്കെട്ടി വർഗീയമായ വേർതിരിവ് ഉണ്ടാക്കാൻ വെള്ളാപ്പള്ളി ശ്രമിച്ചു. മാധ്യമപ്രവർത്തകനെ തീവ്രവാദി എന്ന് വിശേഷിപ്പിച്ചത് സമൂഹത്തിൽ അദ്ദേഹത്തിന് ഭീഷണിയുണ്ടാക്കുന്നതും തൊഴിൽ ചെയ്യാനുള്ള സ്വാതന്ത്ര്യത്തെ തടയുന്നതുമാണെന്ന് പരാതിക്കാർ ആരോപിക്കുന്നു. മതസൗഹാർദ്ദം തകർക്കുന്ന രീതിയിലുള്ള പ്രസംഗങ്ങളും പ്രതികരണങ്ങളും വെള്ളാപ്പള്ളിയുടെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടാകുന്നുവെന്നും ഇതിനെതിരെ നിയമനടപടി വേണമെന്നും ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പറയുന്നു.

വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തിനെതിരെ മാധ്യമ പ്രവർത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമപ്രവർത്തകരെ വർഗീയമായി മുദ്രകുത്തുന്നത് ജനാധിപത്യത്തിന് ആപത്താണെന്ന് മാധ്യമ സംഘടനകൾ ചൂണ്ടിക്കാട്ടി. നേരത്തെയും ചില പ്രത്യേക സമുദായങ്ങൾക്കും വ്യക്തികൾക്കുമെതിരെ വെള്ളാപ്പള്ളി നടത്തിയ പ്രസംഗങ്ങൾ വിവാദമായിരുന്നു. പുതിയ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കുമോ എന്ന കാര്യത്തിൽ ഡി.ജി.പിയുടെ തീരുമാനം നിർണ്ണായകമാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top